സലാല: സർവീസ് വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. സലാല- കോഴിക്കോട് റൂട്ടിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് വർധിപ്പിച്ചത്. ആഴ്ചയിൽ ഞായർ, വ്യാഴം എന്നീ ദിവസങ്ങളിലാണ് സർവീസ് ഉണ്ടാവുക. ഈ വരുന്ന ആഴ്ച മുതലാണ് വർധിപ്പിച്ച സർവീസ് ആരംഭിക്കുക.
സലാലയിൽ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 4.15നാണ് കോഴിക്കോടെത്തുക. തിരിച്ച് കോഴിക്കോട് നിന്ന് രാവിലെ 7.15ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.55ന് സലാലയിൽ ലാൻഡ് ചെയ്യും. ദോഫാർ, അൽ വുസ്ത മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് അധിക സർവീസുകൾ.
ഈ മേഖലയിൽ നിരവധി പ്രവാസി മലയാളികളാണ് ജോലി ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാർത്ത കൂടിയാണിത്. സലാലയിൽ നിന്ന് സർവീസുകൾ ഇല്ലാത്ത ദിവസം മസ്ക്കറ്റിലെത്തിയാണ് പലരും നാട്ടിലേക്ക് എത്തുന്നത്. ഇത് പ്രവാസികളെ സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലാക്കുന്ന കാര്യമാണ്.
കേരളത്തിലെ മറ്റു സെക്ടറുകളിലേക്കും നിലവിലെ സെക്ടറുകളിലും പ്രതിദിന സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
Content Highlights: Air india express increased flights in salah kozhikode sector