
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. 'ജെപ്പ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക് കിളി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് ഗോവിന്ദ് വസന്തയാണ്. ഗാനത്തിന്റെ വരികൾ രചിച്ചത് സുഹൈൽ കോയയാണ്. ദീപക് പറമ്പോല്‍, ദിവ്യ പ്രഭ, ബാലതാരം ഓർഹാൻ എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മെയ് 8ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സർക്കീട്ട് പ്രദർശനത്തിനെത്തും.
കരിയറിലെ വലിയ ഹിറ്റുകളായ കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന സർക്കീട്ട് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്, ഫ്‌ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഓള്‍ വീ ഇമാജിന്‍ ഏസ് ലെെറ്റ് എന്ന ചിത്രത്തിന് ശേഷം ദിവ്യ പ്രഭ നായികയാവുന്ന ചിത്രം കൂടിയാണ് സര്‍ക്കീട്ട്. സംസ്ഥാന പുരസ്കാര ജേതാവും നടനും കൂടിയായ സംഗീത് പ്രതാപാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.
Content Highlights: Asif Ali movie Sarkkeet new song out