
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായായി സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് താൻ കേട്ടത്. ഏറെ ഇഷ്ടപ്പെടുന്ന, ഹിറ്റ് സിനിമകൾ ചെയ്തിട്ടുള്ള രണ്ട് സംവിധായകർ ഇത്തരമൊരു കേസിൽ പെടുന്നു, മാധ്യമങ്ങളിൽ അതിന്റെ വാർത്തകൾ വരുന്നു, അത് അവരുടെ കരിയറിനെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. ഇതൊക്കെ കാണുമ്പോൾ ഭയമുണ്ട് എന്ന് അഭിലാഷ് പിള്ള പറഞ്ഞു. തനിക്കൊപ്പം ജോലി ചെയ്യുന്നവർ ഇത്തരം പ്രശ്നങ്ങളിൽ പെടരുതെന്ന ആഗ്രഹം കൊണ്ടാണ് ഇത്തരക്കാർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ലെന്ന നിലപാടിലേക്ക് പോയത് എന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു അഭിലാഷ് പിള്ള.
'ഇന്ന് വന്ന വാർത്ത തീർത്തും വേദനാജനകമാണ്. ഒരു മേഖലയെ മുഴുവൻ ചോദ്യചിഹ്നത്തിൽ നിർത്തുന്ന അവസ്ഥയാണ്. ഇതിൽ നിന്ന് സിനിമാമേഖല പുറത്തുവരണം എന്നാണ് എന്റെ ആഗ്രഹം. സിനിമാസംഘടനകൾക്ക് ഇതിൽ പരിമിതികളുണ്ട്. അവർക്ക് സിനിമാസെറ്റുകളിൽ മാത്രമേ ഇടപെടാൻ കഴിയൂ. സ്വകാര്യ സ്‌പേസുകളിലാണ് പലരും ഇത്തരം ലഹരി ഉപയോഗിച്ചിരിക്കുന്നത്. അവിടെ സംഘടനകൾക്ക് ഇടപെടാൻ കഴിയില്ല. ഇപ്പോൾ ഇവർ രണ്ടുപേരും അറസ്റ്റിലായി. ഇവരുമായി അടുത്ത് നിൽക്കുന്നവരെല്ലാം ചോദ്യം ചെയ്യപ്പെടാം, അല്ലെങ്കിൽ അവരെല്ലാം സംശയത്തിന്റെ നിഴലിലാകാം. ഇത് ഉപയോഗിക്കാത്തവരും ഇവരുടെ സൗഹൃദ വലയത്തിൽ കാണും. അവരെയും നാളെ പൊലീസ് ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്താം. നമ്മുടെ കൂട്ടത്തിൽ ഒരാൾ ഉപയോഗിച്ചാൽ ബാക്കിയുള്ളവരും സംശയത്തിന്റെ നിഴലിലാകും. കഴിഞ്ഞ ഒരു ആറുമാസത്തിനിടയിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ ഒരു ടെസ്റ്റ് ഉണ്ടെങ്കിൽ അതിന് ഞാൻ തയ്യാറാണ്. അങ്ങനെ തയ്യാറുള്ളവർ മുന്നോട്ട് വരട്ടെ,' എന്ന് അഭിലാഷ് പിള്ള പറഞ്ഞു.
മുമ്പ് ഒരു സിനിമാ ലൊക്കേഷനിൽ കഥ പറയുന്നതിന് പോയപ്പോൾ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. 'എന്റെ സിനിമാലൊക്കേഷനുകളിൽ ഇത്തരം ലഹരി ഉപയോഗത്തിന്റെ അനുഭവങ്ങൾ ഒന്നുമില്ല. എന്നാൽ ഞാൻ ഒരു നടനോട് കഥ പറയുന്നതിന് മറ്റൊരു ലൊക്കേഷനിൽ പോയപ്പോൾ ഇത്തരമൊരു അനുഭവമുണ്ട്. കഥ പറയുന്നതിന് ഞാൻ കാരവാനിൽ കയറിയപ്പോൾ ഈ നടനും സുഹൃത്തുക്കളും ഇരുപ്പുണ്ട്. അതിനുള്ളിൽ പുക നിറഞ്ഞിരിക്കുകയായിരുന്നു. ആ പുക എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ പറ്റി. അത്തരമൊരു അന്തരീക്ഷത്തിൽ ഇരുന്ന് കഥ പറയാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കുകയുമുണ്ടായി. അതുപോലെ പല ലൊക്കേഷനുകളിലും കഥ പറയാൻ പോകുമ്പോൾ അവിടെയുള്ള ടെക്‌നീഷ്യന്മാരും നിർമാതാക്കളും ചില കഥകള്‍ പറയാറുണ്ട്. പലപ്പോഴും ലൊക്കേഷനുകളിൽ മിണ്ടാതിരിക്കുന്നത് സിനിമ നിന്നുപോകും എന്ന അവസ്ഥ കൊണ്ടാണ്. ഗതികേട് കൊണ്ടാണ് പലരും മിണ്ടാതെ നിൽക്കുന്നത്. എന്നാൽ ഞാൻ വർക്ക് ചെയ്യുന്ന സെറ്റിൽ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ പിന്നെ ആ സെറ്റിൽ വർക്ക് ചെയ്യില്ല,' എന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
Content Highlights: Abhilash Pilla talks about the drugs usage in malayalam cinema