
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. അതേ ദിവസം തന്നെയാണ് നാനി നായകനായി എത്തുന്ന ഹിറ്റ് 3 യും പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ഹിറ്റ് 3 യ്ക്ക് ആശംസകളുമായി നടൻ സുര്യയെത്തി.
ഹിറ്റ് 3 വലിയ വിജയം നേടട്ടെയെന്നും എന്നും നാനിയുടെ കരിയറിലെ വലിയൊരു വിജയമാകട്ടെ ചിത്രമെന്നും സൂര്യ പറഞ്ഞു. റെട്രോയുടെ തെലുങ്ക് പ്രസ് മീറ്റിൽ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം. 'മെയ് ഒന്നിന് എന്റെ സുഹൃത്തായ നാനിയുടെ ഹിറ്റ് 3 യും റിലീസിന് ഒരുങ്ങുകയാണ്. സരിപോദാ ശനിവാരം, കോർട്ട് എന്നീ സിനിമകൾക്ക് ശേഷം അദ്ദേഹത്തിന്റെ വിജയക്കുതിപ്പ് തുടരട്ടെ, അദ്ദേഹത്തിന് ഹാട്രിക് ലഭിക്കട്ടെ എന്നാശംസിക്കുന്നു. രണ്ട് സിനിമകളും നമുക്ക് ആഘോഷിക്കാം', സൂര്യ പറഞ്ഞു.
പൂജാ ഹെഗ്ഡെയാണ് സിനിമയിൽ റെട്രോയിലെ നായിക. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. അതേസമയം, ഡോ. ശൈലേഷ് കോലാനു ആണ് ഹിറ്റ് 3 സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷകപ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായി എത്തുന്നത്. സൂര്യ ശ്രീനിവാസ്, റാവു രമേശ് എന്നിവർക്കൊപ്പം ആദ്യ രണ്ട് സിനിമകളിലെ നായകന്മാരായ വിശ്വക് സെന്നും അദിവി ശേഷും സിനിമയിൽ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ സിനിമയായിട്ടാണ് ഈ നാനി സിനിമ പുറത്തിറങ്ങുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്കായി സംഗീതം നൽകുന്നത് മിക്കി ജെ മേയർ ആണ്.
Content Highlights: Suriya wishes nani and Hit 3 all the best