മോഹന്‍ലാല്‍ ഫാന്‍സിനുള്ള പാട്ട്,ഡാന്‍സില്‍ ലാലേട്ടന്‍ പൊളിച്ചു;'തുടരും'പ്രൊമോ സോങ്ങിനെക്കുറിച്ച് ജേക്സ് ബിജോയ്

'ഞാൻ ഏറ്റവും കൂടുതൽ തവണ പാടിയിട്ടുള്ളത് നരനിലെ വേൽമുരുക ആണ്. ദീപക് ദേവിന്റെ മാസ്റ്റർപീസ് ഐറ്റമാണത്'

dot image

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'തുടരും' ഗംഭീര അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ജേക്സ് ബിജോയ്യുടെ മ്യൂസിക്കിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി ഇനി ഒരു പ്രൊമോ സോങ് കൂടി പുറത്തിറങ്ങാനുണ്ട്. ഇപ്പോഴിതാ ആ ഗാനത്തെക്കുറിച്ച് റിപ്പോർട്ടറിനോട് മനസുതുറന്നിരിക്കുകയാണ് ജേക്സ് ബിജോയ്.

മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ഗാനമാണ് അതെന്നും ഡാൻസിൽ മോഹൻലാൽ പൊളിച്ചിട്ടുണ്ടെന്നും ജേക്സ് ബിജോയ് റിപ്പോർട്ടറിനോട് പറഞ്ഞു. 'ഞാൻ ഏറ്റവും കൂടുതൽ തവണ പാടിയിട്ടുള്ളത് നരനിലെ വേൽമുരുക ആണ്. വേൽമുരുക പാടാത്ത ആരുമുണ്ടാകില്ല. ദീപക് ദേവിന്റെ മാസ്റ്റർപീസ് ഐറ്റമാണത്. തുടരുമിലും നായകനായ ഷൺമുഖൻ ഒരു മുരുക ഭക്തനാണ്. ലാലേട്ടന്റെ ഒരു പടം വരുമ്പോൾ അതിൽ ആഘോഷിക്കാൻ വേണ്ടി കൂടി ഒരു കൺടെന്റ് വേണം. പക്ഷേ സിനിമയിൽ ഒരു രീതിയിലും ആ പാട്ട് ചേരില്ല. ആദ്യം ഈ പാട്ട് നേരത്തെ ഇറക്കണമോ എന്നുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് അങ്ങനെ ചെയ്യാതിരുന്നത് വളരെ നന്നായി. ഡാൻസിൽ ലാലേട്ടൻ പൊളിച്ചിട്ടുണ്ട്. ഷൂട്ട് ചെയ്ത സമയത്ത് ലാലേട്ടൻ്റെ പെർഫോമൻസ് കണ്ട് 'എത്ര നാളായി ലാലേട്ടൻ ഇങ്ങനെ ഡാൻസ് ചെയ്തിട്ട്' എന്ന് എല്ലാവരും പറഞ്ഞിരുന്നു', ജേക്സ് ബിജോയ് പറഞ്ഞു.

റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് തുടരും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ കുത്തനെ ഉയരാനാണ് സാധ്യത.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights: jakes Bejoy about Thudarum promo song

dot image
To advertise here,contact us
dot image