ദിർഹം അടക്കം ഗൾഫ് കറൻസിയുമായും രൂപയ്ക്ക് മൂല്യത്തകർച്ച; കൂടുതൽ പണം നാട്ടിലേക്ക് അയച്ച് പ്രവാസികൾ

ഗൾഫ് രാജ്യങ്ങളുടെ കറൻസിയുമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കോളടിച്ചത് പ്രവാസികൾക്കാണ്. ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലേയ്ക്ക് കൂടുതൽ പണമയക്കുകയാണ് പ്രവാസികൾ

dot image

പൊതുവെ പെട്ടിരുന്ന ഇന്ത്യൻ രൂപയെ ഡൊണാൾഡ് ട്രംപിൻ്റെ വിജയം കൂടുതൽ കുഴപ്പത്തിൽ ചാടിച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം ഡോളറിൻ്റെ മൂല്യം കുത്തനെ ഉയർന്നതോടെ ഇന്ത്യൻ രൂപയുടെ മൂല്യം സ‍ർവ്വകാല റോക്കോ‍‌ർഡ് തക‍ർ‌ച്ചയിലേയ്ക്ക് വീണിരുന്നു. ഡ‍ോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതിനൊപ്പം തന്നെ ​ഗൾഫ് രാജ്യങ്ങളുടെ കറൻസിയുമായുള്ള ഇന്ത്യൻ രൂപയുടെ മൂല്യവും ഇടിഞ്ഞിരുന്നു. എന്നാൽ ഈ അവസരം അനുകൂലമാക്കി മാറ്റിയിരിക്കുകയാണ് ഗൾഫിലെ ഇന്ത്യാക്കാരായ പ്രവാസികൾ.

​ഗൾഫ് രാജ്യങ്ങളുടെ കറൻസിയുമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കോളടിച്ചത് പ്രവാസികൾക്കാണ്. ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലേയ്ക്ക് കൂടുതൽ പണമയക്കുകയാണ് പ്രവാസികൾ. ഇതോടെ ഇന്ത്യയിലേയ്ക്ക് കോടികൾ തന്നെ പ്രവാസികളുടെ പണമായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ. രൂപയുടെ മൂല്യത്തിൽ ഇനിയും കുറവുണ്ടായാൽ ഈ പ്രവണത ഇനിയും ശക്തമാകുമെന്നും വിലയിരുത്തലുകളുണ്ട്.

ഇന്നലെ വൈകുന്നേരം ഒരു യുഎഇ ദി‍ർഹം 23 ഇന്ത്യൻ രൂപ എന്ന നിലയിലേയ്ക്ക് വിനിമയ നിരക്കിൽ മാറിയിരുന്നു. കുവൈത്ത് ദിനാ‍‌റിനെതിരെ 274.51 രൂപയാണ് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്. സൗദി റിയാൽ-22.48 രൂപ, ഒമാൻ റിയാൽ-219.28 രൂപ, ബഹ്റൈൻ ദിനാ‍ർ 224.04 രൂപ, ഖത്തർ റിയാൽ-23.17 രൂപ എന്നിങ്ങനെയാണ് മറ്റ് ​ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യൻ രൂപയുടെ രാജ്യാന്തര വിനിമയ നിരക്ക്.

രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ ഓഹരി വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയിൽ ട്രംപ് വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്‌റ്റോ കറൻസിയുടെ ഡിമാന്റ് പതിമടങ്ങായി വർധിച്ചു. നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് ക്രിപ്‌റ്റോ മാർക്കറ്റിലേക്ക് നിക്ഷേപം മാറ്റുന്നതിന് ഇത് കാരണമായി. ബിറ്റ്‌കോയിൻ അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ബിറ്റ്‌കോയിന് 90,000 ഡോളർ ആയി മാറിയിരുന്നു. ഇതിന് പുറമെ യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ച ഉയർന്ന പലിശ നിരക്ക് ഡോളറിൽ നിക്ഷേപിക്കുന്നതിന് ആളുകളെ ആകർഷിക്കുന്നുണ്ട്.

ഇന്ത്യൻ ഇക്വിറ്റി ഷെയറുകളിൽ നിന്നുള്ള മൂലധന പിൻവലിക്കലിന് ഇത് കാരണമായി. ഇത് ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിച്ചു.

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിന്റെ വളർച്ചാ നിരക്കിലെ ഇടിവ്, പണപ്പെരുപ്പം എന്നിവ ഓഹരി വിപണിയെ സ്വാധീനിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വലിയ രീതിയിൽ ബുൾ റൺ ഉണ്ടായിരുന്നു. ഇതിനിടെ പണപ്പെരുപ്പം സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതോടെ നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്ത് തുടങ്ങി. ഇതിന് പുറമെ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.2%-ലേക്ക് ഉയർന്നു. ഇതോടെ അടുത്ത മാസം ആർ ബി ഐ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയുണ്ടായി ഇതും ഓഹരിവിപണിയുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

Content Highlights: Expats send more money back home due to the depreciation of the rupee against Gulf currencies

dot image
To advertise here,contact us
dot image