
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുകയാണ്. മെയ് പതിനാറിന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടൊവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനായ ജേക്‌സ് ബിജോയ്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ടൊവിനോ തോമസിന്റെ മികച്ച പ്രകടനം കാണാകുന്ന, വളരെ പ്രസക്തമായ ഒരു വിഷയം പറയുന്ന സിനിമയാണ് നരിവേട്ട' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഒരു ഗാനവും, ട്രെയ്‌ലർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള പോസ്റ്ററുകൾ എന്നിവയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടൊവിനോ തോമസ് അഭിപ്രായപ്പെട്ടത്.
തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടൊവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ.
വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Jakes Bejoy talks about Narivetta movie