
സൂപ്പർഹീറോ, ഏലിയൻ, സോംബി, വാമ്പയർ… പുത്തൻ ജോണറുകൾ കൊണ്ട് മലയാള സിനിമ മുന്നേറുകയാണ്. ആ കൂട്ടത്തിലേക്ക് പുത്തൻ ഒരു പരീക്ഷണം കൂടി വരുന്നു, മൾട്ടിവേഴ്സ് മന്മഥൻ. പേര് പറയും വിധം മൾട്ടിവേഴ്സ് എന്ന ആശയത്തിലൂന്നി കഥ പറയുന്ന സൂപ്പർഹീറോ ചിത്രത്തിൽ നായകനാകുന്നത് എന്റർടെയ്നർ സിനിമകൾ കൊണ്ട് തിയേറ്ററുകളിൽ ആഘോഷം തീർക്കുന്ന നിവിൻ പോളിയാണ്. കരിക്കിന്റെ ആവറേജ് അമ്പിളി, സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച എന്നീ സീരീസുകളും, എങ്കിലും ചന്ദ്രികേ എന്ന സിനിമയും ഒരുക്കിയ ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽ വീണ്ടും ഒരു സൂപ്പർഹീറോ വരുമ്പോൾ, സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടറിനോട് പങ്കുവെക്കുന്നു, സംവിധായകൻ ആദിത്യൻ ചന്ദ്രശേഖർ.
ആരാണ് മൾട്ടിവേഴ്സ് മന്മഥൻ?
മൾട്ടിവേഴ്സ് എന്ന കോൺസെപ്റ്റിൽ ഊന്നിയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മൾട്ടിവേഴ്സ് മന്മഥൻ എന്ന പേരിലേക്ക് എത്തിയത്. മൾട്ടിവേഴ്സിലൂടെ യാത്ര ചെയ്യുന്ന ഒരു സൂപ്പർഹീറോയായിരിക്കും മന്മഥൻ എന്ന നായകൻ. ഒരു കോമൺ മാൻ എങ്ങനെ ഒരു സൂപ്പർഹീറോ ആയി എന്നതായിരിക്കുമല്ലോ മിക്ക സൂപ്പർഹീറോ സിനിമകളുടെയും ആദ്യ കഥ. ഇതും അത്തരമൊരു ഒരു ഒറിജിൻ സ്റ്റോറിയാണ്. നമ്മുടെ കൾച്ചറിൽ റൂട്ടഡ് ആയിട്ടുള്ള ഒരു സൂപ്പർഹീറോ തന്നെയാകും ഇത്.
മൾട്ടിവേഴ്സ് എന്ന ആശയം
ഒരു സിനിമ ചെയ്യുമ്പോൾ എന്ത് വ്യത്യസ്തമായി കൊടുക്കാം എന്നാണ് നമ്മൾ ആലോചിക്കേണ്ടത്. അതിപ്പോ ഞാൻ ചെയ്ത സീരീസുകൾ ആണെങ്കിലും അങ്ങനെ തന്നെയാണ്. അത്തരമൊരു ആലോചനയിൽ നിന്നാണ് ഈ സിനിമ വന്നിരിക്കുന്നത്. അതുപോലെ നമ്മുടെ പ്രേക്ഷകർ ഒരുപാട് സിനിമ കാണുന്നവരാണ്. പുതിയ കാര്യങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ്. അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അത് പാക്ക് ചെയ്തു കൊടുത്താൽ സ്വീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
നിവിൻ പോളിയിലേക്ക്
ഞാൻ ഒരു രണ്ട് വർഷമായി ഈ സിനിമ എഴുതാൻ തുടങ്ങിയിട്ട്. പ്രൊഡക്ഷനിലേക്ക് ഇൻ ആകുന്നത് ആറ് മാസം മുൻപാണ്. ഈ കഥ ആദ്യം മനസ്സിൽ കണ്ടപ്പോൾ നിവിൻ പോളിയുടെ അടുത്ത് കഥ പറയാൻ ചെല്ലുമ്പോൾ മൾട്ടിവേഴ്സ് എന്താണെന്നുള്ളത് വളരെ ബേസിക്ക് ആയ കാര്യം മുതൽ പറഞ്ഞു കൊടുക്കേണ്ടി വരുമോ എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ മൾട്ടിവേഴ്സ് എന്താണെന്ന് നിവിന് നല്ല അറിവുണ്ടായിരുന്നു. അതുകൊണ്ട് കൺവിൻസ് ചെയ്യാനും കഥ പറയാനും എനിക്ക് എളുപ്പമായിരുന്നു.
പുത്തൻ ലുക്കിൽ നിവിൻ പോളി?
നിവിൻ പോളിയുടെ ലുക്ക് സംബന്ധിച്ച് ഒന്നും ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ നിങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിനേക്കാൾ മുകളിൽ ഒരു കിടിലൻ ലുക്ക് ചിത്രത്തിൽ നിവിൻ പോളിക്ക് നൽകാൻ കഴിയുമെന്നാണ് വിശ്വാസം.
പക്കാ നിവിൻ സോൺ ചിത്രം
നിവിൻ പോളിയുടെ എന്റർടെയ്നർ സോണിൽ തന്നെയാണ് ഈ പടം ഉള്ളത്. ആക്ഷനും കോമഡിക്കും ഫാന്റസിക്കുമെല്ലാം പ്രാധാന്യം നൽകുന്ന ഒരു പക്കാ എന്റർടെയ്നർ തന്നെയാകും ഈ സിനിമ.
മന്മഥന്റെ കൂടുതൽ അപ്ഡേറ്റ്സ്
സിനിമയുടെ ഷൂട്ട് ഈ വർഷം തന്നെയുണ്ടാകും അതിന് മുൻപ് കുറച്ച് പ്രീ വർക്ക്സ് ഒക്കെ ചെയ്യാനുണ്ട്. അത് പൂർത്തിയാകുന്നതിന് അനുസരിച്ച് ഷൂട്ടിലേക്ക് കയറും. നമ്മുടെ കഥ ഡിമാൻഡ് ചെയ്യുന്നൊരു ബഡ്ജറ്റ് ഈ സിനിമയ്ക്കുണ്ട്. അതൊരു വലിയ ബജറ്റ് ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല.
Content Highlights: Adithyan Chandrashekar talks about Multiverse Manmadhan starring Nivin Pauly