
കുറച്ചധികം നാളുകളായി മലയാളി പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ചൊരു മോഹന്‍ലാല്‍ ഉണ്ട്. നമ്മളില്‍ ഒരാളായി മാറി, അഭിനയമാണോ ഇതെന്ന് അത്ഭുതപ്പെടുത്തുന്ന ഒരു മോഹന്‍ലാല്‍. മാസ് ഹീറോ വേഷങ്ങള്‍ മോഹന്‍ലാലിന്റെ സിനിമയാത്രയില്‍ തലയുയര്‍ത്തി നിന്നപ്പോള്‍, അതിനൊപ്പം പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ചിരുന്നത് അസാധാരണമായ തന്മയത്വത്തോടെ സാധാരണക്കാരനായി എത്തുന്ന ലാലേട്ടന് വേണ്ടിയായിരുന്നു.വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങി വന്ന അത്തരം കഥാപാത്രങ്ങളെ, ആ അഭിനയ മുഹൂര്‍ത്തങ്ങളെ എവിടെയോ വെച്ച് പ്രേക്ഷകര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അഭിനയം മറന്നു പോയി, ഭാവങ്ങള്‍ ഇല്ലാതെയായി, ഇനി വെറും താരപ്രൗഢി മാത്രം എന്നു പോലുമുള്ള കടുത്ത വിമര്‍ശന ശരങ്ങള്‍ മോഹന്‍ലാലിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ തരുണ്‍ മൂര്‍ത്തി തുടരുമിലൂടെ തിരികെത്തന്നത് മലയാളത്തിന്റെ മോഹന്‍ലാലിനെയാണ്, ആ അഭിനയകുലപതിയെയാണ്.
മോഹന്‍ലാല്‍ അഭിനയം മറന്നതല്ല, സംവിധായകര്‍ അദ്ദേഹത്തെക്കൊണ്ട് അഭിനയിപ്പിക്കാന്‍ മറന്നതാണ്. വരവേല്‍പ്പിലും, ടി പി ബാലഗോപാലന്‍ എം എ യിലും, നാടോടിക്കാറ്റിലും, സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലും, ഭ്രമരത്തിലും
തന്മാത്രയിലും തുടങ്ങി അനവധി സിനിമകളില്‍ ഉള്ളുലയ്ക്കുന്ന പ്രകടനം നമുക്കായി പകര്‍ന്ന് നല്‍കിയ മോഹന്‍ലാല്‍ തിരിച്ചുവരുകയാണ് തുടരുമിലൂടെ. ഇവിടെ അയാള്‍ സാധാരണക്കാരനാണ്. ഒരു താരത്തിന്റെ കെട്ടുമാറാപ്പുകളോ, അമിത പ്രതീക്ഷകളുടെ ഭാരമോ മോഹന്‍ലാലിന് ഇവിടെയില്ല. ഇവിടെ അയാള്‍ ഷണ്മുഖമാണ്, ഒരച്ഛനാണ്, ഭര്‍ത്താവാണ്, കുടുംബനാഥനാണ്.
പലരും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ടൊരു വിന്റേജ് മോഹന്‍ലാല്‍ ഉണ്ട്. പലപ്പോഴും അത്തരം ശ്രമങ്ങള്‍ മോഹന്‍ലാലിനെ കൊണ്ടെത്തിച്ചത് കൂടുതല്‍ പഴികളിലേക്കായിരുന്നു. എന്നാല്‍ തുടരുമില്‍ അത്തരം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഒന്നുമില്ല, പകരമുള്ളത് നല്ല കാമ്പുള്ള അഭിനയമുഹൂര്‍ത്തങ്ങളാണ്, ഒപ്പം പരിധികളില്ലാത്ത മോഹന്‍ലാലിന് അഴിഞ്ഞാടാനുള്ള സ്‌പേസ് നല്‍കിയ സംവിധാനമികവും. കാലങ്ങള്‍ക്കിപ്പുറവും മോഹന്‍ലാലിലെ സാധാരണക്കാരന്‍ കാഴ്ചക്കാരെ ഭ്രമിപ്പിക്കാനാകുന്നുണ്ട്. വരവേല്‍പ്പിലെ മുരളിയും ടി പി ബാലഗോപാലന്‍ എം എ യിലെ ബാലഗോപാലനും എങ്ങനെയാണോ അന്നത്തെ തലമുറയിലെ കാഴ്ചക്കാരെ സ്വാഭാവിക അഭിനയത്താല്‍ ഞെട്ടിച്ചത് ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തുടരുമിലെ ഷണ്മുഖവും അതേ മികവോടെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനാകുന്നുണ്ട്.
നിസ്സാഹയനായ മോഹന്‍ലാല്‍ പ്രകടനങ്ങള്‍ എന്നും ചര്‍ച്ചാവിഷയങ്ങളാണ്. സദയത്തിലെ ക്ലൈമാക്‌സിലെ ഏവരും പുകഴ്ത്തുന്ന പ്രകടനവും തന്മാത്രയില്‍ നിമിഷ നേരം കൊണ്ട് മറവിയുടെയും ഓര്‍മയുടെയും ഇടയിലുള്ള ലോകത്ത് പെട്ടുപോയ രമേശന്‍ നായരെയുമൊക്കെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഒരു രംഗം തുടരുമിലുമുണ്ട്. അഭിനയം മറന്നു എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ കാണിച്ചുകൊടുക്കേണ്ട ഒരു രംഗം. അവിടെ അയാള്‍ എല്ലാവര്‍ക്കും വേണ്ടിയിരുന്ന ആ മോഹന്‍ലാലാകുന്നു. അഭിനയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് അയാളവിടെ സൃഷ്ട്ടിക്കുന്ന മാജിക് മോഹന്‍ലാലിന് മാത്രം സാധിക്കുന്ന ഒന്നാണ്.
കാലം കഴിഞ്ഞെന്നു പഴിച്ചവര്‍ക്ക് മുന്നിലേക്ക് നെഞ്ചുവിരിച്ച് അയാള്‍ ഇറങ്ങിവരുകയാണ്. അയാളുടെ കണ്ണിലെ തിളക്കം നഷ്ടപ്പെട്ടിട്ടില്ല, പുഞ്ചിരിയിലെ വശ്യത മാഞ്ഞിട്ടില്ല, ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ മാറിയിട്ടില്ല. മുഖത്തും ശരീരത്തിലും നോട്ടത്തില്‍ പോലും നിമിഷനേരം കൊണ്ട് മാറിമറിയുന്ന ലാല്‍ഭാവങ്ങള്‍ നഷ്ടം വന്നിട്ടില്ല. എമ്പുരാന്‍ പോലൊരു ബിഗ് ബജറ്റ് സിനിമയ്ക്ക് പോലും ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സാധിക്കാത്തിടത്ത് തുടരും നെഞ്ചും വിരിച്ച് നില്‍ക്കും.
Form Is Temporary, Class Is Permanent എന്ന് പറഞ്ഞത് പോലെ മോഹന്‍ലാലിന് കര്‍ട്ടനിടാന്‍ ഇവിടെയാരും വളര്‍ന്നിട്ടില്ല. ഇനി അയാളുടെ ദിവസങ്ങളാണ്. തിയേറ്ററുകളില്‍ ഹര്‍ഷാരവങ്ങള്‍ മുഴങ്ങും, നിര്‍ത്താതെയുള്ള ഷോകള്‍ ഓടും, കൈയ്യടികള്‍ ഉയരും, പ്രായഭേദമന്യേ പ്രേക്ഷകരുടെ കുത്തൊഴുക്ക് കാണാനാകും. ബോക്‌സ് ഓഫീസിലും ബുക്ക് മൈ ഷോയിലും പുതിയ റെക്കോര്‍ഡുകള്‍ ഉയരും, പഴയതെല്ലാം തകര്‍ന്ന് വീഴും. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷത്തിലേറെയായി അണ്ണനിവിടെയുണ്ട്, ഇനിയും അത് തുടരും, കൂടെ നമ്മളും.
Content Highlights: Mohanlal comeback in Thudarum