
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. കഴിഞ്ഞ കുറച്ച് നാളായി നടൻ മലയാളത്തിൽ സിനിമകൾ ചെയ്യുന്നില്ല. എന്നാൽ തമിഴിലും മറ്റു ഭാഷാ ചിത്രങ്ങളിലും നടൻ സജീവമാണ്. കഴിഞ്ഞ വർഷം ആദ്യം പുറത്തിയ 'അബ്രഹാം ഓസ്‍ലർ' എന്ന സിനിമയ്ക്ക് ശേഷം നടന്റെതായി ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. ഇപ്പോഴിതാ ഈ വർഷം തന്റെ രണ്ട് മലയാള ചിത്രങ്ങൾ എത്തുമെന്ന് പറയുകയാണ് ജയറാം. റെട്രോ സിനിമയുടെ പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം.
'ഈ വർഷം രണ്ട് ഉഗ്രൻ മലയാള സിനിമയാണ് ചെയ്യാൻ പോകുന്നത്. ഏതൊക്കെയാണെന്ന് ഇപ്പോൾ പറയില്ല. സസ്പെൻസ് ആണ്. സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പോകുന്നതേയുള്ളൂ,' ജയറാം പറഞ്ഞു. സിനിമയുടെ മറ്റു വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും ആവേശത്തിലാണ് ആരാധകർ.
2 ഗംഭീര മലയാള സിനിമകൾ ഈ വർഷം ചെയ്യും..🔥🔥#Jayaram at #Retro Kerala event ✅ pic.twitter.com/q4ZbFC9v4n
— FDFS Reviews (@FDFS_Reviews) April 27, 2025
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന 'റെട്രോ' സിനിമയിൽ ജയറാം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സ്വാസിക, സുജിത് ശങ്കർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് പുറകെ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെ നിരവധി ട്രോളുകളാണ് വന്നിരുന്നത്. അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്നാൽ റെട്രോയിൽ നടന് പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് സിനിമയുടെ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മേയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും. സിനിമയുടെ കേരളാ വിതരണാവകാശം നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് ആണ്. റെക്കോർഡ് തുകയ്ക്കാണ് സിനിമയുടെ വിതരണാവകാശം ഇവർ കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെയാണ് സിനിമയിൽ നായിക. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്.
Content Highlights: Jayaram to act in two Malayalam films this year