
തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'തുടരും' ഗംഭീര അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമ ആഗോളതലത്തിൽ 100 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രത്തിന്റേതായി ഇനി ഒരു പ്രൊമോ സോങ് കൂടി പുറത്തിറങ്ങാനുണ്ട്. ഈ ഗാനത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോൾ ആ ഗാനത്തെക്കുറിച്ച് അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് തരുൺ മൂർത്തി.
'കൊണ്ടാട്ടത്തിന് തയ്യാറായിക്കൊള്ളൂ' എന്നാണ് തരുൺ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചിരിക്കുന്നത്. ഒപ്പം നൃത്തം ചെയ്യുന്ന ഇമോജിയും തരുൺ പങ്കുവെച്ചിട്ടുണ്ട്. പ്രൊമോ ഗാനം ഉടൻ റിലീസ് ചെയ്യുമെന്ന സൂചനയാണ് ഇതെന്ന് ആരാധകർ തങ്ങളുടെ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.
മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ഗാനമാണ് അതെന്നും ഡാൻസിൽ മോഹൻലാൽ പൊളിച്ചിട്ടുണ്ടെന്നും സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കഴിഞ്ഞ ദിവസം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 'ലാലേട്ടന്റെ ഒരു പടം വരുമ്പോൾ അതിൽ ആഘോഷിക്കാൻ വേണ്ടി കൂടി ഒരു കൺടെന്റ് വേണം. പക്ഷേ സിനിമയിൽ ഒരു രീതിയിലും ആ പാട്ട് ചേരില്ല. ആദ്യം ഈ പാട്ട് നേരത്തെ ഇറക്കണമോ എന്നുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് അങ്ങനെ ചെയ്യാതിരുന്നത് വളരെ നന്നായി. ഡാൻസിൽ ലാലേട്ടൻ പൊളിച്ചിട്ടുണ്ട്,' എന്നായിരുന്നു ജേക്സ് ബിജോയ് പറഞ്ഞത്.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Tharun Moorthy shares Thudarum promo song update