'കുത്തൊഴുക്കില്‍ പെടാന്‍ സാധ്യതയുണ്ടോ ഈ ചെറുപ്പക്കാരന്‍ എന്ന സംശയം എനിക്ക് ഇല്ലാതില്ല. അഭിനയത്തെപ്പറ്റി സെന്‍സും കാര്യങ്ങളുമുണ്ട്. പക്ഷെ പേരുവെള്ളപാച്ചിലിലേക്ക് കോട്ടും സൂട്ടും കൂളിംഗ് ഗ്ലാസുമിട്ട് ചാടാനാണ് സാധ്യത എന്ന് എനിക്ക് തോന്നുന്നു' വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ ആസിഫ് അലിയെക്കുറിച്ച് പറഞ്ഞ അഭിപ്രായമാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം സ്വയം നടത്തിയ പരീക്ഷണങ്ങളിലൂടെ പല സമകാലികരേക്കാളും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ആസിഫ് എന്ന അഭിനേതാവിന് കഴിഞ്ഞു. അത് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ഒരേ ശ്രേണിയിലുള്ള കഥാപാത്രങ്ങളുടെ സ്വഭാവത്തിലെ വൈവിധ്യങ്ങള്‍ കൊണ്ടുകൂടിയാണ്.
ആസിഫ് അലി അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങള്‍ തന്നെ ഉദാഹരണമായെടുക്കാം. സിവില്‍ പൊലീസ് മുതല്‍ ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരായി വരെ ആസിഫ് അലി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവരെല്ലാം തന്നെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ ഉള്ളവരായിരുന്നു. ഇത് താന്‍ടാ പൊലീസ്, കൂമന്‍ എന്നീ സിനിമകളില്‍ ആസിഫ് കഥാപാത്രങ്ങള്‍ രണ്ടുപേരും സിപിഒമാരാണ്. എന്നാല്‍ ഒരു തരത്തിലും ഈ കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ സാമ്യതകള്‍ കണ്ടെത്താന്‍ കഴിയില്ല. ഇത് താന്‍ടാ പൊലീസില്‍ സി പി ഒ രാമകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചത്. അല്‍പ്പസ്വല്‍പ്പം ഉഴപ്പൊക്കെയുള്ള ഒരു യുവാവാണ് രാമകൃഷ്ണന്‍. അതുകൊണ്ട് തന്നെ പല പ്രശ്‌നങ്ങളിലും അയാള്‍ ചെന്ന് ചാടുന്നുമുണ്ട്. ആ സിനിമയോ കഥാപാത്രമോ അത്രത്തോളം ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നില്ലെങ്കിലും 'EASY GOING' സ്വഭാവമുള്ള ആ കഥാപാത്രത്തെ ആസിഫ് രസകരമായി തന്നെ അവതരിപ്പിച്ചു.
കൂമനിലേക്ക് വന്നാല്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ആസിഫിന്റെ സി പി ഒ ഗിരി. ഏറെ പ്രതികാരബുദ്ധിയുള്ള, ആ പ്രതികാരം വീട്ടുന്നതിന് ഏതറ്റം വരെയും പോകുന്ന ഒരാള്‍. അയാളില്‍ ഒരു പൊലീസുകാരന്റെ അന്വേഷണ പാടവവും ഉണ്ടായിരുന്നു. സിനിമയുടെ ആദ്യരംഗങ്ങളില്‍ കാണിക്കുന്ന ഒരു മോഷണത്തിന്റെ അന്വേഷണത്തില്‍ അത് വ്യക്തമാകുന്നുണ്ട്. ആ നിമിഷങ്ങളില്‍ ഒരു സാധാരണ പൊലീസുകാരന്റെ പെരുമാറ്റം അതിമനോഹരമായി തന്നെ ആസിഫ് കാണിക്കുന്നുണ്ട്. പിന്നീട് അങ്ങോട്ട് ഗിരിയുടെ പകയും ഭയവും അങ്ങനെ ഓരോ മാനറിസവും ആസിഫിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ആസിഫിനെ കണ്ണുകൊണ്ട് അഭിനയിക്കുന്ന നടന്‍ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണം എത്രത്തോളം അയാള്‍ക്ക് യോജിക്കുന്നുണ്ട് എന്ന് കൂമന്‍ കാണുമ്പോള്‍ മനസിലാകും. ത്രില്ലര്‍ സ്വഭാവത്തില്‍ കഥ പറയുന്ന സിനിമയുടെ ആ ത്രില്ലിംഗ് മൂഡിനെ പിടിച്ചുനിര്‍ത്തുന്നതില്‍ ആസിഫ് എന്ന അഭിനേതാവിന്റെ UNPREDICTABLITY ഏറെ സഹായിച്ചിട്ടുണ്ട്.
ഈ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സിനിമാറ്റിക് ഇലമന്റ്‌സ് ഒന്നുമില്ലാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ സി ഐ സാജന്‍ ഫിലിപ്പ്. ഒരു ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്തേക്ക് പോകുന്ന അന്വേഷണ സംഘത്തെ നയിക്കുന്ന ഉദ്യോഗസ്ഥനാണ് അയാള്‍. റിയലിസ്റ്റിക്കായി കഥ പറഞ്ഞ സിനിമയില്‍ പ്രതികളെ തേടി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പോകുന്ന പൊലീസുകാരന്റെ ബുദ്ധിമുട്ടുകളും നിസ്സഹായതയുമെല്ലാം ആസിഫ് അവതരിപ്പിക്കുമ്പോള്‍ അതിന് തീവ്രത കൂടുകയാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലേറ്റ തിരിച്ചടികള്‍ക്ക് ബോക്‌സ് ഓഫീസ് വിജയങ്ങളിലൂടെയും മിന്നുന്ന പ്രകടനങ്ങളിലൂടെയും ആസിഫ് അലി മറുപടി കൊടുത്ത വര്‍ഷമായിരുന്നു 2024. ആ മറുപടിക്ക് തുടക്കം കുറിച്ചത് ഒരു പൊലീസ് കഥാപാത്രമാണ്, തലവന്‍ എന്ന സിനിമയിലെ എസ് ഐ കാര്‍ത്തിക്. മേല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പോലും തന്റെ ഈഗോ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ആളാണ് കാര്‍ത്തിക്. അത് ആദ്യ രംഗങ്ങളില്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്. ഇടക്ക് കോട്ടയം നസീറിന്റെ കഥാപാത്രത്തോട് 'ഇടിച്ച് ഞാന്‍ പിഴിയും...' എന്ന് പറയുന്ന നിമിഷങ്ങളില്‍ അയാള്‍ ഒരു 'തനി പൊലീസുകാരനു'മാകുന്നുണ്ട്. ആ സീനിലെ ആസിഫിന്റെ സൗണ്ട് മോഡുലേഷനും മുഖഭാവവും അതിലെ ഹീറോയിസവും എടുത്ത് പറയേണ്ട ഒന്നാണ്.
തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി ഏതറ്റം വരെ പോകുന്ന എസ് ഐ കാര്‍ത്തിക് ആസിഫിന്റെ കൈയില്‍ ഭദ്രമായിരുന്നു. അയാള്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ ആസിഫിന്റെ മറ്റൊരു പൊലീസ് കഥാപാത്രവും പ്രേക്ഷകരുടെ മനസ്സില്‍ വരില്ല. മമ്മൂട്ടിയുടെ ടര്‍ബോക്കൊപ്പമെത്തി തലവന്‍ വലിയ വിജയം നേടിയപ്പോള്‍ ആസിഫിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടു. അത് ആസിഫ് അലി എന്ന നടന് നല്‍കിയ ഊര്‍ജം എത്രയെന്ന് തലവന്‍ റിലീസ് ചെയ്ത ദിവസം അയാളുടെ കണ്ണുകള്‍ പറഞ്ഞുതന്നു.
ഈ വൈവിധ്യമാര്‍ന്ന കേന്ദ്ര കഥാപാത്രങ്ങള്‍ക്കിടയില്‍ ആസിഫിന്റെ ഒരു പൊലീസ് കഥാപാത്രം ഒരു ട്രെയിന്‍ യാത്ര നടത്തിയിട്ടുണ്ട്... മണി സാറിനും സംഘത്തിനുമുള്ള ഉണ്ടയുമായി. വളരെ കുറച്ച് മാത്രമേയുള്ളൂ എങ്കിലും ഉള്ള രംഗത്തില്‍ ആസിഫിന്റെ എസ് ഐ രാജന്‍ എന്ന കാമിയോ പൊലീസ് ചിരി പടര്‍ത്തുന്നുണ്ട്.
അങ്ങനെ റിയാലിസ്റ്റിക്കും സിനിമാറ്റിക്കുമായ ചിത്രങ്ങളില്‍ ഹീറോയിസവും നെഗറ്റീവ് ഷെയ്ഡുമുള്ള വൈവിധ്യമാര്‍ന്ന പൊലീസുകാരെ പകര്‍ന്നാടാന്‍ ആസിഫ് അലിക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റു പല സമകാലികരായ നടന്മാരും പൊലീസ് വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ടെങ്കിലും ആസിഫിനോളം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്തവര്‍ കുറവാണ്. മമ്മൂട്ടിക്ക് ശേഷം പൊലീസ് കഥാപാത്രങ്ങളില്‍ ഇത്രയും വ്യത്യസ്ത കൊണ്ടുവന്ന അഭിനേതാക്കളില്‍ മുന്‍നിരയില്‍ ആസിഫ് ഉണ്ടാകും.
ആസിഫിന്റെ പുതുവര്‍ഷം ആരംഭിക്കുന്നത് രേഖാചിത്രം എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലും സി ഐ വിവേക് ഗോപിനാഥ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ആസിഫ് വീണ്ടും കാക്കി കുപ്പായം അണിയുമ്പോള്‍ അവിടെ സി പി ഒ ഗിരിയേയോ എസ് ഐ കാര്‍ത്തിക്കിനെയോ കാണാന്‍ കഴിയില്ല... എന്തിനേറെ ആസിഫ് അലിയെ പോലും കാണാന്‍ കഴിയില്ല. തന്റെ കണ്ണുകള്‍ കൊണ്ടും ശരീര ഭാഷ കൊണ്ടുമെല്ലാം ആ കഥാപാത്രത്തിന് അയാള്‍ മറ്റൊരു മുഖം നല്‍കും. മമ്മൂട്ടിയെക്കുറിച്ച് പറയുന്ന വാചകം കടമെടുത്താല്‍, ആസിഫ് സ്വയം മിനുക്കി കൊണ്ടിരിക്കുന്ന നടനാണ്, ഇനിയും മിനുക്കിയാല്‍ കൂടുതല്‍ തിളങ്ങും...
Content Highlights: Asif Ali with different shades of police characters in Films