കാനിലേക്ക് തിരിച്ചെത്തി പായല്‍ കപാഡിയ; ഇക്കുറി മേളയിൽ ജൂറി അംഗം

മെയ് 13 മുതല്‍ 24 വരെയാണ് ഈ വർഷത്തെ കാൻ ചലച്ചിത്രമേള നടക്കുന്നത്

dot image

2025-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സംവിധായിക പായൽ കപാഡിയ. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയര്‍മാനായ സമിതിയിലാണ് പായല്‍ കപാഡിയ ഇടംനേടിയിരിക്കുന്നത്. മേളയുടെ സംഘാടകർ ഈ വിവരം തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.

മെയ് 13 മുതല്‍ 24 വരെയാണ് ഈ വർഷത്തെ കാൻ ചലച്ചിത്രമേള നടക്കുന്നത്. അമേരിക്കന്‍ നടിയും സംവിധായികയുമായ ഹാലി ബെറി, ഇറ്റാലിയന്‍ നടി ആല്‍ബ റോര്‍വാക്കെര്‍, ഫ്രഞ്ച് മൊറോക്കന്‍ എഴുത്തുകാരി ലൈല സ്ലിമാനി, സംവിധായകനും നിര്‍മാതാവുമായ ഡ്യൂഡോ ഹമാഡി, കൊറിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഹോങ് സാങ്‌സൂ, മെക്‌സിക്കന്‍ സംവിധായകന്‍ കാര്‍ലോസ് റെഗാഡസ്, അമേരിക്കന്‍ നടന്‍ ജെറമി സ്‌ട്രോങ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് 2024 ലെ കാൻ മേളയിൽ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാന്‍ ചലച്ചിത്രമേളയിലെത്തിയ ഇന്ത്യന്‍ ചിത്രമാണിത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.

Content Highlights: Indian filmmaker Payal Kapadia joins as jury member in Cannes 2025

dot image
To advertise here,contact us
dot image