മമ്മൂട്ടി 'സയനൈഡ്' മോഹനോ? വി'നായകന്‍' ആര്? എന്താണ് 'കളങ്കാവല്‍'? സംവിധായകന്‍ ജിതിന്‍ കെ ജോസ് അഭിമുഖം

'പുത്തൻ വേഷപ്പകർച്ചകളിലൂടെ മമ്മൂക്ക നമ്മളെ ഞെട്ടിക്കുന്ന ഒരു ഫേസിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ തുടർച്ച കളങ്കാവലിലും കാണാം'

dot image

മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. 'കളങ്കാവൽ' എന്ന പേരും മമ്മൂട്ടിയുടെ NEVER SEEN BEFORE ഭാവവും പോസ്റ്ററിൽ വിനായകന്റെ പേര് മമ്മൂട്ടിക്ക് മുന്നേ നൽകിയതും ഉൾപ്പടെ സിനിമ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയാണ്. കുറുപ്പ് എന്ന സിനിമയുടെ എഴുത്തുകാരൻ ജിതിൻ കെ ജോസ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന സിനിമയാണ് കളങ്കാവൽ. സിനിമയുടെ പേര് മുതൽ മമ്മൂട്ടിയുടേയും വിനായകന്റെയും കഥാപാത്രങ്ങളും വരെ ചർച്ച ചെയ്യപ്പെടുന്ന വേളയിൽ കളങ്കാവലിന്റെ വിശേഷങ്ങൾ റിപ്പോർട്ടറിനോട് പങ്കുവെക്കുകയാണ് ജിതിൻ കെ ജോസ്.

എന്താണ് കളങ്കാവൽ?

തിരുവനന്തപുരം ജില്ലയിലെ പ്രദേശങ്ങളിൽ കൂടുതലായും കണ്ടുവരുന്ന ഒരു ആചാരമാണ് കളങ്കാവൽ. അത് ഭദ്രകാളി ദേവിയും ദാരികനും തമ്മിലുള്ള കോൺഫ്ലിക്റ്റാണ്. ദേവി ദാരികനെ തേടി എട്ട് ദിക്കിലും പോയി, കണ്ടുപിടിച്ച് നിഗ്രഹിക്കുന്നതാണ് ഈ ആചാരത്തിന് പിന്നിലെ ഐതീഹ്യം. കളങ്കാവൽ എന്ന ആചാരത്തിന്റെ മൊത്തം കൺസെപ്റ്റുമായി നമ്മുടെ സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്നു.

കളങ്കാവൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ

കളങ്കാവലിന്റെ കഥ

നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷനൽ സ്വഭാവത്തിലാണ് കഥ പറയുന്നത്.

മമ്മൂട്ടി 'സയനൈഡ് മോഹനോ'?

കുറച്ചധികം യഥാർത്ഥ സംഭവങ്ങൾ ഈ സിനിമയ്ക്ക് പ്രചോദനമാകുന്നുണ്ട് എന്ന് പറഞ്ഞല്ലോ. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക പേര് പറയാൻ കഴിയില്ല. സിനിമ കണ്ടു കഴിയുമ്പോൾ ഏതൊക്കെ സംഭവങ്ങളാണ് പറയുന്നത് എന്ന് മനസ്സിലാകും.

NEVER SEEN BEFORE മമ്മൂട്ടി

ഇത്രയും വർഷത്തെ അഭിനയത്തിനിടയിൽ മമ്മൂക്ക വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന് ചെയ്യാൻ ഒന്നും ബാക്കിയില്ല എന്ന് തോന്നാവുന്ന അത്രയധികം കഥാപാത്രങ്ങളായി അദ്ദേഹം മാറിയിട്ടുണ്ട്. എന്നാൽ ഓരോ സിനിമ വരുമ്പോഴും പുത്തൻ വേഷപ്പകർച്ചകളിലൂടെ അദ്ദേഹം നമ്മളെ ഞെട്ടിക്കുന്ന ഒരു ഫേസിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ തുടർച്ച കളങ്കാവലിലും കാണാം.

മമ്മൂട്ടിയിലേക്ക് 'കളങ്കാവൽ' എത്തുന്നത്

ഈ കഥ കുറച്ച് കാലം മുന്നേയാണ് അദ്ദേഹത്തോട് പറഞ്ഞത്. കുറുപ്പ് എന്ന സിനിമയൊക്കെ റിലീസ് ചെയ്ത സമയത്ത് തന്നെ അദ്ദേഹം ഈ കഥ ഓക്കേ പറഞ്ഞിരുന്നു. എന്നാൽ മുന്നേ പ്ലാൻ ചെയ്ത സിനിമകൾ പൂർത്തിയാക്കണമല്ലോ. മുമ്പ് ഞാൻ മാമാങ്കം എന്ന സിനിമയിൽ വർക്ക് ചെയ്‌തിരിക്കുന്നു. ആ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിവേക് വഴി, പൃഥ്വിരാജ്, ആന്റോ ജോസഫ് തുടങ്ങിയവർ വഴിയാണ് മമ്മൂക്കയിലേക്ക് എത്തിയത്.

മമ്മൂട്ടിയും ജിതിൻ കെ ജോസും

മുടി പിന്നിലേക്ക് ചീകിയൊതുക്കിയ ഗെറ്റപ്പ്

ഈ സിനിമയിലെ മമ്മൂക്കയുടെ ഗെറ്റപ്പ് എങ്ങനെയാകണം എന്നത് സംബന്ധിച്ച് കുറെ ചർച്ചകൾ നടത്തി. സിനിമയുടെ ഷൂട്ട് തുടങ്ങുന്ന സമയത്തോട് അടുത്തപ്പോഴും ഒരു ഗെറ്റപ്പ് ലോക്ക് ചെയ്തില്ലായിരുന്നു. മമ്മൂക്ക തന്നെയാണ് ഈ ഗെറ്റപ്പ് സജസ്റ്റ് ചെയ്തത്. ഈ ഗെറ്റപ്പ് സിനിമയുടെ സ്വഭാവത്തിനും ആ കഥാപാത്രത്തിന്റെ സ്വഭാവത്തിനും ചേരുന്നതാണ് എന്ന് തോന്നി. അങ്ങനെയാണ് ഈ ഗെറ്റപ്പ് ലോക്ക് ചെയ്തത്.

ഭ്രമയുഗത്തിന്റെ ഒന്നാം വാർഷികത്തിൽ കളങ്കാവൽ ഫസ്റ്റ് ലുക്ക്

ഈ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുവാൻ ഭ്രമയുഗത്തിന്റെ ഒന്നാം വാർഷികം തിരഞ്ഞെടുത്തതല്ല, അത് അങ്ങനെ സംഭവിച്ചതാണ്. പിന്നെ നിരവധി പേർ ഭ്രമയുഗവുമായി താരതമ്യം ചെയ്ത് സംസാരിക്കുന്നത് കാണുന്നുണ്ട്. അതിനെക്കുറിച്ച് സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ പറയാനാവുകയുള്ളൂ.

ടൈറ്റലിൽ വിനായകൻ ആദ്യം, ശേഷം മമ്മൂട്ടി

പോസ്റ്ററിൽ ആദ്യം വിനായകൻ ചേട്ടന്റെ പേരും അതിന് ശേഷം മമ്മൂക്കയുടെ പേരും നൽകിയതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. അത് എന്തെന്ന് തത്കാലം പറയാൻ കഴിയില്ല.

വി'നായകനി'ലേക്ക്

മമ്മൂക്കയുടേത് എന്ന പോലെ വിനായകൻ ചേട്ടനും ഇതിന് മുന്നേ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി അത്യാവശ്യം ഇൻവോൾവ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ഓൺ ആയപ്പോൾ ഈ കഥാപാത്രം ആര് ചെയ്യണം എന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നു. അപ്പോൾ മമ്മൂക്ക തന്നെയാണ് വിനായകൻ ചേട്ടനെ സജസ്റ്റ് ചെയ്തത്.

മമ്മൂട്ടിയും വിനായകനും

റിലീസ് തീയതി, ടീസർ, മറ്റ് അപ്ഡേറ്റുകൾ

സിനിമയുടെ റിലീസ് എപ്പോൾ എന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ. ടീസറും മറ്റ് അപ്ഡേറ്റുകളും ഉടൻ ഉണ്ടാകും.

Content Highlights: Director Jithin K Jose interview about Kalamkaval movie starring Vinayakan and Mammootty

dot image
To advertise here,contact us
dot image