'വടക്കനി'ൽ ബിഗ് ബോസ് പോലെ ആയിരുന്നു, കാമറ എവിടെയാണെന്ന് ആക്ടേഴ്‌സിന് അറിയില്ല | സജീദ് എ | അഭിമുഖം

'മലയാളി പ്രേക്ഷകര്‍ക്ക് തമിഴ് - തെലുങ്ക് മസാല സിനിമകളാണ് ഇപ്പോഴും ആവശ്യം. ബോളിവുഡ് അങ്ങനെയല്ല, മാറ്റങ്ങളെ ഉള്‍ക്കൊള്ളും'

dot image

പുതിയ കാലത്തെ മലയാളി പ്രേക്ഷകര്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്ന് പറയുകയാണ് വടക്കന്‍ സിനിമാസംവിധായകനായ സജീദ് എ. കിഷോര്‍, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി ഹൊറര്‍ ഴോണറിലൊരുങ്ങിയ വടക്കന്‍ സിനിമയുടെ അണിയറകഥകളും പ്രേക്ഷകപ്രതികരണങ്ങളും പങ്കുവെക്കുകയാണ് സംവിധായകന്‍.

വടക്കന്‍ സിനിമയില്‍ ഏഴ് നവാഗത അഭിനേതാക്കള്‍ ഉണ്ട്. ഇവരെ എങ്ങനെയാണ് കണ്ടെത്തിയത്?

സൂക്ഷ്മദര്‍ശിനി, വാഴ, നാരായണീന്റെ മൂന്നാണ്മക്കള്‍,ആര്‍ഡിഎക്‌സ് തുടങ്ങിയ സിനിമകളില്‍ ഈ യുവ അഭിനേതാക്കളില്‍ പലരെയും നിങ്ങള്‍ കണ്ടുകാണും. എന്നാല്‍ ആ സിനിമകളേക്കാള്‍ മുന്‍പ് അവര്‍ വടക്കനില്‍ എത്തിയിരുന്നു. കിഷോറിനും ശ്രുതിക്കുമൊപ്പം പ്രധാന വേഷത്തിലെത്തിയ മെറിന്‍ ഫിലിപ്പ് പൂമരം സിനിമയാണ് ചെയ്തിരുന്നത്. സിനിമയിലുള്ള, എന്നാല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഒരു മുഖമായിരുന്നു വടക്കനിലെ അന്ന എന്ന കഥാപാത്രത്തിന് വേണ്ടിയിരുന്നത്. അതാണ് മെറിനിലേക്ക് എത്തിച്ചത്. വടക്കനില്‍ റിയാലിറ്റി ഷോ താരങ്ങളായി ആറ് പേര്‍ എത്തുന്നുണ്ട്. അതില്‍ കലേഷ് ഒഴികെ മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. അവരെ ഓഡിഷന്‍ വഴിയാണ് കണ്ടെത്തുന്നത്.

മെറിന്‍ ഫിലിപ്പ്, കലേഷ്, മീനാക്ഷി, ആര്യന്‍, സിറാജുദ്ദീന്‍, ഗാര്‍ഗി, ഗ്രീഷ്മ ഇവര്‍ ഏഴ് പേരെയും ദേവേന്ദ്രനാഥ് എന്ന പെര്‍ഫോമന്‍സ് കോച്ചിന്റെ കീഴില്‍ പരിശീലനം നല്‍കി. വടക്കനില്‍ റിയാലിറ്റി ഷോയിലെ കഥാപാത്രങ്ങളായി എത്തിയവര്‍ ഒരേസമയം ഒരു യൂണിറ്റായും എന്നാല്‍ വ്യത്യസ്ത കഥാപാത്രങ്ങളായും എത്തണമായിരുന്നു. ഒരു ജിഗ്‌സോ പസ്സില്‍ പോലെ ആണത്, ഒരാള്‍ ഇല്ലെങ്കില്‍ ആ പസ്സില്‍ പൂര്‍ത്തിയാകില്ല.

ട്രെയിനിങ് കഴിഞ്ഞ് തൊട്ടടുത്ത് ദിവസം തന്നെ ഷൂട്ട് ആരംഭിക്കുകയായിരുന്നു. പരിശീലന ക്യാമ്പില്‍ നിന്നും നേരെ സെറ്റിലേക്കാണ് അവര്‍ വന്നത്. ലൊക്കേഷനിലെത്തിയ ശേഷവും ചില ചെറിയ പരിശീലനങ്ങളും റിഹേഴ്‌സല്‍സും നടത്തി. സിനിമയുടെ നരേറ്റീവ് സ്റ്റൈലിന് അത് ആവശ്യമായിരുന്നു.

ഫൗണ്ട് ഫൂട്ടേജ് ഫോര്‍മാറ്റ് അടക്കം വടക്കന്റെ ക്യാമറയിലെ പുതുമകളും അഭിനേതാക്കളുടെ പരിശീലനവും

സിനിമയുടേത് സാധാരണയില്‍ നിന്നും വ്യത്യസ്തമായ, ഇവോള്‍വ്ഡായ നരേറ്റീവാണ്. അതുകൊണ്ടാണ് ഫൗണ്ട് ഫൂട്ടേജ് അടക്കമുള്ള ക്യാമറരീതികള്‍ സിനിമയിലുണ്ടായത്. ജപ്പാന്‍കാരിയായ കയ്‌കോ നാകഹാരയാണ്. ബിഗ് ബോസ് പോലെ ആ ബംഗ്ലാവില്‍ 17 ക്യാമറകളോളും റിഗ് ചെയ്തിരുന്നു. അടുക്കളയില്‍ തുടങ്ങുന്ന ഒരു സീന്‍ അവസാനിക്കുന്നത് പുറത്തെ പൂന്തോട്ടത്തിലായിരിക്കും. അത്തരത്തിലുള്ള സീനുകള്‍ കട്ട് ഇല്ലാതെയാണ് എടുത്തത്. ക്യാമറ ഉണ്ടെന്ന് അറിയാമെങ്കിലും കൃത്യമായി ക്യാമറ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് അഭിനേതാക്കള്‍ക്ക് അറിയില്ലായിരുന്നു.

ഇന്‍ഫ്രാറെഡ് ലൈറ്റിങ്ങിലാണ് ഫൗണ്ട് ഫൂട്ടേജ് സീനുകള്‍ ഷൂട്ട് ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റ് ഗ്രീനിഷ് ടിന്റിലാണ് ഈ സീനുകള്‍ വരുന്നത്. സെക്യൂരിറ്റി ക്യാമറയുടെ ഫീല്‍ അതിന് നല്‍കാനാകും. റിയാലിറ്റി ഷോ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടേതായിരുന്നു കൂടുതല്‍ വെല്ലുവിളി നിറഞ്ഞ സീനുകള്‍. കാരണം അവര്‍ക്ക് ഇമോഷന്‍സ് കാണിക്കാന്‍ ക്ലോസ് അപ് ഷോട്ടുകളില്ല. ബോഡി മൂവ്‌മെന്റ്‌സിലൂടെ സീനിന്റെ ആഴവും അര്‍ത്ഥവും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി അവര്‍ അതിമനോഹരമായി നിറവേറ്റി.

വടക്കന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം

വടക്കന്‍ ഒരു പരീക്ഷണചിത്രമാണെന്നും തിയേറ്ററിലെ സാധാരണ പ്രേക്ഷകര്‍ക്ക് ഒരുപക്ഷെ ഇഷ്ടമാവില്ലെന്നും ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. വടക്കന്‍ കുറച്ചുകൂടി പുരോഗമിച്ച പ്രേക്ഷകര്‍ക്കായി തയ്യാറാക്കിയത്. ബ്രസല്‍സ് ഫെസ്റ്റിവല്‍സിലടക്കം ചിത്രം പ്രദര്‍ശിപ്പിക്കപ്പെടാനുള്ള കാരണവും അതാണ്.

കേരളത്തില്‍ നിന്നും ഇത്തരത്തിലുള്ള അധികം സിനിമകള്‍ വരാതിരിക്കാനുള്ള കാരണവും ഇവിടുത്തെ പ്രേക്ഷകരാണ്. സാധാരണ പ്രേക്ഷകര്‍ക്ക് തമിഴ് - തെലുങ്ക് മസാല സിനിമകളാണ് ഇപ്പോഴും ആവശ്യം. ഭ്രമയുഗം,ഭൂതകാലം,വടക്കന്‍ തുടങ്ങിയ സിനിമകള്‍ എണ്‍പതുകളില്‍ വന്ന ചിത്രങ്ങളെ പോലെ നിങ്ങളുടെ ബുദ്ധിയെ തൊട്ടുണര്‍ത്തുന്ന സിനിമകളാണ്. വടക്കന്‍ മാസ് സിനിമയല്ലെന്നും ഇതുവരെ ആരും ചെയ്യാത്ത നരേറ്റീവാണെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടപ്പെടില്ലെന്നും അറിയാമായിരുന്നു. ഇപ്പോള്‍ വടക്കന്‍ സിനിമയെ കുറിച്ച് പലരും മികച്ച അഭിപ്രായങ്ങള്‍ എന്നെ അറിയിക്കുന്നുണ്ട്. അവര്‍ എല്ലാവരും മികച്ച വിദ്യാഭ്യാസ നിലവാരമുള്ളവരാണ്.

എന്നാല്‍ സാധാരണ പ്രേക്ഷകര്‍ ഈ സിനിമ കാണുമ്പോള്‍ എന്താണ് ഈ കാട്ടിക്കൂട്ടിയിരിക്കുന്നത്, ഡോക്യുമെന്ററി ആണല്ലോ എന്നൊക്കെ പറയും. കൃഷാന്ദിന്റെ ആവാസവ്യൂഹം തിയേറ്ററില്‍ വന്നാലും മലയാളി ഓഡിയന്‍സ് ഇതൊക്കെ പറയും. കാരണം മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്തവരാണ് മലയാളികള്‍, പക്ഷെ ബോളിവുഡ് അങ്ങനെയല്ല. ഞാന്‍ ബോംബെയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. ബോളിവുഡ് എപ്പോഴും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. ഇവിടെ അങ്ങനെയല്ല. പക്ഷെ, പണ്ടത്തെ മലയാളി പ്രേക്ഷകര്‍ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. അതേസമയം, ആളുകള്‍ക്ക് സിനിമയെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.

Content Highlights: Interview with Vadakkan movie director Sajeed A

dot image
To advertise here,contact us
dot image