അബ്രാം ഖുറേഷിയും കാളിയും നേര്‍ക്കുനേര്‍, കയ്യടി വാരിക്കൂട്ടാന്‍ സുരാജ്

മാര്‍ച്ച് 27ന് കേരളത്തിലെയും തമിഴ്നാട്ടിലെയും തിയേറ്ററുകളില്‍ സുരാജ് വെഞ്ഞാറമൂട് നിറഞ്ഞുനില്‍ക്കും.

dot image

മാര്‍ച്ച് 27ന് മോഹന്‍ലാലോ പൃഥ്വിരാജോ ആന്റണി പെരുമ്പാവൂരോ അതോ ഇനി ഗോകുലം ഗോപാലനോ, ആരാകും ഏറ്റവും കൂടുതല്‍ കയ്യടി വാരിക്കൂട്ടുക എന്നാണ് നിങ്ങള്‍ കരുതുന്നത് ?
ഈ ലിസ്റ്റില്‍ പെടാത്ത ഒരാളായിരിക്കാം ഒരുപക്ഷെ ആ ദിവസത്തെ സ്റ്റാറാകാന്‍ പോകുന്നത്, അത് സുരാജ് വെഞ്ഞാറമൂടാണ്. അതും ഡബിള്‍ പഞ്ചോടെ.

മാര്‍ച്ച് 27ന് മലയാളികള്‍ മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുന്നത് എമ്പുരാന് വേണ്ടിയാണെങ്കില്‍, തമിഴ്‌നാട്ടിലും ഏറെ പ്രതീക്ഷയോടെ ഒരു ചിത്രം എത്തുന്നുണ്ട്, വീര ധീര സൂരന്‍. ഈ രണ്ട് ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തുന്ന ഒരേയൊരാള്‍, സുരാജ് വെഞ്ഞാറമൂടാണ്.

എമ്പുരാനില്‍ സജനചന്ദ്രന്‍ എന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. എമ്പുരാന്റെ ക്യാരക്ടര്‍ പോസ്റ്ററുകളോടൊപ്പം പുറത്തുവന്ന വീഡിയോകളില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് സുരാജിന്റെ വീഡിയോ ആയിരുന്നു. താനില്ലാത്തത് ആയിരുന്നു ലൂസിഫറിലെ ഒരേയൊരു മിസ്‌ടേക്ക് എന്ന് പൃഥ്വിരാജിനോട് തമാശയായി പറഞ്ഞതും, എമ്പുരാനില്‍ അവസരം ചോദിച്ചതിന്റെ ഓര്‍മകളും ആ വീഡിയോയില്‍ സുരാജ് പങ്കുവെച്ചിരുന്നു.

കഥാപാത്രങ്ങളില്‍ പന്ത്രണ്ടാമനായാണ് സുരാജിന്റെ പോസ്റ്റര്‍ എത്തിയത്. സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായിരിക്കും അദ്ദേഹം എന്നത് ഉറപ്പാണ്. കേരളത്തിലെ രാഷ്ട്രീയരംഗത്ത് നിര്‍ണായസ്വാധീനം ചെലുത്തുന്ന ഒരാളാണ് തന്റെ കഥാപാത്രമെന്ന് സുരാജ് പറഞ്ഞിരുന്നു. രാഷ്ട്രീയവും പണവും ലഹരിയും തമ്മിലുള്ള നെക്‌സസ് വിശദമായി പ്രതിപാദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനില്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ പ്രാധാന്യമുണ്ടാകുമെന്ന് ഉറപ്പാണല്ലോ. പികെആറും ജതിന്‍ രാംദാസും വര്‍മ സാറും മുരുഗനുമാണ് ലൂസിഫറില്‍ രാഷ്ട്രീയക്കാരായി തിളങ്ങിയതെങ്കില്‍ ഇത്തവണ സജനചന്ദ്രന്‍ കൂടി ആ നിരയിലേക്ക് എത്തും.

തമിഴില്‍ സുരാജ് വെഞ്ഞാറമൂട് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മികച്ച ടീമുമായാണ് ഈ ചിത്രം എത്തുന്നത്. 2023ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്തയുടെ സംവിധായകന്‍ എസ് യു അരുണ്‍ കുമാറിന്റെ സിനിമയാണിത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം വരുന്നത്. വിക്രം നായകവേഷത്തിലെത്തുമ്പോള്‍, എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും ദുഷര വിജയനുമാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ ടീസറില്‍ തന്നെ സുരാജിന്റെ കണ്ണന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. പെര്‍ഫോമന്‍സ് കൊണ്ട് എന്നെന്നും ഞെട്ടിക്കുന്ന വിക്രമിനും എസ് ജെ സൂര്യയ്ക്കുമൊപ്പം സുരാജ് ഗംഭീര പ്രകടനം നടത്തിയിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിലെ മധുരൈ തമിഴും താരം മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അരുണ്‍ കുമാറടക്കമുള്ളവര്‍ പറയുന്നു. ഇപ്പോള്‍ സിനിമയുടെ പ്രൊമോഷന്‍ ഇന്റര്‍വ്യൂസ് പുറത്തുവരുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കളം വാഴുന്നതും സുരാജാണ്. സുരാജിന്റെ കൗണ്ടറുകളും രസകരമായ അനുഭവ വിവരണങ്ങളും തമിഴ് പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു. സുരാജിനെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് കമന്റ് ചെയ്യുന്നവര്‍ ഏറെയാണ്.

കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസ് സുരാജിനെ അത്ര തുണച്ചിരുന്നില്ല. പക്ഷെ 2024 ഏറ്റവും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത മലയാളി അഭിനേതാക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ സുരാജ് ഉണ്ടാകും. ഗര്‍ര്‍ ലെ കോമഡി ട്രാക്കിലുള്ള ഹരിദാസ്, നടന്ന സംഭവത്തിലെ മെയ്ല്‍ ഷോവനിസ്റ്റായ ഭര്‍ത്താവ്, അഡിയോസ് അമിഗോസിലെ സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന സദ്പ്രിയന്‍, തെക്ക് വടക്കിലെ ശങ്കുണ്ണി എന്ന വാശിക്കാരനായ അറുപതുകാരന്‍, മുറയിലെ അനി എന്ന വില്ലന്‍, എക്‌സ്ട്രാ ഡീസന്റിലെ ഡാര്‍ക്ക് കോമഡി കൊണ്ട് ചിരിപ്പിക്കുകയും വിറപ്പിക്കുകയും ചെയ്ത ബിനു…. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങള്‍. ഒരു അഭിനേതാവ് തന്റെ എന്റയര്‍ കരിയര്‍ കൊണ്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, വ്യത്യസ്തമായ ഭാവത്തിലും രൂപത്തിലുമുള്ള കഥാപാത്രങ്ങള്‍ കഴിഞ്ഞ ഒരൊറ്റ വര്‍ഷം കൊണ്ട് മാത്രം സുരാജ് ചെയ്തിട്ടുണ്ട് എന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല.

ഈ വര്‍ഷം തുടക്കത്തില്‍ നാരായണീന്റെ മൂന്നാണ്മക്കളിലെ ഭാസ്‌കറായി സുരാജ് എത്തി. ഇപ്പോള്‍ മാര്‍ച്ച് 27ന് രണ്ട് ഭാഷകളില്‍, രണ്ട് വലിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളിലെത്താന്‍ ഒരുങ്ങുന്നു. 2025ല്‍ മികച്ച പെര്‍ഫോമന്‍സിനൊപ്പം ബോക്‌സ് ഓഫീസിലും വലിയ നേട്ടം കൊയ്യാന്‍ സുരാജ് വെഞ്ഞാറമൂടിനാകട്ടെ.

Content Highlights: Suraj Venjaramoodu is going to shine in Empuraan and Veera Dheera Sooran

dot image
To advertise here,contact us
dot image