ദുബായ്: യുഎഇ ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുട്ടികൾക്ക് സൗജന്യമായി ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബായ് ആർടിഎ. ഡിസംബർ ഒന്നിനും അഞ്ചിനും ഇടയിൽ പ്രസവിച്ച അമ്മമാർക്ക് 24 ആശുപത്രികളിൽ നിന്നായി 450 ചൈൽഡ് സീറ്റുകളാണ് കൈമാറിയത്. മൈ ബേബിസ് ഗിഫ്റ്റ് ഓൺ ദി ഇത്തിഹാദ് എന്ന പേരിലുള്ള സംരഭത്തിൻ്റെ കീഴിലാണ് സമ്മാനം കൈമാറിയത്.
യുനിസെഫ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് പൊലീസ്, പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് സംരംഭം സാധ്യമായത്. ഈദ് അൽ ഇത്തിഹാദ് വേളയിൽ എമിറേറ്റിലെ ആശുപത്രികളിലെ എല്ലാ നവജാത ശിശുക്കൾക്കും സൗജന്യ ചൈൽഡ് കാർ സീറ്റ് നൽകാനാണ് സംരംഭം ലക്ഷ്യമിടുന്നത്.
വർഷം തോറും ഡിസംബർ ഒന്ന് മുതൽ അഞ്ചുവരെ നടക്കുന്ന ആഘോഷ വേളയിൽ പ്രതീക്ഷിക്കുന്ന ജനങ്ങളുടെ എണ്ണത്തെ അടിസ്ഥാനാമാക്കി ആശുപത്രികൾക്ക് കാർ സീറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
Content Highlight : Dubai: 450 free car seats gifted to newborns for UAE National Day