
കുവൈറ്റ് സിറ്റി: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ചെന്ന് സംശയിച്ച് കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ. അബ്ദാലിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. മൃതദേഹത്തിൽ ആക്രമണം നടന്നതിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിന് വിവരം ലഭിക്കുകയായിരുന്നു.
മുൻ കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിനാണ് കുവൈറ്റ് പൗരനെതിരെ കേസെടുത്തു. ഇയാൾ ഭാര്യയെ കൊലപ്പടുത്തിയെന്നും മൃതദേഹം കൊണ്ടുപോയി മരുഭൂമിയിൽ ഉപേക്ഷിച്ചുവെന്നുമുള്ള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടെന്നും അക്രമം നടന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ച് പോകുന്നതിന് മുൻപ് പ്രതി തൻ്റെ വാഹനം സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയതായി സംശയിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം നടത്തിയെന്ന കേസിലാണ് പ്രതിയെന്ന് സംശയിക്കുന്ന കുവൈറ്റ് പൗരനെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്.
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് നിയമ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, ഇരയുമായും പ്രതിയുമായും ബന്ധപ്പെട്ടവരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തുവരികയാണ്. സംഭവ സ്ഥലത്തുനിന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മരണ കാരണവും സമയവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Content Highlights: Kuwaiti man arrested for killing wife, abandoning body in desert