
മേജര്‍ രവിയോ അതോ മോഹന്‍ലാല്‍ ഫാന്‍സോ ആരാണ് മോഹന്‍ലാലിന്റെ ശരിക്കുമുള്ള ചങ്ക് എന്ന് തെളിയിക്കാനുള്ള ഒരു മത്സരം കൂടി ഇപ്പോള്‍ നടക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റും പരസ്യ പ്രസ്താവനകളുമായി കൊണ്ടും കൊടുത്തും അതിങ്ങനെ മുന്നോട്ടു പോകുകയാണ്.
എമ്പുരാന്‍ വിവാദങ്ങള്‍ക്കിടയില്‍ ആരും പ്രതീക്ഷിക്കാത്ത എന്‍ട്രിയായിരുന്നു മേജര്‍ രവിയുടേത്. എമ്പുരാന്റെ റിലീസ് ദിവസം ഉഗ്രന്‍ പടമെന്നും ഇങ്ങനെയൊരു പടം ചെയ്യാന്‍ കഴിഞ്ഞ പൃഥ്വിരാജ് ഭാഗ്യവാനെന്നും പുകഴ്ത്തിയ മേജര്‍ രവി, തൊട്ടടുത്ത ദിവസങ്ങളില്‍ സിനിമയ്ക്കെതിരെ പരസ്യനിലപാട് എടുത്തു. സംഘപരിവാര്‍ എമ്പുരാനെതിരെ വിമര്‍ശനവും ബഹിഷ്‌കരണ ആഹ്വാനങ്ങളും സൈബര്‍ അറ്റാക്കുമായി രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്.
സമൂഹമാധ്യമങ്ങളില്‍ സിനിമയ്ക്കെതിരെ ഹേറ്റ് ക്യാംപെയ്ന്‍ ആരംഭിച്ച ദിവസങ്ങളില്‍ മാര്‍ച്ച് 29ന് വൈകീട്ടോടെയാണ് മേജര്‍ രവി ഫേസ്ബുക്ക് ലൈവുമായി എത്തിയത്. റിലീസിന് മുന്‍പ് സിനിമ മോഹന്‍ലാല്‍ കണ്ടിട്ടില്ല, അദ്ദേഹം മാപ്പ് പറയും, അത് എഴുതിവെച്ചിട്ടുണ്ട്. സിനിമയിലെ ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന 26 മിനിറ്റോളം കട്ട് ചെയ്യുമെന്നാണ് കേട്ടത് എന്നിങ്ങനെ പല കാര്യങ്ങള്‍ ആ നീണ്ട ലൈവില്‍ മേജര്‍ രവി പറഞ്ഞു.
മാര്‍ച്ച് 30 ന് മോഹന്‍ലാലിന്റെ ഖേദപ്രകടനവും സിനിമയില്‍ എഡിറ്റ് നടത്തുമെന്നുമുള്ള പ്രസ്താവനയും വന്നെങ്കിലും മേജര്‍ രവിയുടെ വാക്കുകള്‍ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഏറ്റുവാങ്ങിയത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തുന്ന നീക്കമാണ് മേജര്‍ രവിയടക്കമുള്ളവര്‍ നടത്തുന്നതെന്ന് ശക്തമായ ഭാഷയില്‍ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പറഞ്ഞു.
തൊട്ടടുത്ത ദിവസമാണ് മോഹന്‍ലാല്‍ ഫാന്‍സ് മേജര്‍ രവിയ്ക്കെതിരെ രംഗത്തുവന്നത്. രവി എന്ന് വിളിച്ചുകൊണ്ട് അതിരൂക്ഷമായ ഭാഷയിലായിരുന്നു ഫാന്‍സ് അസോസിയേഷന്റെ പ്രതികരണം. മേജര്‍ രവി ഓന്തിനെ പോലും നാണിപ്പിക്കും വിധമാണ് നിറം മാറുന്നതെന്ന് റിലീസ് ദിവസത്തെ അദ്ദേഹത്തിന്റെ പ്രതികരണം പരാമര്‍ശിച്ചുകൊണ്ട് ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ ഖേദപ്രകടനം മാപ്പ് അപേക്ഷയായി വായിക്കപ്പെടാനുള്ള കാരണം മേജര്‍ രിവയാണെന്നും എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയ്ക്കൊപ്പം നിന്നവര്‍ക്കും കനത്ത പ്രഹരമാണ് മേജര്‍ രവിയുടെ ലൈവ് ഉണ്ടാക്കിയെന്നും ഫാന്‍സ് പുറത്തുവിട്ട പ്രസ്താവനയിലുണ്ടായിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളും മേജര്‍ രവി സ്വന്തം നേട്ടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നതടക്കം മുന്‍ സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചില ആരോപണങ്ങളും ഫാന്‍സ് അസോസിയേഷന്‍ നടത്തിയിരുന്നു.
റീഎഡിറ്റ് പതിപ്പ് എത്തിയതിന് പിന്നാലെ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളും മേജര്‍ രവിയോടുള്ള വിമര്‍ശനം വ്യക്തമാക്കുന്നതായിരുന്നു. എമ്പുരാന്റെ കഥ മോഹന്‍ലാലിനും തനിക്കുമെല്ലാം വ്യക്തമായി അറിയാമെന്നും അങ്ങനെയല്ലെന്ന് പറയുന്നവരോട് യോജിപ്പില്ലെന്നുമായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.
ഇതോടെ എമ്പുരാനിലെ മേജര്‍ രവി ചാപ്റ്റര്‍ അവസാനിച്ചെന്നായിരുന്നു എല്ലാവരും കരുതി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് തിരിച്ചടിച്ച് മേജര്‍ രവി രംഗത്തുവന്നു. സിനിമയുടെ ടെക്നിക്കല്‍ ക്വാളിറ്റിയെ കുറിച്ചാണ് റിലീസ് ദിവസം പറഞ്ഞത്, ,സിനിമ ദേശവിരുദ്ധമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നു, മല്ലിക സുകുമാരന്റെ വാക്കുകള്‍ ഒരമ്മയുടേതാണ് എന്നിങ്ങനെ പറഞ്ഞ അദ്ദേഹം മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്.
'മോഹന്‍ലാലിന്റെ ഫാന്‍സ് ചോദിക്കുന്നു മേജര്‍ രവി ആരാണെന്ന്. മേജര്‍ രവി മോഹന്‍ലാലിന്റെ ചങ്കാണ്. അതിനി മോഹന്‍ലാലിന് വേണ്ടെങ്കിലും' എന്ന് മേജര്‍ രവി പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ചുള്ള പരാമര്‍ശം എഴുതികൊടുത്തത് ആരാണെന്ന് അറിയാം, മോഹന്‍ലാലിന് ഒപ്പമുള്ള ഒരാളാണ്, അവനെ ആ ഫൗണ്ടേഷനില്‍ താന്‍ ഇതുവരെയും കയറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീര്‍ത്തിചക്ര എന്ന സിനിമ ചെയ്ത് എന്നെ മേജര്‍ രവി ആക്കിയത് മോഹന്‍ലാല്‍ ആണ്, അത് ആന്റണി പെരുമ്പാവൂര്‍ പ്രൊഡ്യൂസ് ചെയ്തതല്ല എന്ന് കൂടി മാധ്യമങ്ങള്‍ക്ക് മുന്‍പിലായി മേജര്‍ രവി പറഞ്ഞു.
ഒട്ടും വൈകാതെ, മേജര്‍ രവിയുടെ ഈ പ്രതികരണത്തോടുള്ള മറുപടിയുമായി മോഹന്‍ലാല്‍ ഫാന്‍സ് എത്തി. മോഹന്‍ലാല്‍ ഫാന്‍സ് ഒഫീഷ്യല്‍ ആയി പുറത്തുവിട്ട ഒരു കുറിപ്പ് മറ്റാരുടെയോ ഡ്രാഫ്റ്റാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് അസോസിയേഷന്‍ ചോദിച്ചു. മോഹന്‍ലാലിന്റെ സുഹൃത്താണ് രവി എന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്, ഒപ്പമുള്ളയാള്‍ക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാല്‍ അവരോടൊപ്പം നില്‍ക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തി താല്‍പര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്ന് ഇത്തരം ഒരു കോമാളിത്തരം കാണിക്കുന്ന വ്യക്തി സുഹൃത്തായിരിക്കില്ല എന്നും മോഹന്‍ലാല്‍ ഫാന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
നിലവില്‍ മോഹന്‍ലാല്‍ ഫാന്‍സ് - മേജര്‍ രവി പോര് ഇതുവരെയാണ് എത്തിനില്‍ക്കുന്നത്. സിനിമാ സീനുകള്‍ പോലെ പരസ്പരം പഞ്ച് ഡയലോഗുകളുമായി മുന്നോട്ടുപോകുന്ന ഈ വാക് പോര് എവിടെ വരെ പോകുമെന്ന് കാത്തിരുന്ന് കാണാം.
Content Highlights: Major Ravi and Mohanlal fans public spat on media