കുവൈറ്റ് സിറ്റി: റമദാനിൽ സംഭാവനകൾ പണമായി നൽകുന്നത് നിരോധിച്ച് കുവൈറ്റ് സർക്കാർ. റമദാനിലെ സംഭാവനകൾ ഇ-പേയ്മെന്റായി നൽകണമെന്ന് കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിൽ ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സൊസൈറ്റികൾക്കാണ് മന്ത്രാലയം സർക്കുലർ അയച്ചത്.
ലൈസൻസുളള ഇലക്ട്രോണിക് ചാനലുകൾ വഴി മാത്രമേ സംഭാവനകൾ സ്വീകരിക്കാൻ സാധിക്കുകയുളളു. കെ-നെറ്റ് സേവനങ്ങൾ, ബാങ്ക് കിഴിവുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ, ടെലികോം കമ്പനി ടെക്സ്റ്റ് മെസ്സേജ് സേവനങ്ങൾ എന്നിവ വഴിയും സംഭാവനകൾ സ്വീകരിക്കാം. ഓഫീസുകളിലോ പൊതുസ്ഥലങ്ങളിലോ വെച്ച് പണം സ്വീകരിക്കുന്നത് തടഞ്ഞിരിക്കുന്നു.
വിദേശ സംഭാവനകളുടെ മേൽനോട്ടവും മന്ത്രാലയം കർശനമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് അയയ്ക്കുന്ന ഏതൊരു ഫണ്ടിനും മുൻകൂർ അനുമതി ആവശ്യമാണ്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പളളിക്കുളളിലോ പുറത്തോ അനധികൃത പ്രമോഷണൽ മെറ്റീരിയലുകൾ വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. റമദാൻ അവസാനിച്ച് ഒരു മാസത്തിനുളളിൽ ചാരിറ്റി സംഘടനകൾ അവരുടെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കണം. പണ സംഭാവനകളുടെ സുരക്ഷയും ദുരുപയോഗ സാധ്യതയും കണക്കിലെടുത്താണ് കുവൈറ്റിന്റെ ഈ നീക്കം.
Content Highlights: Kuwait Bans Cash Donations in Ramadan Pay Only Trough E-Payment System