മനാമ: ബഹ്റൈനിൽ തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചത് മൂലം കഴിഞ്ഞ ഒരാഴ്ച്ക്കിടെ നാടുകടത്തിയവരുടെ കണക്ക് പുറത്തുവിട്ട് എൽഎംആർഎ. 350 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതെന്ന് എൽഎംആർഎ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഡിസംബർ ഒന്നു മുതൽ ഏഴു വരെ 1,608 തൊഴിൽ പരിശോധനകളാണ് നടത്തിയത്. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 38 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.
19 സംയുക്ത പരിശോധനാ കാമ്പയിനുകൾ നടത്തി. ഇതിനു പുറമേ ക്യാപിറ്റൽ ഗവർണറേറ്റിൽ 13 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ ഒന്ന്, നോർതേൺ ഗവർണറേറ്റിൽ മൂന്ന്, സതേൺ ഗവർണറേറ്റിൽ രണ്ട് എന്നിങ്ങനെ പരിശോധനാ കാമ്പയിനുകൾ നടത്തിയത്.
ഈ വർഷം ഇതുവരെ 817 സംയുക്ത കാമ്പയിനുകളാണ് നടത്തിയത്. മൊത്തം 54,363 പരിശോധനകൾ നടത്തി. 2,612 നിയമ ലംഘകരെ കണ്ടെത്തുകയും 6,560 ക്രമരഹിത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽഎംആർഎ അധികൃതർ അറിയിച്ചു.
Content Highlights: Bahrain 350 foreign workers for violating work and residence visa rules was deported within a week