പ്രതീക്ഷിച്ചത് ബാഹുബലി പോലൊരു സിനിമ, അത് കിട്ടാത്തതാകാം ആ സിനിമയ്ക്ക് തിരിച്ചടിയായത്; തരുൺ മൂർത്തി

'വ്യക്തിപരമായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് മലൈക്കോട്ട വാലിബൻ'

dot image

മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ട വാലിബന്‍. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമയ്ക്ക് തിയേറ്ററുകളിൽ പ്രതീക്ഷിച്ച രീതിയിൽ ആരാധകരെ സംതൃപ്തിപ്പെടുത്താനായില്ല. തനിക്ക് വ്യക്തിപരമായി മലൈക്കോട്ട വാലിബന്‍ ഏറെ ഇഷ്ടമായെന്ന് പറയുകയാണ് സംവിധായകന്‍ തരുൺ മൂർത്തി. ബാഹുബലി പോലൊരു സിനിമ വരാൻ പോകുന്നുവെന്ന തരത്തിൽ സിനിമയ്ക്ക് മാർക്കറ്റിങ് ലഭിച്ചുവെന്നും ഇതായിരിക്കാം സിനിമയ്ക്ക് തിരിച്ചടിയായതെന്നുമാണ് തരുൺ മൂർത്തി പറയുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മാർക്കറ്റിംഗ് ഒരു സിനിമയ്ക്ക് അത്യാവശ്യമാണ്. ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങുമ്പോൾ മുതൽ സിനിമയെ ആളുകൾ പ്രതീക്ഷിക്കും. മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പ്രമോഷൻ അത്രയേറെ ജൈഗാന്റിക് ലെവലിലായിരുന്നു. ബാഹുബലി പോലൊരു സിനിമ വരാൻ പോകുന്നുവെന്നാണ് പ്രേക്ഷകർ കരുതിയത്. അതായിരിക്കാം ആ സിനിമ ആളുകളിൽ അത്ര വർക്കാവാതിരുന്നതിന്റെ കാരണം. പക്ഷെ, വ്യക്തിപരമായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് അത്. ഞാൻ ആ സിനിമ കണ്ട് ലിജോ ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. ആ സിനിമയുടെ വേൾഡിലേക്ക് ലാലേട്ടനെ കൊണ്ടുവന്നത് എനിക്ക് ഏറെ ഇഷ്ടമായി. പക്ഷെ അതിന്റെ മാർക്കറ്റിങ് സ്ട്രാറ്റജി വേറെ രീതിയിലായിരുന്നു,' തരുൺ മൂർത്തി പറഞ്ഞു.

അതേസമയം ഒട്ടും ഹൈപ്പിലാതെ എത്തിയ മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം തുടരും തിയേറ്ററുകളിൽ വിജയം നേടുകയാണ്. എല്ലാ കോണുകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.

Content Highlights: Tharun says the promotions Malaikotta Valiban received were the reason for the film's failure

dot image
To advertise here,contact us
dot image