'എൻ്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ഷാജി എൻ കരുൺ'; വേദന പങ്കുവെച്ച് മോഹൻലാൽ

'ക്യാമറകൊണ്ട് കവിത രചിക്കുക എന്നൊക്കെ ആലങ്കാരികമായി പറയുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവവേദ്യമാക്കി തന്ന ചലച്ചിത്രകാരൻ'

dot image

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മോഹൻലാൽ. തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ വ്യക്തിയായിരുന്നു ഷാജി എൻ കരുൺ. കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ അദ്ദേഹത്തോടൊപ്പം നടക്കുന്ന നിമിഷങ്ങൾ താൻ ഓർക്കുന്നു. വീണ്ടും ഒരു സിനിമ ഒന്നിച്ച് ചെയ്യണം എന്ന സ്വപ്നം ബാക്കിവെച്ചാണ് ഷാജി എൻ കരുൺ വിടപറഞ്ഞത് എന്നും മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

മോഹൻലാലിന്റെ വാക്കുകൾ:

മലയാളസിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേർത്തുപിടിച്ച, ഷാജി എൻ കരുൺ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോൾ', പഞ്ചാഗ്നി, 'ഒന്നുമുതൽ പൂജ്യം വരെ' - ഈ മൂന്ന് സിനിമകളിലും എൻ്റെ റോളുകൾ ദൈര്‍ഘ്യം കൊണ്ട് ചെറുതും പ്രാധാന്യം കൊണ്ട് നിറഞ്ഞുനിൽക്കുന്നതുമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളുടേയും ഛായാഗ്രാഹകൻ, ഞാനേറെ ബഹുമാനിക്കുന്ന, പിൽക്കാലത്ത് എൻ്റെ അഭിനയജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ഷാജി എൻ കരുൺ സർ ആയിരുന്നു. ക്യാമറകൊണ്ട് കവിത രചിക്കുക എന്നൊക്കെ ആലങ്കാരികമായി പറയുന്നത് അക്ഷരാർത്ഥത്തിൽ നമുക്ക് അനുഭവവേദ്യമാക്കി തന്ന ചലച്ചിത്രകാരൻ. വാനപ്രസ്ഥത്തിൻ്റെ കാലത്താണ്‌ ഷാജി സർ എന്ന സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം അതിന്‌ മുമ്പും പിൻപും എന്നൊരു വഴിത്തിരുവുണ്ടാക്കിയ സിനിമ. കാനിലെ റെഡ് കാർപ്പറ്റിൽ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഞാനോര്‍ക്കുന്നു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചിട്ടാണ്‌ പ്രിയപ്പെട്ട ഷാജി സർ മടങ്ങിയത്. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പ്രണാമം.

വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിൽ വെച്ചായിരുന്നു ഷാജി എൻ കരുണിന്റെ വിയോഗം. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 1988ലാണ് ‘പിറവി’ എന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രം കാൻസ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്തു. പിന്നാലെ അദ്ദേഹം ഒരുക്കിയ സ്വം എന്ന ചിത്രം കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെടുകയും 'വാനപ്രസ്ഥം' കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

സംവിധായകൻ എന്ന നിലയിൽ ഏഴ് വീതം ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ജെ സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’, പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Content Highlights: Mohanlal shares his grief over the demise of Shaji N Karun

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us