
മികച്ച സിനിമകൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും എന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന തെലുങ്ക് നടനാണ് നാനി. നടന്റേതായി അടുത്തിറങ്ങിയ സിനിമകളൊക്കെയും വലിയ വിജയങ്ങളായിരുന്നു. നാനിയുടെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ സിനിമയായിരുന്നു ജേഴ്‌സി. സിനിമയുടെ തിരക്കഥയ്ക്കും നാനിയുടെ പ്രകടനത്തിനും വലിയ കയ്യടിയായിരുന്നു ലഭിച്ചത്. ജേഴ്സി പോലെയൊരു സിനിമയെടുക്കാൻ ഇപ്പോഴും തനിക്ക് താല്പര്യമുണ്ടെന്നും ഇന്ന് അതിനെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും നാനി പറഞ്ഞു.
'100 ശതമാനവും ഇന്നത്തെ നാനിക്ക് ജേഴ്‌സി പോലെയൊരു സിനിമ ചെയ്യാൻ സാധിക്കും. എനിക്ക് ഒരുപാട് പ്രേക്ഷകരിലേക്ക് സിനിമകൾ എത്തിക്കണമെന്നാണ് ആഗ്രഹം. ഇന്ന് ജേഴ്സി പോലെയൊരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഒരുപാട് പ്രേക്ഷകരിലേക്ക് എത്തിക്കാനാകും. കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ സ്റ്റാർ ആയി അറിയപ്പെടാൻ അല്ല. ഓരോ 2-3 സിനിമകളിലും ജേഴ്സി പോലുള്ള സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു', നാനി പറഞ്ഞു.
ഗൗതം തിന്നനൂരി സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങിയ സിനിമയാണ് ജേഴ്‌സി. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച നേട്ടമാണ് കാഴ്ചവെച്ചത്. ശ്രദ്ധ ശ്രീനാഥ്, സത്യരാജ് തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നത്.
ഹിറ്റ് 3 ആണ് ഇനി പുറത്തിറങ്ങാനുള്ള നാനി ചിത്രം. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ക്ക് മേൽ വലിയ പ്രതീക്ഷകളുമുണ്ട്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
ഛായാഗ്രഹണം: സാനു ജോണ്‍ വര്‍ഗീസ്, സംഗീതം: മിക്കി ജെ. മേയര്‍, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീ നാഗേന്ദ്ര തങ്കാല, രചന: ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍: അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍: വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍: നാനി കമരുസു, എസ്എഫ്എക്‌സ്: സിങ്ക് സിനിമ, വി.എഫ്.എക്‌സ്. സൂപ്പര്‍വൈസര്‍: വിഎഫ്എക്‌സ്. ഡിടിഎം, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, കളറിസ്റ്റ്: എസ് രഘുനാഥ് വര്‍മ, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പി.ആര്‍.ഒ: ശബരി.
Content Highlights: If Jersey was released today, it could have reached a larger audience says Nani