മലയാളത്തിന്റ ബാഹുബലി അല്ല... ഒരേയൊരു 'വടക്കൻ വീരഗാഥ'; ഹരിഹരന്‍-എംടി-മമ്മൂട്ടി മാജിക്ക് വീണ്ടും എത്തുമ്പോൾ

36 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വടക്കന്‍ വീരഗാഥ വീണ്ടുമെത്തുമ്പോള്‍ അത് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ഏടാണ്

dot image

തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി... ഈ വരികള്‍ മാത്രം മതി വടക്കന്‍പാട്ടുകളിലെ ചതിയന്‍ ചന്തുവിന് എം ടി എന്ന അതികായന്‍ നല്‍കിയ പുതിയ മുഖം എന്തെന്ന് വരച്ചുകാട്ടാന്‍. എം ടിയുടെ ശക്തമായ തൂലികയില്‍ പിറന്ന ആറ്റിക്കുറുക്കിയ ഡയലോഗുകള്‍ക്ക് ഹരിഹരന്റെ സംവിധാന മികവില്‍ മമ്മൂട്ടി തന്റെ ശബ്ദ-ശരീര ഭാഷ കൊണ്ട് പുതിയ മാനങ്ങള്‍ നല്‍കിയപ്പോള്‍ പിറന്നത് മലയാള സിനിമയുടെ എവര്‍ ക്ലാസിക് ചിത്രവും കഥാപാത്രവുമാണ്. 36 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വടക്കന്‍ വീരഗാഥ വീണ്ടുമെത്തുമ്പോള്‍ അത് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ഏടാണ്.

ഏതൊരു സിനിമാപ്രേമിക്കും എം ടിയുടെ രചനകള്‍ ഒരു പാഠപുസ്തകമാണ് എന്ന് പറയാറുണ്ട്. വടക്കന്‍ വീരഗാഥ അതിന് ഒരു ഉത്തമ ഉദാഹരണമാണ്. വടക്കന്‍ പാട്ടുകളിലൂടെ സുപരിചിതമായ സംഭവങ്ങള്‍ക്കെല്ലാം പുതിയൊരു ഭാവം നല്‍കുമ്പോള്‍ ആ കഥകളിലെ ധീരയോദ്ധാക്കള്‍ക്കെല്ലാം മാനുഷികതയുടെ മുഖം കൂടി അദ്ദേഹം നല്‍കിയിരുന്നു. 'ആനയെ മയക്കേണ്ട ആവശ്യം വരുന്നില്ല അങ്ക ചേകവന്. ആളുകള്‍ പറയുമ്പോള്‍ അതും ഒരു കീര്‍ത്തി ആയിരിക്കട്ടെ എന്ന് വെച്ച് അറിയില്ലെന്ന് പറയാറില്ല' എന്ന് പറയുമ്പോള്‍ വടക്കന്‍ പാട്ടുകളിലെ ചതിയന്‍ അരിങ്ങോടര്‍ ഒരു സാധാരണ മനുഷ്യനായി മാറുകയാണ്. അങ്ങനെ കഥാപാത്ര രചനകള്‍ കൊണ്ടും അവയുടെ അതിമനോഹരമായ അവതരണം കൊണ്ട് എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് വടക്കന്‍ വീരഗാഥ.

ഒരു വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ ചിത്രം

മമ്മൂട്ടിയുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനം തന്നെയാണ് ഒരു വടക്കന്‍ വീരഗാഥയെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കിയത്. വടക്കന്‍ പാട്ടുകളിലെ ചതിയന്‍ കഥാപാത്രത്തിന് മമ്മൂട്ടി മുഖം നല്‍കിയപ്പോള്‍ അയാള്‍ ഒരു നായകനായി മാറി, ധീരനായ യോദ്ധാവായി, അതിനുമപ്പുറം എല്ലായിടത്തും തോറ്റുപോയ ഒരു സാധാരണ മനുഷ്യനായി. 'അങ്കമുറകൊണ്ടും ആയുധബലംകൊണ്ടും ചതിയന്‍ ചന്തുവിനെ തോല്പിക്കാന്‍ ആണായിപിറന്നവരാരുമില്ല' എന്ന് പറയുമ്പോള്‍ ഒരേസമയം ഒരു യോദ്ധാവിന്റെ ധൈര്യവും എല്ലായിടത്തും തോറ്റുപോയ ഒരാളുടെ വേദന നിറഞ്ഞ ശബ്ദവും ചന്തുവിനുണ്ട്.

അതിമനോഹരമായ ഗാനങ്ങള്‍ കൊണ്ടും സമ്പന്നമായ ചിത്രമാണ് വടക്കന്‍ വീരഗാഥ. 'കളരിവിളക്ക്

തെളിഞ്ഞതാണോ...', 'ചന്ദനലേപ സുഗന്ധം ചൂടിയത് ആരോ...' ഒരു നായകനെയും നായികയെയും വര്‍ണ്ണിച്ചുകൊണ്ട് ഇത്ര മനോഹരമായ ഗാനങ്ങള്‍ വേറെയുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കെ ജയകുമാറിന്റെ വരികളും ബോംബെ രവിയുടെ സംഗീതവും ചേര്‍ന്നപ്പോഴുള്ള മികവ് തന്നെയാണ് അതിന് കാരണം.

സിനിമയുടെ തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായരും നിര്‍മാതാവ് പി വി ഗംഗാധരനും സംഗീതം ഒരുക്കിയ ബോംബെ രവിയും ഉള്‍പ്പടെ ക്യാമറയ്ക്ക് പുറകിലും ബാലന്‍ കെ നായരും ക്യാപ്റ്റന്‍ രാജുവും ഉള്‍പ്പടെ ക്യാമറക്ക് മുന്നിലും പ്രവര്‍ത്തിച്ച പല പ്രഗത്ഭരും ഇന്ന് നമുക്കൊപ്പമില്ല. വടക്കന്‍ വീരഗാഥ വീണ്ടും തിയേറ്ററുകളിലെത്തുമ്പോള്‍ മണ്മറഞ്ഞ നിരവധി കലാകാരന്മാരുടെ കലാമികവ് കൂടിയാണ് ഒരിക്കല്‍ കൂടി തിരശീലയിലെത്തുന്നത്.

1989 ലായിരുന്നു ഒരു വടക്കന്‍ വീരഗാഥ റിലീസ് ചെയ്തത്. സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ നന്നേ കുറഞ്ഞ കാലഘട്ടത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. എന്നാല്‍ ഇന്ന് ബ്രഹ്‌മാണ്ഡ സിനിമകള്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പല സിനിമകളേക്കാള്‍ മേക്കിങ്ങില്‍ അത്ഭുതമാം വിധം നിലവാരം പുലര്‍ത്തിയ ചിത്രം തന്നെയാണ് വടക്കന്‍ വീരഗാഥ. തന്നെ ചതിയനാക്കിയവരുടെ തലയറുക്കാന്‍ കുതിരപ്പുറത്ത് വരുന്ന ചന്തുവിന്റെ രംഗങ്ങള്‍ തന്നെ ഉദാഹരണമായെടുക്കാം. വലിയ മതിലിന് മുകളിലൂടെ കുതിരയെ ചാടിച്ച് എതിര്‍ക്കാന്‍ വരുന്നവരെയെല്ലാം തന്റെ ആയോധന മികവ് കൊണ്ട് കീഴ്പ്പെടുത്തി ചന്തു പോകുന്ന രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ലഭ്യമായ സാങ്കേതികവിദ്യകളെ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍, ഏറ്റവും മനോഹരമായി ഉപയോഗിക്കുന്ന ഹരിഹരന്‍ എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്.

ഒരു വടക്കന്‍ വീരഗാഥയിലെ ചിത്രം

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പുതിയ തലമുറക്ക് മുന്നിലാണ് ചിത്രം വീണ്ടും തിരശീലയിലെത്തുന്നത്, അതും 4കെ ദൃശ്യമികവോടെ, തെളിവാര്‍ന്ന ശബ്ദമികവോടെ. തങ്ങളുടെ സ്വീകരണ മുറിയിലെ ടെലിവിഷനുകളിലും മൊബൈല്‍ ഫോണിലെ ചെറിയ സ്‌ക്രീനിലും മാത്രം കണ്ടിട്ടുള്ള ഒരു തലമുറയ്ക്ക് മുന്നിലേക്ക് വടക്കന്‍ വീരഗാഥ എത്തുമ്പോള്‍ അവര്‍ക്ക് അതൊരു അവസരമാണ്, ഹരിഹരന്‍-എംടി-മമ്മൂട്ടി ടീം ഒരുക്കിയ ദൃശ്യമികവ് ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാനും അനുഭവിക്കാനുമുള്ള സുവര്‍ണ്ണാവസരം.

Content Highlights: Why should we watch Oru Vadakkan Veeragadha Re Release in theatres

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us