
മനാമ: വിസയോ മറ്റ് രേഖകളോ ഇല്ലാതെ ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ 'ഹോപ്പ് ബഹ്‌റൈ'ൻറെ സഹായത്താൽ കഴിഞ്ഞ ദിവസം നാട്ടിലെത്തി. ആന്ധ്രാ സ്വദേശിയായ രാമലു ചകലിയാണ് ഹോപ്പ് ബഹ്‌റൈൻറെ സഹായത്താൽ നാട്ടിലെത്തിയത്.
കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ ബഹ്‌റൈനിൽ ദുരിതത്തിലായിരുന്നു രാമലു. വിഷയം ഹോപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ നിജസ്ഥിതി ബോധ്യപ്പെട്ട് സഹായിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിഷയം ഹോപ്പ് അധികൃതർ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഔട്ട് പാസ് തരപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്കാവശ്യമായ എയർ ടിക്കറ്റ് ഹോപ്പ് നൽകി. കൂടാതെ പതിനാല് വർഷത്തിന് ശേഷം നാട്ടിലെത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് നൽകാൻ സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും നൽകിയാണ് ഹോപ്പ് അദ്ദേഹത്തെ യാത്രയാക്കിയത്.
ഹോപ്പ് പ്രവർത്തകരായ നിസ്സാർ മാഹി, അഷ്‌കർ പൂഴിത്തല തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അദ്ദേഹത്തിന്റെ യാത്രയ്ക്ക് സഹായിച്ച ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, എമിഗ്രേഷൻ മേധാവികൾ, ഹോപ്പ് അംഗങ്ങൾ എന്നിവർക്ക് ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.
Content Highlights: Hope helped After 14 years, the Andhra native left the country