ഡ്രൈവിംഗിനിടെ മേക്കപ്പും ഫോണും വേണ്ട... കുവൈത്തിലെ പുതിയ ഗതാഗത നിയമം അറിഞ്ഞില്ലെങ്കില്‍ 'പണി' കിട്ടും

കുവൈററില്‍ വാഹനമോടിക്കുമ്പോള്‍ ഈ പുതിയ നിയമങ്ങള്‍ അറിഞ്ഞിരിക്കണം

dot image

കുവൈറ്റില്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍ വന്നു. പലതരം നിയമ ലംഘനങ്ങള്‍ക്കും പിഴയും തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പക്ഷേ പലര്‍ക്കും നിയമലംഘനങ്ങള്‍ സംബന്ധിച്ചും പിഴ നല്‍കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ചുമൊക്കെ ആശയക്കുഴപ്പമുണ്ട്. പിഴയുടെ ക്രമങ്ങള്‍ ഇപ്രകാരമാണ്.

എന്തൊക്കെയാണ് നിയമലംഘനത്തിനുള്ള പിഴയും ശിക്ഷയും?

ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ 150 ദിനാര്‍, സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിന് 30 ദിനാര്‍, മൊബൈല്‍ ഉപയോഗത്തിന് 75 ദിനാര്‍ ഇത്തരത്തിലാണ് പ്രധാന പിഴകള്‍. പൊലീസ് നിരീക്ഷണത്തില്‍ പിടിക്കപ്പെടുന്നത് കൂടാതെ എഐ ക്യാമറകളിലൂടെയും നിയമലംഘകർ കുടുങ്ങും. ഫോണ്‍ ഉപയോഗവും മറ്റും 16 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള പനോരമിക് ക്യാമറകളില്‍ പതിയും. കണ്ട്രാള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വാഹനത്തിന്റെ നമ്പര്‍ ഫോട്ടോ എടുത്ത് 75 ദിനാര്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ വീണ്ടും പിഴത്തുക കൂടും.

മാത്രമല്ല വാഹനം ഓടിക്കുമ്പോള്‍ മേക്കപ്പ് ചെയ്യുന്നതും വാഹനം ഓടിക്കുന്നയാള്‍ ഭക്ഷണം കഴിക്കുന്നതും അശ്രദ്ധമൂലമുള്ള നിയമലംഘനങ്ങളുടെ പട്ടികയില്‍പ്പെടും. ഇതിനും 75 ദിനാര്‍ പിഴയാണുള്ളത്. ഒരു വിദേശിയുടെ പേരില്‍ ഒരു വാഹനം മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. 10 വയസില്‍ താഴെയുളള കുട്ടികളെ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ 50 ദിനാറാണ് പിഴ. മുതിര്‍ന്നവര്‍ ഇല്ലാതെ കുട്ടികളെ ഒറ്റയ്ക്ക് വാഹനത്തില്‍ ഇരുത്തിയിട്ട് പോയാലും 50 ദിനാര്‍ പിഴ ചുമത്തും.

ഹൈവേകളിലും റിങ് റോഡുകളിലും അനുവദിച്ചിട്ടുള്ള വേഗതയില്‍ നിന്ന് വളരെ കുറഞ്ഞ വേഗതയില്‍ പോയാലും 30 ദിനാര്‍ പിഴ ഈടാക്കും. അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പിഴ 15 ദിനാറാണ്. അതാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

വാഹനമോടിക്കുമ്പോള്‍ മേക്കപ്പിട്ടാല്‍ പിഴ

പുതിയ ഗതാഗത നിയമത്തില്‍ വാഹനം ഓടിക്കുമ്പോള്‍ മേക്കപ്പിടുന്ന സ്ത്രീകള്‍ക്ക് 75 ദിനാര്‍ പിഴ ചുമത്തും. ഈ പ്രവര്‍ത്തി ശ്രദ്ധതിരിക്കുന്ന ഡ്രൈവിംങ് ആയി കണക്കാക്കപ്പെടുന്നു.വാഹനമോടിക്കുമ്പോള്‍ മേക്കപ്പ് ഇടുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനോ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിനോ തുല്യമാണെന്ന് ലെഫ്റ്റനന്റ് കേണല്‍ യൂസഫ് അല്‍ റബാഹ് പറഞ്ഞു. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷകള്‍ നേരിടേണ്ടി വന്നേക്കാം.


2024 ലെ ഗതാഗത സ്ഥിതിവിവരക്കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 14 വയസ്സിന് താഴെയുള്ള 11 കുട്ടികള്‍ ഉള്‍പ്പെടെ 284 റോഡപകട മരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.


പിഴകള്‍ കര്‍ശനമാക്കുകയും ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റിലെ ഗതാഗത നിയന്ത്രണങ്ങളില്‍ കൊണ്ടുവന്ന നിരവധി ഭേദഗതികളില്‍ ഒന്നാണ് പുതിയ നിയമം.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇവയാണ്

മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്ത് അപകടമുണ്ടായി മരണം സംഭവിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും 2000 മുതല്‍ 5000 വരെ ദിനാര്‍ പിഴയും നല്‍കേണ്ടിവരും. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകവഴിയുണ്ടാകുന്ന അപകട നഷ്ടങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 2000 മുതല്‍ 3000 വരെ പിഴയും നല്‍കേണ്ടിവരും.

ഇനി ലഹരി ഉപയോഗിച്ച് വാഹനമോടിക്കുകയോ ഓടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ തടവോ 1000 മുതല്‍ 3000 ദിനാര്‍ വരെ പിഴയോ ലഭിക്കാം. ഇത്തരത്തിലുള്ള എന്ത് അപകടമുണ്ടായാലും വാഹനം പിടിച്ചെടുക്കാനുള്ള എല്ലാ അധികാരവും ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ഉദ്യേഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.


പുതിയ നിയമത്തില്‍ പറയുന്ന മറ്റൊരു കാര്യം നിയമത്തില്‍ പറയുന്ന നിയമലംഘനങ്ങള്‍ സംഭവിക്കുമ്പോള്‍ ഏതെങ്കിലും ആശയ വിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഫോട്ടോയോ വീഡിയോയോ ഓഡിയോ ക്ലിപ്പോ പകര്‍ത്തി അവ പ്രസിദ്ധീകരിച്ചാല്‍ 1000 മുതല്‍ 2000 ദിനാര്‍ വരെ പിഴ ഈടാക്കും. കഴിഞ്ഞ 22-ാം തീയതിയാണ് പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍ വന്നത്.

Content Highlights :You should know these new rules when driving in Kuwait

dot image
To advertise here,contact us
dot image