മമ്മൂട്ടി - ദാരികൻ, വിനായകൻ - ഭദ്രകാളി? എന്താണ് കളങ്കാവൽ?

കളങ്കാവൽ ഐതിഹ്യത്തിൽ പറഞ്ഞ ദാരികൻ ആകണം മമ്മൂട്ടി ഈ സിനിമയിൽ

dot image

നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന് 'കളങ്കാവൽ' എന്ന് പേരിട്ടത് കണ്ടു. വളരെ വ്യത്യസ്തമായ, എന്നാൽ വളരെ ആകർഷിക്കുന്ന ഒരു ടൈറ്റിൽ. അപ്പോൾ എന്താണ് 'കളങ്കാവൽ' എന്നറിയാൻ ഒരു ആകാംഷ തോന്നി. ഈ ടൈറ്റിൽ ആദ്യം കേട്ടപ്പോൾ കണ്ണൂരിലെ 'തെയ്യം', പാലക്കാടൻ 'വേല' ഒക്കെയാണ് ഓർമ വന്നത്. ഇത് രണ്ടും അടിസ്ഥാനമാക്കി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. കളങ്കാവൽ എന്നത് തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് എന്നറിയാൻ കഴിഞ്ഞു.

എന്താണ് കളങ്കാവൽ?

'കളങ്കാവൽ' കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ്. അറിവ് പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഇത് നടക്കുക. ഈ ചടങ്ങ് പ്രധാനമായും ഒരു ദേവി ആചാരമാണ്. പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ വെള്ളായണി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തിലാണ് കളങ്കാവൽ പ്രധാനം ആയി നടക്കുക. ഈ ചടങ്ങിൽ, ദേവി 'ദാരികൻ' എന്ന അസുരനെ തേടി നാലു ദിക്കുകളിലേക്കും യാത്ര ചെയ്യുന്നു. ഈ സമയത്ത്, ദേവി ഭക്തരുടെ വീടുകളിൽ സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തുന്നു. അവരോട് വിശേഷങ്ങൾ തിരിച്ചറിയുന്നു. ദാരികനെ അന്വേഷിക്കുന്നു. ഈ സമയത്ത് ഓരോ വീട്ടിലും ഏകദേശം ഇരുപത് മിനിറ്റോളം ദേവിയുടെ സാന്നിധ്യം അനുഭവപ്പെടുന്നു എന്ന് പറയപ്പെടുന്നു. ഭക്തർ വീടുകൾ വൃത്തിയാക്കി, പെയിന്റ് ചെയ്ത്, അലങ്കാരങ്ങൾ ഒക്കെ ഒരുക്കി ദേവിയെ സ്വീകരിക്കുന്നു. കൂടാതെ സദ്യയും മറ്റു ആഘോഷങ്ങളും ഒരുക്കുന്നു.

ഈ ചടങ്ങ് മൂന്നു വർഷത്തിലൊരിക്കൽ വെള്ളായണി അമ്പലത്തിൽ നടക്കുന്ന 'കാളിയൂട്ടി'ന്റെ ഭാഗമായി നടക്കുന്നതാണ് എന്നതിനാൽ നാടും നാട്ടുകാരും ഈ ചടങ്ങ് കാണാൻ കാത്തിരിക്കും. കാളിയും ദേവിയും ഭേദമില്ലാത്ത പരമ ശക്തിയുടെ വ്യത്യസ്ത സ്വഭാവങ്ങളാണ്. നമ്മൾ 'കാന്താര' എന്ന ചിത്രത്തിൽ കണ്ടത് പോലെ ഒരേ രൂപത്തിന്റെ രണ്ട് ഭാവങ്ങൾ മാത്രമാണ് കാളിയും ദേവിയും. നന്മയ്ക്ക് വേണ്ടിയാണ് രണ്ട് ഭാവങ്ങളും നിലകൊള്ളുന്നത്. കാളി ക്രോധവും സംഹാരശക്തിയും പ്രതിനിധീകരിക്കുമ്പോൾ, ദേവി കാരുണ്യത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമാണ്. തന്റെ കർമത്തിന് അനുസരിച്ചു അവൾ കാളിയാകുകയും ദേവിയാകുകയും ചെയ്യുന്നു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നു കാളിയൂട്ടും കളങ്കാവലും എന്ന് ജനങ്ങൾ കരുതുന്നു.

ഐതിഹ്യം

പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കള്ളുചെത്തുകാരന്‍ താമസിച്ചിരുന്നു. അയാള്‍ പതിവായി തെങ്ങുകളില്‍ നിന്ന് കള്ളു ശേഖരിക്കാറുണ്ടായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി അയാളുടെ കള്ളുപാത്രത്തില്‍ കള്ള് കാണാനില്ലായിരുന്നു. ആരോ കള്ളം കുടിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ അയാള്‍ കള്ളനെ പിടിക്കാനായി രാത്രി കാവലിരുന്നു. അന്നേരം അയാള്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു തവള തെങ്ങില്‍ നിന്ന് തെങ്ങിലേക്ക് ചാടി കള്ളു കുടിക്കുന്നു! അയാള്‍ തവളയെ പിടിക്കാന്‍ ഒരുപാട് ശ്രമിച്ചു, പക്ഷേ തവള വളരെ വേഗത്തില്‍ ചാടി രക്ഷപ്പെട്ടു.

തവള കായലിലേക്ക് ചാടിയപ്പോള്‍ ദേഷ്യം വന്ന കള്ളുചെത്തുകാരന്‍ കയ്യിലിരുന്ന കല്ലെടുത്ത് തവളയെ എറിഞ്ഞു. കല്ല് തവളയുടെ കാലില്‍ കൊണ്ടു. വേദന സഹിക്കാനാവാതെ തവള കായലില്‍ മുങ്ങിപ്പോയി. കള്ളു നഷ്ട്ടപ്പെട്ടതിലും തവളയെ പിടിക്കാന്‍ പറ്റാത്തതിലും അയാള്‍ക്ക് സങ്കടം തോന്നി. പിന്നീട് അയാള്‍ കൂടുതല്‍ ശ്രദ്ധയോടെ കള്ളു ശേഖരിക്കാന്‍ തുടങ്ങി. ഒരു സാധാരണ തവളയിൽ അസാധാരണത്വം കണ്ട അയാൾ, അതിന്റെ കാരണം അറിയാനായി കേളൻ കുലശേഖരൻ എന്ന മഹാമാന്ത്രികനെ സമീപിച്ചു. തന്റെ ദിവ്യശക്തി ഉപയോഗിച്ച് അദ്ദേഹം ആ തവള സാക്ഷാൽ ശ്രീ ഭദ്രകാളിയാണെന്ന് മനസ്സിലാക്കി. തുടർന്ന് കേളൻ കുലശേഖരൻ ഏഴു ദിവസത്തോളം വെള്ളായണി കായലിൽ ആ തവളയെ തിരഞ്ഞു. ഒടുവിൽ കണ്ടെത്തിയ ശേഷം എട്ട് നായർ തറവാട്ടുകാരുടെ സഹായത്തോടെ ഒരു മുടിപ്പുര (താൽക്കാലിക ക്ഷേത്രം) ഉണ്ടാക്കി അവിടെ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

ഇവിടെ പ്രതിഷ്ഠ നടത്തിയത് കലമാൻ കൊമ്പിലാണ്. പ്രധാന ശ്രീകോവിലിൽ ഭദ്രകാളി വടക്കു ദിശയിലേക്കാണ് ദർശനം നൽകുന്നത്. മൂന്നു വർഷത്തിലൊരിക്കൽ ഇവിടെ 'കാളിയൂട്ട്' എന്ന പ്രധാന ഉത്സവം നടക്കുന്നു. കുംഭമാസത്തിന്റെ അവസാനം തുടങ്ങി മേടം പത്തുവരെയാണ് ഈ ഉത്സവം. ഈ ക്ഷേത്രത്തിൽ മാന്ത്രിക പൂജകൾക്ക് പകരം താന്ത്രിക പൂജകളാണ് പ്രധാനമായും നടക്കുന്നത്. കൊല്ല സമുദായത്തിൽപ്പെട്ട പൂജാരിമാരാണ് ഇവിടെ പൂജകൾ നടത്തുന്നത്.

കളങ്കാവലും ഭക്തരും

ഉത്സവത്തിന്റെ ആദ്യ ദിവസം ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നു. മേടം പത്താം തീയതി ദാരികനെ വധിച്ച ശേഷം ആറാട്ട് കഴിഞ്ഞാണ് ദേവി ശ്രീകോവിലിലേക്ക് മടങ്ങുന്നത്. ഈ ദിവസങ്ങളില്‍ ദേവി പ്രത്യേകം തയ്യാറാക്കിയ പന്തലിലിരിക്കും. നാല് ദിക്കുകളിലേക്കും ദേവി ദാരികന്‍ എന്ന അസുരനെ അന്വേഷിക്കുന്ന ചടങ്ങാണ് 'ദിക്കുബലി'. ഇതിനായി പുറപ്പെടുന്ന ദേവിയെ ഭക്തര്‍ വീടുകളില്‍ തയ്യാറാക്കിയ പുരയില്‍ ഇരുത്തി പൂജ നല്‍കുന്നു. ദിക്കുബലി കഴിഞ്ഞെത്തിയാല്‍ ദേവീസന്നിധിയില്‍ കളങ്കാവല്‍ ആരംഭിക്കും.

കളങ്കാവൽ ചടങ്ങ് ദേവിയുടെ ദാരികൻ എന്ന അസുരനെ തേടുന്ന യാത്രയുടെ ഭാഗമായതിനാൽ, ഇത് ദേവി ഭക്തരുടെ വീടുകളിൽ ദേവിയുടെ സാന്നിധ്യം കൊണ്ടുവരുന്നു. ഈ ചടങ്ങ് മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ടിന്റെ ഭാഗമായി നടക്കുന്നതിനാൽ പ്രദേശവാസികളുടെ ജീവിതത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.

സിനിമയിലെ പ്രതീക്ഷകളും കളങ്കാവലും

സിനിമയുടെ പോസ്റ്ററിൽ നിന്നും മമ്മൂട്ടി ഒരു നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നത് എന്ന് വ്യക്തമാണ്. കളങ്കാവൽ ഐതിഹ്യത്തിൽ പറഞ്ഞ ദാരികൻ ആകണം മമ്മൂട്ടി ഈ സിനിമയിൽ. ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒരു അസുരനാണ് ദാരികൻ. ദാരികൻ തന്റെ ശക്തിയിൽ അഹങ്കാരിയും ദേവന്മാരെയും മനുഷ്യരെയും ഉപദ്രവിക്കുന്നവനുമായിരുന്നു. സിനിമയിൽ മമ്മൂട്ടി ദാരികൻ ആണ്. ആ ഗ്രാമത്തിലെ എല്ലാവരെയും ദ്രോഹിക്കുന്ന ഒരു പോലിസ് ഉദ്യോഗസ്ഥൻ. എനിക്ക് മമ്മൂട്ടിയുടെ പോസ്റ്റർ ലൂക്ക് കണ്ടപ്പോൾ ഓർമ വന്നത് സ്റ്റോപ്പ്‌ വയലൻസ് എന്ന സിനിമയിലെ 'സി ഐ. ഗുണ്ടാ സ്റ്റീഫെനെയാണ്'. ദാരികൻ ഗ്രാമത്തിലെ പലരേയും ദ്രോഹിക്കും. അപ്പോൾ പലരും എതിർക്കാൻ ശ്രമിക്കുമെങ്കിലും എല്ലാവരെയും ദാരികൻ (മമ്മൂട്ടി) വധിക്കും.

ഹിന്ദു പുരാണ പ്രകാരം ദാരികനെ വധിക്കാൻ നിരവധി ദേവിമാർ ശ്രമിച്ചെങ്കിലും ആർക്കും സാധിച്ചില്ല. പിന്നീട് ശിവന്റെ തൃക്കണ്ണിൽ നിന്നും അവതരിച്ച ഭദ്രകാളിയാണ് ദാരികനെ വധിച്ചത്. ഗ്രാമത്തിലെ എല്ലാവരെയും ദ്രോഹിക്കുന്ന ദാരികനെ വധിക്കാൻ വരുന്ന ആ ഭദ്രകാളിയുടെ രൂപമാണ് വിനായകന്റെത്. മുഖം കാണിക്കാതെയുള്ള വിനായകന്റെ പോസ്റ്റർ ദേവിയുടെ രൂപമാണ്. ഒരു ബാക്ക് ഡ്രോപിൽ ആണ് വിനായകന്റെ രൂപം പോസ്റ്ററിൽ. ദേവി ദാരികനെ തിരയുന്നത് പോലെ വിനായകൻ സിനിമയിൽ ഉടനീളം ദാരികനെ ഫോളോ ചെയ്യുന്നുണ്ടാകും. തിരിച്ചടികൾ ലഭിക്കും. അവസാനം ശിവന്റെ തൃക്കണ്ണിൽ നിന്ന് വന്ന ഭദ്രകാളിയുടെ രൂപത്തിൽ വിനായകൻ രൂപമെടുക്കുന്നു. ക്ലൈമാക്സിൽ മമ്മൂട്ടി (ദാരികൻ) വിനായകന്റ(ഭദ്രകാളി) കയ്യാൽ അർദ്ധരാത്രിയിൽ കളങ്കാവൽ സമയത്ത് വധിക്കപ്പെടുന്നു. പോസ്റ്ററിൽ വിനായകന്റെ പേരാണ് മമ്മൂട്ടിക്ക് മുന്നേ നൽകിയിരിക്കുന്നത് എന്നത് ഒരു വിപ്ലവം ആണ്.

Content Highlights: What is Kalamkaval the name of Mammootty and Vinayakan movie

dot image
To advertise here,contact us
dot image