
മലയാള സിനിമാചരിത്രത്തിലെ, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തിളക്കമുള്ള രണ്ട് പേരുകള്‍, മമ്മൂട്ടി, മോഹന്‍ലാല്‍. കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തി വെള്ളിത്തിരയില്‍ അത്ഭുതം സൃഷ്ടിക്കുന്ന രണ്ടുപേര്‍. നടന്മാരായി, നായകരായി, അതിലുപരി സൂപ്പര്‍താരങ്ങളായി അരങ്ങുവാഴുന്നവര്‍. കഥാപാത്രങ്ങളിലൂടെ മോഹന്‍ലാലും മമ്മൂട്ടിയും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്, കരയിച്ചിട്ടുണ്ട്, അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ആവേശഭരിതരാക്കിയിട്ടുണ്ട്.
എന്നാല്‍ അതിനേക്കാള്‍ ആഴത്തില്‍ ഇരുവരും നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ട്, വെള്ളിത്തിരയുടെ പുറത്ത് ലാലുവും ഇച്ചാക്കയും തുടരുന്ന സൗഹൃദത്തിലാണത്. സ്‌ക്രീനിലെ ഏതൊരു സീനിനേക്കാളും ആര്‍ദ്രമായ സൗഹൃദത്തിന്റെ ആഴം മമ്മൂക്കയും ലാലേട്ടനും പല തവണ കാണിച്ചുതന്നിട്ടുണ്ട്. വിശാഖനക്ഷത്രക്കാരനായ മമ്മൂട്ടിയ്ക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ നടത്തിയ വഴിപാട് അതിന്റെ ഏറ്റവും ഒടുവിലെ ഒരു ഉദാഹരണം മാത്രം.
താരപ്രഭാവത്തിന്റെ ഭാരത്തെ എങ്ങനെയാണ് മോഹന്‍ലാലും മമ്മൂട്ടിയും സൗഹൃദത്തിന്റെ ഇടങ്ങളില്‍ മറികടക്കുന്നത് എന്നത് കൗതുകത്തോടെ, ഇഷ്ടത്തോടെ, കൊതിയോടെ നോക്കിയിരിക്കുന്നവരാകും മലയാളി സിനിമാപ്രേമികളില്‍ ഭൂരിഭാഗവും. പലപ്പോഴും മമ്മൂക്ക, ലാലേട്ടന്‍ മുറവിളിയുമായി നടക്കുന്ന ഫാന്‍ ഫൈറ്റുകള്‍ എന്തൊരു പാഴ്‌വേലയാണെന്ന് നമ്മളെ കൊണ്ട് ഇവര്‍ ചിന്തിപ്പിച്ചിട്ടില്ലേ.
ഏകദേശം സമാന കാലഘട്ടങ്ങളില്‍ സിനിമയിലേക്ക് ചുവടുവെച്ചവര്‍, സൂപ്പര്‍സ്റ്റാര്‍ പദവിയും അവാര്‍ഡുകളുടെ തിളക്കങ്ങളും തേടിയെത്തിയതും ഏകദേശം ഒരേ കാലത്ത്. പല ഇന്‍ഡസ്ട്രികളിലും സൂപ്പര്‍സ്റ്റാറുകള്‍ പരസ്പരം സിനിമകളിലും പുറത്തും മാത്സര്യം പുലര്‍ത്തിയപ്പോള്‍ ഇവിടെ രണ്ടു പേര്‍ സുഹൃത്തുക്കളായി തന്നെ തുടര്‍ന്നു.
സിനിമയിലെ ആദ്യ നാളുകളില്‍ സഹതാരങ്ങളായും സുഹൃത്തുക്കളായും നായകനും വില്ലനുമായും തുടങ്ങി അച്ഛനും മകനുമായി വരെ അഭിനയിച്ചവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒന്നിച്ചെത്തിയത് 55 ഓളം സിനിമകളില്‍. മറ്റൊരു ഇന്‍ഡസ്ട്രിയ്ക്കും ആലോചിക്കാന്‍ പോലുമാകാത്ത റെക്കോര്‍ഡ്.
നമ്പര്‍ 20 മദ്രാസ് മെയിലില്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ മോഹന്‍ലാലിന്റെ ടോണി കുരിശിങ്കലിനൊപ്പം എത്തി. ആ സിനിമയിലെ ഏവരുടെയും ഫേവറിറ്റ് സീനുകള്‍ മമ്മൂട്ടിയെ കാണാനായി ഓടിയെത്തുന്ന ആരാധകനായ ടോണി ആയിരിക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞ് കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി മമ്മൂട്ടിയുടെ മാത്തുക്കുട്ടി വന്നു. മോഹന്‍ലാലിന്റെ നരസിംഹത്തില്‍ ഇന്ദുചൂഡന്‍ ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടപ്പോള്‍ കോടതിയില്‍ രക്ഷിക്കാനായി എത്തുന്നത് മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാര്‍ ആയിരുന്നു. സിനിമയിലെ ഈ കാമിയോ റോളുകള്‍ ഇനിയുമേറെ നീളും.
ഇപ്പോള്‍ ഷൂട്ടിങ് പുരോഗമിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്നു എന്നതാണല്ലോ. സില്‍വര്‍സ്‌ക്രീനിലായിക്കോട്ടെ, പുറത്തായിക്കോട്ടെ, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്നു എന്നറിഞ്ഞാല്‍ വല്ലാത്തൊരു സന്തോഷമാണ്. കാണാനായി കാത്തിരിക്കാന്‍ ഒരു ആവേശമാണ്.
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് നിര്‍മാണ കമ്പനി പോലുമുണ്ടായിരുന്നു. നല്ല സിനിമകള്‍ക്കായി ഒന്നിച്ച് നില്‍ക്കണമെന്ന ബോധ്യം അന്നേ ഇവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് ഇരുവരും ഒന്നിച്ച നിര്‍മാണ സംരംഭങ്ങളില്‍ ഒന്നാണ്. കരിയറിലെ വലിയ പ്രോജക്ടുകളില്‍ ഇവര്‍ പരസ്പരം നല്‍കുന്ന സഹകരണം മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് തന്നെ എത്രമാത്രം നിര്‍ണായകമാണെന്ന് വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടും, പഠനവിധേയം പോലുമായേക്കാം.
ഈ അടുത്ത വര്‍ഷങ്ങളില്‍ മാത്രം നോക്കിയാല്‍, പഴശ്ശിരാജയില്‍ മോഹന്‍ലാലിന്റെ നരേഷനുണ്ടായിരുന്നു. മരക്കാറിലും ബറോസിലും മമ്മൂട്ടിയുടെ ശബ്ദവുമെത്തി. മാത്രമല്ല, ബറോസിന്റെയും എമ്പുരാന്റെയും ഇവന്റുകളില്‍ ആ സിനിമയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയ മമ്മൂട്ടിയെ മറക്കാന്‍ കഴിയുമോ. കൊവിഡാനന്തര കാലത്തെ മമ്മൂട്ടി സിനിമകളെ പറ്റി ഏറെ ബഹുമാനത്തോടെ, അതിലേറെ ഇഷ്ടത്തോടെ സംസാരിച്ചവരില്‍ ഒരാള്‍ മോഹന്‍ലാല്‍ ആയിരുന്നു. എത്രയോ തവണ ആ പറഞ്ഞ വാക്കുകള്‍ റിപ്പീറ്റടിച്ച് നമ്മള്‍ കണ്ടുകാണും.
മോഹന്‍ലാലിന്റെ ബര്‍ത്ത്‌ഡേയ്ക്ക് മമ്മൂട്ടിയുടെയും, മമ്മൂട്ടിയുടെ ബര്‍ത്ത്‌ഡേയ്ക്ക് മോഹന്‍ലാലിന്റെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നവരാണ് മലയാളികള്‍. കൃത്യം 12 മണിക്ക്, ജന്മദിനത്തിലെ ആദ്യ ആശംസയായി രണ്ട് പേരുടെയും പോസ്റ്റുകള്‍ മിക്കപ്പോഴും എത്താറുണ്ട്. ചിലപ്പോഴെല്ലാം വീഡിയോ രൂപത്തില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളോടെ ആശംസകള്‍ നേരുന്നതും കാണാറുണ്ട്.
സുഹൃത്തുക്കള്‍ക്കായി നമ്മളും നിങ്ങളുമൊക്കെ ചെയ്യുന്നതേ മോഹന്‍ലാലും മമ്മൂട്ടിയും ചെയ്യുന്നുള്ളു എന്ന് വേണമെങ്കില്‍ പറയാം. വിശാഖം നക്ഷത്രക്കാരനായ മുഹമ്മദ് കുട്ടിയ്ക്കായി വഴിപാട് നടത്തുന്ന മോഹന്‍ലാലുമാരെയും, ലാലുവിനായി ദുആ ഇരക്കുന്ന മമ്മൂട്ടിമാരെയും നമ്മള്‍ നിത്യജീവിതത്തില്‍ എത്രയോ തവണ കണ്ടിരിക്കാം. പക്ഷെ നടുക്കുന്ന വാര്‍ത്തകള്‍ ചുറ്റിലും നടക്കുമ്പോള്‍, ഉള്ളം തൊടുന്ന, കാറ്റും വെളിച്ചവും പകരുന്ന ചില കാഴ്ചകളെ കുറിച്ച് കൂടി പറയേണ്ടതുണ്ടല്ലോ. ലാലുവിന്റെ ഇച്ചാക്കയും ഇച്ചാക്കയുടെ ലാലുവുമായി നമ്മുടെ മമ്മൂക്കയും ലാലേട്ടനും അങ്ങനെ തുടരട്ടെ.
Content Highlights: Friendship of Mammootty and Mohanlal