
ഈ പതിറ്റാണ്ടിലെ തന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് തമിഴ് ചിത്രമായ മെയ്യഴകന്‍ എന്ന് നടന്‍ നാനി. ആ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ താൻ ഹാപ്പിയാകും. കാലാതീതമായ ഒരു ക്ലാസിക് സിനിമ നൽകിയതിന് സംവിധായകൻ പ്രേമിന് നന്ദി അറിയിക്കുന്നു എന്നും നാനി പറഞ്ഞു. ഹിറ്റ് 3 എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നാനി ഇക്കാര്യം പറഞ്ഞത്.
'വളരെ മാജിക്കൽ ആയ സിനിമയാണ് മെയ്യഴകൻ. വളരെ പേർസണൽ ആയ, നമ്മളെ ഏറെ സ്വാധീനിക്കുന്ന കഥ കൂടിയാണത്. കാർത്തിയോടും അരവിന്ദ് സ്വാമിയോടും ഒരുപാട് ബഹുമാനം തോന്നി. സിനിമ കണ്ടിട്ട് ഞാൻ കാർത്തിയെ വിളിച്ചിരുന്നു. എനിക്ക് സിനിമ വളരെയധികം ഇഷ്ടമായ കാര്യം ഞാൻ അദ്ദേഹത്തെ അറിയിച്ചു. അരവിന്ദ് സാമി സാറിനോടും എന്റെ ആശംസകൾ അറിയിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു,' നാനി പറഞ്ഞു.
Exclusive : " Forget In Tamil Cinema ! I Think One Of My Most Fav. Film's In This Entire Decade Is Meiyazhagan "
— Sri (@sridhar_Offl) April 26, 2025
- @NameisNani @Suriya_offl ❤️🥺 pic.twitter.com/gXYvve5rXe
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് തിയേറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ ഒടിടി റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.
സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന് ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Content Highlights: Actor Nani says Meiyazhakan is his favourite film of the decade