സിഗരറ്റ് വലിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്, സിക്സ് പാക്ക് ഉള്ള മാർക്കോ ആവുക: ഉണ്ണി മുകുന്ദൻ

'സുഹൃത്തുക്കളേ, ചോയ്സ് നിങ്ങളുടേതാണ്'

dot image

ലഹരി ഉപയോഗം സംബന്ധിച്ച് മുന്നറിയിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് നടന്റെ പ്രതികരണം. സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്, എന്നാൽ അതിന് പകരം സിക്സ് പാക്കുള്ള മാർക്കോയാകാനാണ് എല്ലാവരും ശ്രമിക്കേണ്ടത് എന്ന് നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'ഒരു സിഗരറ്റിൻ്റെ ഭാരം സാധാരണയായി 0.7 മുതൽ 1.0 ഗ്രാം വരെയാണ്. ബ്രാൻഡ് അനുസരിച്ച് അത് മാറും. അതായത് മൊത്തം ഭാരം (ഫിൽട്ടറും പേപ്പറും ഉൾപ്പെടെ) സാധാരണയായി ശരാശരി 1 ഗ്രാമാണ്. ആ ഒരു ഗ്രാമാണ് ആണത്തം എന്ന് നിങ്ങൾക്ക് തോന്നുവെങ്കിൽ നിങ്ങളുടെ ഓപ്ഷനുകൾ പുനഃപരിശോധിക്കുക. സുഹൃത്തുക്കളേ, ചോയ്സ് നിങ്ങളുടേതാണ്. സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. സിക്സ് പാക്ക് ഉള്ള മാർക്കോ ആകാൻ ശ്രമിക്കുക', എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

അതേസമയം സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരില്‍ നിന്നും പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തില്‍ ഫ്‌ളാറ്റില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് റാപ്പര്‍ വേടനും ഒപ്പമുണ്ടായിരുന്ന 9 പേരും അറസ്റ്റിലായിരുന്നു. ആറ് ഗ്രാം കഞ്ചാവായിരുന്നു ഇവരില്‍ നിന്നും കണ്ടെത്തിയത്. ഈ കേസുകളില്‍ ഇവര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെടുത്താനാകുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, ഷൈന്‍ ടോം ചാക്കോ ഡീഅഡിക്ഷന്‍ സെന്ററിലാണ്. സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് ഷൈന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി നടി വിന്‍സി അലോഷ്യസ് രംഗത്തുവന്നത് അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Content HIghlights: Unni Mukundan share post against drug usage

dot image
To advertise here,contact us
dot image