ഉർവശി, ജഗദീഷ്, വിജയരാഘവൻ... പ്രകടനം കൊണ്ട് 2024ൽ ഞെട്ടിച്ച അഭിനേതാക്കൾ

സീനിയർ അഭിനേതാക്കളും പുതുമുഖങ്ങളും ഒരുപോലെ ഞെട്ടിച്ച വർഷത്തിൽ പ്രേക്ഷകശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളുണ്ടായി

രാഹുൽ ബി
1 min read|31 Dec 2024, 01:09 pm
dot image

മികച്ച പ്രകടനങ്ങളാലും സിനിമകളാലും മലയാള സിനിമ ഞെട്ടിച്ച വർഷമായിരുന്നു 2024. ബോക്സ് ഓഫീസിൽ കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമ്പോഴും നിരൂപക പ്രശംസ കൊണ്ടും പല സിനിമകളും മുന്നിട്ട് നിന്നു. സീനിയർ അഭിനേതാക്കളും പുതുമുഖങ്ങളും ഒരുപോലെ ഞെട്ടിച്ച വർഷത്തിൽ പ്രേക്ഷകശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളുണ്ടായി. അത്തരത്തിൽ 2024 ൽ പ്രകടനം കൊണ്ട് ഞെട്ടിച്ച ചില അഭിനേതാക്കൾ ഇവരൊക്കെയാണ്.

1 . ജഗദീഷ് - ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധാ കാണ്ഡം, ഹലോ മമ്മി, മാർക്കോ

ജഗദീഷ് വേർഷൻ 2.0 യിലെ അടുത്ത അധ്യായമായിരുന്നു 2024. മികച്ച സിനിമകളും മികച്ച പ്രകടനമുഹൂർത്തങ്ങളും ഈ വർഷവും ജഗദീഷിനെ തേടിയെത്തി. ഗുരുവായൂരമ്പല നടയിലിലെ അച്ഛനായ സുദേവനും ഹലോ മമ്മിയിലെ ചിരിപ്പിച്ചു വീഴ്ത്തിയ സാമുവേലും തമാശയുടെ മേമ്പൊടിയുള്ള ജഗദീഷ് കഥാപാത്രങ്ങളായിരുന്നെങ്കിൽ കിഷ്കിന്ധാ കാണ്ഡവും മാർക്കോയും ജഗദീഷിനുള്ളിലെ മറ്റൊരു വേരിയേഷൻ ആയിരുന്നു. മാർക്കോയിലെ ടോണി ഐസക്ക് ഇന്നുവരെ കണ്ട ജഗദീഷ് ഭാവങ്ങളിൽ നിന്നും വളരെ സട്ടിൽ ആയ വില്ലൻ പ്രകടനമായിരുന്നു.

JAGADEESH

2 . ഉർവശി - ഉള്ളൊഴുക്ക്

അനേകം ഇമോഷനുകൾ ഉള്ളിലൂടെ കലങ്ങിമറിഞ്ഞ് അവയെ ചെറിയ നോട്ടങ്ങൾകൊണ്ട് പോലും കാഴ്ചക്കാരന്റെ ഉള്ള് തറക്കും വിധം എത്തിച്ച പ്രകടനമായിരുന്നു ഉള്ളൊഴുക്കിലെ ഉർവശിയുടേത്. ലീലാമ്മയായി സർവ്വതും നൽകിയുള്ള പരകായപ്രവേശം. തന്റെ മകന്റെ കുഞ്ഞ് അഞ്ജുവിന്റെ ഉള്ളിൽ വളരുന്നുണ്ടെന്ന് അറിയുമ്പോഴുള്ള ലീലാമ്മയുടെ സന്തോഷവും സ്നേഹപ്രകടനങ്ങളും തുടർന്ന് അത് മറ്റൊരാളുടെ കുഞ്ഞാണെന്ന് അറിയുമ്പോഴുള്ള ലീലാമ്മയുടെ വെറുപ്പും ഉർവശിയിലെ തേച്ചുമിനിക്കിയ അഭിനേതാവ് മികച്ചതാക്കി.

URVASHI

3 . വിജയരാഘവൻ - കിഷ്കിന്ധാ കാണ്ഡം, റൈഫിൾ ക്ലബ്

അപ്പുപിള്ളയും അയാളുടെ അവസാനിക്കാത്ത അന്വേഷണവും മലയാളികളെ 2024 ൽ ഞെട്ടിച്ചപ്പോൾ അതിൽ വിജയരാഘവൻ എന്ന അഭിനേതാവ് നൽകിയ സൂക്ഷ്മമായ പ്രകടനം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ അനുഭവമായി മാറി. കിഷ്കിന്ധാ കാണ്ഡം മലയാള സിനിമയിലെ ത്രില്ലർ ഴോണറിൽ ഒരു പുതിയ അധ്യായം എഴുതി ചേർത്തപ്പോൾ അവിടെ വിജയരാഘവനിലെ അപ്പു പിള്ള പ്രകടനത്തിൽ പുതിയ തലങ്ങൾ സൃഷ്ട്ടിച്ചു. എന്തൊക്കെയോ മറന്നെന്ന അപ്പുപിള്ളയുടെ തോന്നലിനെ ശരീരഭാഷ കൊണ്ടും പ്രകടനത്തിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടും വിജയരാഘവൻ മനോഹരമാക്കി.

VIJAYARAGHAVAN

4 . സുരാജ് വെഞ്ഞാറമൂട് - ഇഡി, മുറ, അഡിയോസ് അമിഗോ

ഒരു സമയത്ത് തമാശകളും പിന്നീട് സീരിയസ് റോളുകളിലേക്കും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട സുരാജ് വെഞ്ഞാറമൂട് ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024 . ആസിഫ് അലിക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്നു ഞെട്ടിച്ച അഡിയോസ് അമിഗോയിലെ പ്രിയനും മുറയിലെ നെഗറ്റീവ് ഷേഡുള്ള അനി അണ്ണനും, ഇഡിയിലെ എക്സെൻട്രിക്ക് ആയ ബിനുവും വൈവിധ്യമാർന്ന ഭാവങ്ങളാൽ അത്ഭുതപ്പെടുത്തിയ സുരാജ് പ്രകടനങ്ങളായി.

5 . കോട്ടയം നസീർ - തലവൻ, വാഴ

രണ്ട്‌ വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രത്തെ അനായാസം ചെയ്ത് ഫലിപ്പിച്ച് 2024 ൽ കോട്ടയം നസീർ കൈയ്യടി നേടി. തലവനിലെ സിപിഒ രഘുവും വാഴയിലെ അച്ഛൻ കഥാപാത്രമായ രാധാകൃഷ്ണനും കോട്ടയം നസീറിലെ അഭിനേതാവിന്റെ മികച്ച പ്രകടനങ്ങളാണ്. തലവനിൽ ആസിഫിനെ ഭീഷണിപ്പെടുന്ന രംഗവും വാഴയിൽ മകൻ വിഷ്ണുവുമായിട്ടുള്ള പൊട്ടിത്തെറിയുമെല്ലാം എടുത്തു പറയേണ്ട സീനുകളായി മാറി.

6 . സിദ്ധാർഥ് ഭരതൻ - ഭ്രമയുഗം, സൂക്ഷ്മദർശിനി

'ദിസ് ഈസ് നോട്ട് എ കോണച്ച പ്ലാൻ'- 2024 ലെ ട്രെൻഡുകളിൽ സ്ഥാനം പിടിച്ച സൂക്ഷ്മദർശിനിയിലെ ഈ ഡയലോഗ് സിദ്ധാർഥ് ഭരതന് സ്വന്തം. ഭ്രമയുഗത്തിലെ പോറ്റിയുടെ പാചകക്കാരനും സൂക്ഷ്മദർശിനിയിലെ എല്ലാവരെയും ചിരിപ്പിച്ച ഡോക്ടർ ജോണും വളരെ കാലത്തിന് ശേഷം സിദ്ധാർഥിലെ അഭിനേതാവിനെ പൂർണമായി ഉപയോഗിച്ച കഥാപാത്രങ്ങളായി.

7 . ദിലീഷ് പോത്തൻ - ഗോളം, തലവൻ, റൈഫിൾ ക്ലബ്

വർഷാവസാനം തിയേറ്ററിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച റൈഫിൾ ക്ലബ്ബിലെ സെക്രട്ടറി അവറാനും ഗോളത്തിലെ ഐസക്ക് ജോണും തലവനിലെ ഡിവൈഎസ്പി ഉദയഭാനുവും ദിലീഷ് പോത്തനെ പ്രേക്ഷകരിലേക്ക് കൂടുതൽ ചേർത്തുനിർത്തി.

DILEESH POTHAN
SHAJON

8 . കലാഭവൻ ഷാജോൺ - ആട്ടം, സിഐഡി രാമചന്ദ്രൻ റിട്ട. എസ്.ഐ

ആട്ടത്തിലെ സിനിമാ താരം ഹരിയും സിഐഡി രാമചന്ദ്രനും 2024ൽ ഷാജോണിലെ അഭിനേതാവിനെ ചൂഷണം ചെയ്ത കഥാപാത്രങ്ങളായി. ക്ലൈമാക്സിനോട് അടുക്കുമ്പോൾ നാടക ടീമിനെ വിളിച്ച് അവരെ താൻ ബുദ്ധിപരമായി പറ്റിച്ചെന്ന് പറയുന്ന സീനിൽ ഷാജോണിലെ അഭിനേതാവ് മികച്ചു നിന്നു.

Content Highlights: Actors who surprised with good performances in 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us