
കുവൈറ്റ് സിറ്റി: 64-ാമത് ദേശീയ ദിനാഘോഷ നിറവിലാണ് കുവൈറ്റ്. ദേശീയ ദിനാഘോഷ പരിപാടികളില്‍ പങ്കാളികളായി പ്രവാസി സമൂഹവും. ഇന്നും നാളെയും രാജ്യം ദേശീയദിനവും 34-ാമത് വിമോചന ദിനവും ആഘോഷിക്കും. ഫെബ്രുവരി രണ്ടിന് ബയാന്‍ പാലസില്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പതാക ഉയര്‍ത്തിയതോടെ രാജ്യത്ത് ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു.
രാജ്യത്തെ തെരുവോരങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും അമീറിന്റേയും കിരീടവകാശിയുടേയും കുവൈറ്റ് പതാകകളുടേയും ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള 2000ത്തിലധികം പതാകകളാണ് ഉയര്‍ത്തിയിട്ടുള്ളത്. ജഹ്‌റ ഗവര്‍ണറേറ്റിലെ റെഡ് പാലസില്‍ നിരവധി കൊടിമരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അണിരി എയര്‍പോര്‍ട്ട് മുതല്‍ ബയാന്‍ പാലസ് വരെയുള്ള പാലങ്ങളിലും മറ്റുമായി 490 കൊടിമരങ്ങളുണ്ട്.
1961 ജൂണ്‍ 19നാണ് ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്ന് കുവൈറ്റ് സ്വാതന്ത്ര്യം നേടിയത്. ഈ ദിനത്തിലായിരുന്നു രാജ്യം സ്വാതന്ത്യദിനം ആഘോഷിച്ചിരുന്നത്. 1964 വരെ ജൂൺ 19നാണ് ദേശീയ ദിനം ആഘോഷിച്ചിരുന്നത്. പിന്നീടാണ് ഫെബ്രുവരി 25ലേക്ക് ആഘോഷം മാറ്റിയത്.
ഫെബ്രുവരി 25നാണ് ആധുനിക കുവൈറ്റിന്റെ ശില്‍പി എന്നറിയപ്പെടുന്ന അമീര്‍ ഷെയ്ഖ് അബ്ദുള്ള അല്‍സാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടക്കുന്നത്. ഈ സ്മരണയിലാണ് ഫെബ്രുവരി 25 ദേശീയ ദിനാഘോഷമായി മാറ്റിയത്. കൂടാതെ ഇറാഖ് അധിനിവേശത്തില്‍ നിന്ന് മോചിതമായതിന്റെ ഓര്‍മ പുതുക്കലാണ് ഫെബ്രുവരി 26 വിമോചന ദിനമായി ആചരിക്കുന്നത്.
Content Highlights: Kuwait celebrates 64th National Day