പലരുടേയും വളർത്തുമൃഗങ്ങളിൽ ഇടം നേടിയ മൃഗമാണ് പൂച്ചകൾ. പല ഇനത്തിൽപ്പെട്ട പൂച്ചകളെ നമുക്ക് ചുറ്റും കാണാനാകും. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മണൽ പൂച്ചകളെ കുറിച്ചുള്ള വാർത്തയാണ്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മണൽപ്പൂച്ചയെ കുവൈറ്റിലെ മരുഭൂമിയിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ ടെക്നിക്കൽ കാര്യ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സെയ്ദ് .
ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കുന്ന വന്യജീവികളിലൊന്നാണ് മണൽ പൂച്ചകൾ. കാഴ്ചയിൽ സുന്ദരമാണിവ. കുവൈറ്റിലെ അൽസൽമി മരുഭൂമിയിലാണ് മണൽ പൂച്ചയെ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ സൗദി അറേബ്യയിലെ നഫൂദ് അൽ അരീഖിലും മണൽ പൂച്ചയെ കണ്ടെത്തിയിരുന്നു.
കുവൈറ്റിലെ വടക്കുകിഴക്കൻ അതിർത്തി മരുഭൂമി പ്രദേശങ്ങളിലും മറ്റുമായാണ് ഇവയെ കാണപ്പെടുന്നത്. കാട്ടിലെ മാളങ്ങളിലും ക്വാറികളിലുമാണ് മണൽ പൂച്ചകൾ അഭയം പ്രാപിക്കുന്നത്. മണൽ പൂച്ചയെ സാധാരണയായി ലോകമെമ്പാടുമുള്ള മൂന്ന് പ്രധാന പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ആഫ്രിക്കയിലെ സഹാറ മരുഭൂമി, അറേബ്യൻ ഉപദ്വീപിൻ്റെ ചില ഭാഗങ്ങൾ, മധ്യേഷ്യയിലെ പ്രദേശങ്ങളിലുമാണ് ഈ ഇനം പൂച്ചകളെ കാണപ്പെടുന്നത്.
കാഴ്ചയിൽ അതിമനോഹരവും വാത്സല്യവും തോന്നുന്ന ഈ പൂച്ചകൾ രാത്രിയിലാണ് അധികമായി വേട്ടയ്ക്കായി ഇറങ്ങുന്നത്. ചെറിയ എലികൾ, പക്ഷികൾ, പ്രാണികൾ എന്നിങ്ങനെയുള്ളവയെയാണ് ഭക്ഷിക്കുന്നത്. കാണാൻ ചെറുതാണെങ്കിലും വലിയ കണ്ണുകളും കൂർത്ത ചെവികളുമാണ് മണൽ പൂച്ചയുടേത്. ഇവ മനുഷ്യരുമായി ഇണങ്ങുകയില്ല.
മണൽപ്പൂച്ചയുടെ കട്ടിയുള്ള രോമങ്ങൾ പൊതിഞ്ഞ കൈകാലുകൾ കടുത്ത ചൂടിനെ നേരിടാൻ അവയെ സഹായിക്കുന്നു. 45 മുതൽ 57 സെന്റിമീറ്റർ വരെയാണ് ഇവയുടെ വലുപ്പം. കടുത്ത സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ശേഷി ഇവയ്ക്കുണ്ട്. മരുഭൂമിയിൽ 80 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂട് കാലാവസ്ഥയേയും അതീജീവിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.
ആവാസവ്യവസ്ഥയുടെ തകർച്ച, മരുഭൂവൽക്കരണം, അനിയന്ത്രിതമായ ഭൂമി വികസനം തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളുടെ ആഘാതങ്ങളുൾപ്പടെ നിരവധി പാരിസ്ഥിതിക ഭീഷണികൾ മണൽ പൂച്ച നേരിടുന്നുണ്ടെന്ന് ഡോ. അൽ-സൈദാൻ കൂട്ടിച്ചേർക്കുകയും ചെയ്തു.
Content Highlights: Kuwait's Sand Cat Population thrives in al-salmi area