
കുവൈത്തിൽ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അനധികൃതമായി ക്രിപ്‌റ്റോ കറൻസി മൈനിങ് നടത്തിയ ഉപകരണങ്ങൾ പിടിച്ചെടുത്ത് അധികൃതർ. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയങ്ങളുമായി യോജിച്ച് നടത്തുന്ന നടപടിയുടെ ഭാഗമായിട്ടാണ് അനധികൃതമായി ക്രിപ്‌റ്റോ മൈനിങ് നടത്തിയിരുന്ന വീട്ടിൽ നിന്ന് ഉപകരണങ്ങൾ പിടിച്ചെടുത്തത്.
ഏപ്രിൽ 24 നാണ് കുവൈത്തിലെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ക്രിപ്‌റ്റോകറൻസി ഖനനത്തിനായി ഉപയോഗിക്കുന്ന വീടുകളിൽ പരിശോധന നടന്നത്. വൈദ്യുതിയുടെ നിയമവിരുദ്ധ ഉപയോഗം ചെറുക്കുന്നതിനും പവർ ഗ്രിഡിൽ അമിതമായി ഉണ്ടാവുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
പരിശോധനയിൽ വലിയ തോതിൽ ക്രിപ്‌റ്റോ മൈനിങ് നടത്താൻ സാധിക്കുന്ന തരത്തിൽ സജ്ജീകരിച്ച വീടുകളാണ് കണ്ടെത്തിയത്. പരിശോധനയുടെ വീഡിയോ ദൃശ്യങ്ങൾ ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു. അനധികൃതമായുള്ള ഇത്തരം പ്രവർത്തനങ്ങൾ നെറ്റ്‌വർക്ക് ഓവർലോഡുകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു, ഇത് റെസിഡൻഷ്യൽ, വാണിജ്യ, സേവന മേഖലകളെ ബാധിക്കുന്ന തരത്തിൽ വൈദ്യുതി തടസത്തിനും കാരണമാവുന്നുണ്ട്.
പൊതുജനങ്ങളുടെ സുരക്ഷ കൂടി മുൻനിർത്തിയാണ് പരിശോധന നടത്തിയിരിക്കുന്നത്. ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും കൂടിയാണ് ഈ പരിശോധന ക്യാംപെയ്ൻ. പരിശോധനയ്ക്കിടെ നിരവധി നിയമലംഘന സ്വത്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
പരിശോധനയിൽ കണ്ടെത്തിയ ക്രിപ്‌റ്റോകറൻസി മൈനിങ് സിസ്റ്റങ്ങളും നെറ്റ്‌വർക്കുകളും അധികൃതർ പിടിച്ചെടുത്തു. കുറ്റവാളികൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
Content Highlights: Illegal cryptocurrency mining in Kuwait Authorities seize equipment