പരീക്ഷണങ്ങളുടെ 'ഉലകനായകന്‍'; എന്നെന്നും പുതുമയുള്ള കമല്‍ ഹാസന്‍

രാഷ്ട്രീയ പ്രവേശനവും ഇടക്കാലത്തെ പരാജയങ്ങളും ചില സിനിമകള്‍ മുടങ്ങിയതുമെല്ലാമായി കുറച്ച് കാലം സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോള്‍ കമല്‍ യുഗം കഴിഞ്ഞുവെന്ന് പലരും പറഞ്ഞു. എന്നാല്‍ ആ പറച്ചിലിന് അധികം ആയുസ്സില്ലെന്ന് അദ്ദേഹം തെളിയിച്ചു

dot image

ഇന്ത്യന്‍ സിനിമയ്ക്ക് കമല്‍ ഹാസന്‍ എന്നാല്‍ ആരാണ്? ഒരു നടന്‍? സംവിധായകന്‍? നിര്‍മാതാവ്? ഇതെല്ലാമാണ് കമല്‍ ഹാസന്‍ എന്നാണ് അതിനുള്ള മറുപടി. എന്നാല് ഈ നിര്‍വചനങ്ങളില്‍ ഒന്നും ഒതുങ്ങുന്നുമില്ല കമല്‍ ഹാസന് എന്ന പ്രതിഭ. നടന്‍ എന്ന ചട്ടക്കൂടിന് പുറത്ത് കടന്ന് തിരക്കഥ, സംവിധാനം, നിര്‍മ്മാണം, വിതരണം, ഗാനരചന, സംഗീതം, ആലാപനം, നൃത്തസംവിധാനം, മേക്കപ്പ് എന്നിങ്ങനെ ഒരു സിനിമയുടെ സര്‍വ മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച കലാകാരന്‍, അതാണ് കമല്‍ ഹാസന്‍. സാന്നിധ്യം അറിയിച്ചു എന്ന് പറഞ്ഞാല്‍ പോര, എല്ലാ മേഖലകളിലും കമല്‍ നിറഞ്ഞു നിന്നു. കമല്‍ എന്ന സകലകലാവല്ലഭന്റെ മികവിനെ ലോക സിനിമ പോലും പലതവണ വാഴ്ത്തി പാടിയിട്ടുണ്ട്. അതിനാല് തന്നെ അക്ഷരം തെറ്റാതെ നമുക്ക് അദ്ദേഹത്തെ വിളിക്കാം ഉലകനായകന്‍ എന്ന്.

Kamal hassan

ആറാമത്തെ വയസ്സില് കളത്തൂര്‍ കണ്ണമ്മ എന്ന സിനിമയിലൂടെയാണ് കമല്‍ ഹാസന്‍ സിനിമാ ലോകത്തേക്ക് ആദ്യ കാലുവെച്ചത്. ആ വര്‍ഷം മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും നേടി തന്റെ അരങ്ങേറ്റം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില് അദ്ദേഹം കുറിച്ചിട്ടു. ബാലതാരമായും സഹനടനായും തുടങ്ങിയ ആ കരിയര്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധേയനായ നായക നടന്മാരില്‍ ഒരാളിലേക്ക് എത്തി. കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ കമല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ അഭിനേതാവും താരവുമായി. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി ഇവരൊക്കെ സിനിമാ രംഗത്ത് കാലെടുത്തു വക്കുന്ന സമയം ആയപ്പോഴേക്കും കമല്‍ സൂപ്പര്‍താരമായിരുന്നു… അതും അഞ്ച് ഭാഷകളില്. ഇന്നത്തെ സിനിമാ ഭാഷയില്‍ പറഞ്ഞാല് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍.

ഒരു ഘട്ടത്തില്‍ മറ്റൊരു നടനും സ്വപ്നം കാണാന്‍ കഴിയുന്നതിനപ്പുറമായിരുന്നു കമല്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡം. എന്നാല്‍ ആ താരപ്പകിട്ടില്‍ ഒതുങ്ങി നില്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കമല്‍ തന്റെ സിനിമകളിലൂടെ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേയിരുന്നു. ആ പരീക്ഷണങ്ങളില് പലതും തമിഴ് സിനിമയിലെ നാഴികക്കല്ലുകളുമായി മാറി. തമിഴില്‍ ആദ്യമായി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കമ്പ്യൂട്ടര് ഉപയോഗിച്ച ചിത്രമെന്ന ഖ്യാതിയുള്ള വിക്രം (1986), ആദ്യമായി സോഫ്റ്റ് വെയറില്‍ തിരക്കഥ എഴുതിയ തേവര്‍മകന്‍, ആദ്യമായി അവിഡ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത മഹാനദി, മോഷന് കണ്ട്രോള്‍ റിഗ് ഉപയോഗിച്ച ആളവന്താന്‍, ലൈവ് സൗണ്ട് ചെയ്ത വിരുമാണ്ടി എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

Kamalhassan Pics

സിനിമകളില് സജീവമായി നിലനില്‍ക്കാന്‍ എന്നും കാലത്തിനൊപ്പം സഞ്ചരിക്കണം എന്ന് പറയാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും അമിതാഭ് ബച്ചനും ഉള്‍പ്പടെയുള്ള പല താരങ്ങളും അത്തരത്തില്‍ കാലത്തിനൊപ്പം സഞ്ചരിച്ച് തന്നെയാണ് ഇപ്പോഴും സിനിമകളില് സജീവമായിരിക്കുന്നതും. എന്നാല്‍ കമല്‍ ഹാസന്‍ എന്ന കലാകാരനിലേക്ക് വന്നാല്‍ അയാളും അയാളുടെ സിനിമകളും എന്നും കാലത്തിന് മുന്നെയാണ് സഞ്ചരിച്ചത്. അപൂര്‍വ സഗോധരര്‍കള്‍

തന്നെ ഉദാഹരണമായെടുക്കാം. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില് മൂന്ന് വേഷങ്ങളിലാണ് കമല്‍ അഭിനയിച്ചത്. അതില്‍ അപ്പു എന്ന കഥാപാത്രത്തിന് പൊക്കം വളരെ കുറവാണ്. അപ്പുവിന് ആ ചിത്രത്തില്‍ ഡാന്‍സ് രംഗങ്ങളുണ്ട്, പ്രധാനപ്പെട്ട സംഘട്ടനങ്ങളുണ്ട്. സാങ്കേതിക വിദ്യകളുടെ സാധ്യത വളരെ കുറവായിരുന്ന ആ കാലത്ത് കമല്‍ എങ്ങനെ ഒരു മുഴുനീള കുറിയ കഥാപാത്രമായി എന്നത് സിനിമാ പ്രേമികള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന കാര്യമാണ്.

മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമ മറ്റൊരു ഉദാഹരണമായെടുക്കാം. സിനിമയില്‍ മൈക്കിള്‍, മദനഗോപാല്‍, കാമേശ്വരന്‍, സുബ്രഹ്‌മണ്യ രാജു എന്നിങ്ങനെ നാല് കഥാപാത്രങ്ങളായാണ് കമല്‍ അഭിനയിച്ചത്. സിനിമയില്‍ ഒരു രംഗത്തില് മദനും മൈക്കിളും അലമാരയുടെ കണ്ണാടിയിലൂടെ നോക്കുന്ന രംഗമുണ്ട്. ആ രംഗത്തില്‍ ഇരുവരുടെയും പ്രതിബിംബങ്ങള് ഒരേസമയം ആ കണ്ണാടിയിലൂടെ കാണുന്നുണ്ട്.

Kamal In Michel Madana Kamarajan

തൊട്ടടുത്ത രംഗത്തില് മദന്‍ മൈക്കിളിന് ഒരു കണ്ണാടി പിടിച്ചു കൊടുക്കുന്നതായി കാണിക്കുന്നുണ്ട്. ആ കണ്ണാടിയിലൂടെ മൈക്കിളിന്റെ പ്രതിബിംബവും കാണാം. ആ കാലഘട്ടത്തില്‍ ഇത്തരം രംഗങ്ങള്‍ ഒരുക്കിയതിനാല്‍ തന്നെയാണ് കമല്‍ ഒരു പാഠപുസ്തകമാണ് എന്ന് പലരും പറയുന്നത്. അതുകൊണ്ട് തന്നെയാണ് ദശാവതാരം ഫിലിം മേക്കിങ്ങിലെ പിഎച്ച്ഡിയാണെന്നും മൈക്കിള് മദന കാമരാജന്‍ ഒരു ഡിഗ്രി കോഴ്‌സാണെന്നും ഒരിക്കല്‍ അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞത്. കമല്‍ എന്ന ഇതിഹാസം, അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സ്‌റ്റൈലുകള്‍ എല്ലാം ഇന്ത്യന്‍ സിനിമയിലെ നിരവധി സംവിധായകരെ സ്വാധീനിച്ചിട്ടുണ്ട്. സത്യ എന്ന സിനിമയും അതിലെ കമലിന്റെ ഇടിവളയും ഗൗതം മേനോനെയും ലോകേഷ് കനകരാജിനെയും സ്വാധീനിച്ചത് ചെറിയ ഉദാഹരണം മാത്രം.

കമല്‍ സ്വാധീനിച്ചവരുടെ പട്ടിക അത് ഇന്ത്യന്‍ സിനിമയില് മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല. അതങ്ങ് ഹോളിവുഡ് വരെയെത്തും. ഹോളിവുഡ് എന്ന് പറയുമ്പോള് സാക്ഷാല്‍ ക്വെന്റിന്‍ ടാരന്റിനോ വരെ. ടാരന്റിനോയുടെ ഹിറ്റ് ചിത്രമായ കില്‍ ബില്ലിലെ ആനിമേറ്റഡ് സീക്വന്‍സുകള്‍ക്ക് പ്രചോദനമായത് കമല്‍ ഹാസന്‍ ഒരുക്കിയ ആളവന്താന്‍ എന്ന സിനിമയിലെ ചില രംഗങ്ങളാണ്. ദശാവതാരത്തിലെ ബട്ടര്‍ഫ്‌ളൈ എഫക്ടും മന്മഥന്‍ അമ്പിലെ റിവേഴ്‌സ് സോങ്ങും… അങ്ങനെ എണ്ണിയാല് ഒതുങ്ങുന്നതല്ല കമല്‍ ഫിലിം മേക്കേഴ്‌സിനും സിനിമാപ്രേമികള്‍ക്കും നല്‍കിയ സംഭാവനകള്‍.

ഇന്ന് ഒടിടി പ്ലാറ്റ്‌ഫോമുകൾ ചർച്ചയാവുമ്പോൾ ഒടിടി റിലീസ് എന്ന ആശയത്തിന് ഇന്ത്യൻ സിനിമയിൽ തുടക്കം കുറിച്ചതും കമൽഹാസനായിരുന്നു. 2012 ൽ വിശ്വരൂപം എന്ന ചിത്രത്തിന്റെ റിലീസിനൊപ്പം തന്നെ ഡിടിഎച്ചിലൂടെ പണം മുൻകൂറായി അടച്ചവർക്ക് സിനിമ കാണാനുള്ള ആശയം കമൽ അവതരിപ്പിച്ചു. എന്നാൽ വ്യപകമായ വിമർശനങ്ങളായിരുന്നു അന്ന് കമൽ നേരിട്ടത്. 'ഇത് പുതിയ വഴിയാണ് നാളെയിത് പൊതുവഴിയാകും' എന്നതായിരുന്നു കമൽ ഹാസൻ നൽകിയ മറുപടി. നല്ലതിനെ ഏപ്പോഴും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഒടിടി റിലീസ് സിനിമയുടെ അഭിവാജ്യഘടകങ്ങളിൽ ഒന്നായി മാറി.

തന്റെ എഴുപതാം വയസിലും സിനിമയ്ക്കായി പുതിയ സാധ്യതകൾ പഠിക്കുന്ന വിദ്യാർത്ഥിയാണ് കമൽ. അടുത്ത കാലത്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള കോഴ്‌സ് പഠിക്കുന്നതിനായി കമൽ അമേരിക്കയിലേക്ക് പറന്നത്. 90 ദിവസത്തെ കോഴ്‌സ് പൂർത്തിയാക്കിയ കമൽ തന്റെ മുടങ്ങി പോയ സ്വപ്‌ന പദ്ധതിയായ 'മരുതനായകം' പൂർത്തിയാക്കാനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


27 വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച മരുതനായകം സാമുവൽ ചാൾസ് ഹില്ലിന്റെ 'യൂസഫ് ഖാൻ' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു. ചിത്രത്തിന്റെ നിർണായക രംഗങ്ങൾ അന്ന് പൂർത്തിയാക്കിയെങ്കിലും ചിത്രീകരണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. അറുപത്തിയഞ്ച് കൊല്ലമാവുന്നു കമൽ സിനിമ ലോകത്ത് എത്തിയിട്ട്. തന്റെ രാഷ്ട്രീയ പ്രവേശനവും ഇടക്കാലത്തെ പരാജയങ്ങളും ചില സിനിമകള്‍ മുടങ്ങിയതുമെല്ലാമായി കുറച്ച് കാലം സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോള്‍ കമല്‍ യുഗം കഴിഞ്ഞുവെന്ന് പലരും പറഞ്ഞു. എന്നാല്‍ ആ പറച്ചിലിന് അധികം ആയുസ്സില്ലെന്ന് അദ്ദേഹം വിക്രമിലൂടെ തെളിയിച്ചു. ഇപ്പോള്‍ 37 വര്‍ഷത്തിന് ശേഷം മണിരത്‌നവുമായി ഒന്നിക്കുന്ന തഗ് ലൈഫ് ഇതാ വരാനിരിക്കുന്നു. നിര്‍മാതാവ് കൂടിയായ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസറില്‍ തന്നെ പുത്തന്‍ സാങ്കേതികവിദ്യയുടെ മനോഹരമായ ആവിഷ്‌കാരം കമല്‍ ഹാസന്‍ കാണിച്ചു തന്നു.

Kamalhassan Marathanayakam

കാരണം അത് കമല്‍ ഹാസനാണ്… അയാള്‍ പരീക്ഷിച്ചുകൊണ്ടേയിരിക്കും…

Content Highlights : A Look back into Kamal Haasan's experiments in cinema

dot image
To advertise here,contact us
dot image