'സാംസ്കാരിക ഐക്യവും മതമൈത്രിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും'; ദിശ 2025 ഉദ്ഘാടനം നടന്നു

ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു

dot image

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസം നീണ്ടു നിൽക്കുന്ന സാംസ്കാരിക ഉത്സവം ദിശ -2025 ഉദ്‌ഘാടനം പ്രതിഭാ സെൻട്രൽ ഹാളിൽ വച്ച് വിപുലമായ ചടങ്ങുകളോടെ നടന്നു. ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു. ബഹ്‌റൈനിൽ നിലനിൽക്കുന്ന സാംസ്കാരിക ഐക്യവും മതമൈത്രിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെടുകയുണ്ടായി.

സംഘാടകസമിതി ചെയർപേഴ്സൺ എം കെ വീരമണി, പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ മെമ്പറുമായ സഖാവ് സി വി നാരായണൻ, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എൻ വി ലിവിൻകുമാർ, മഹേഷ് യോഗിദാസ്, വനിതാ വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് സുജിത രാജൻ പ്രതിഭ വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ, മനാമ മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ, മേഖല ആക്ടിങ് പ്രസിഡണ്ട് റാഫി കല്ലിങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം കൺവീനർ മനോജ് പോൾ സ്വാഗതം അറിയിച്ച ചടങ്ങിൽ സംഘാടകസമിതി ജോയിന്റ് കൺവീനർ ലിനീഷ് കാനായി അദ്ധ്യക്ഷത വഹിച്ചു. മേഖലാ എക്സിക്യൂട്ടീവ് അംഗം സരിതകുമാർ നന്ദി രേഖപ്പെടുത്തി.

പ്രതിഭ സ്വരലയ അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിനുശേഷം മേഖലയിലെ പ്രതിഭ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ദിശ 2025ന്റെ ഭാഗമായി മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായി വിവിധ കലാ,കായിക,സാഹിത്യ,പ്രസംഗ,ചിത്ര രചന മത്സരങ്ങളും ശില്പശാലകളും നാടക പ്രദർശനവും സംഘടിപ്പിക്കും. ബഹ്‌റൈൻ പ്രതിഭ മനാമ മേഖലയിലെ എട്ട് യൂണിറ്റുകളിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായ സാംസ്കാരിക പ്രതിഭകളെ കണ്ടെത്താനും അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാനും സജീവമാക്കാനും ദിശ 2025 സാംസ്കാരികോത്സവത്തിലൂടെ സാധിക്കുമെന്ന് സംഘാടകസമിതി പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Content Highlights: Bahrain Disha 2025 inauguration held

dot image
To advertise here,contact us
dot image