മസ്ക്കറ്റ്: ഇനി മുതൽ ഒമാനിൽ ദേശീയ ദിനം ആഘോഷിക്കുക നവംബർ 20നായിരിക്കും. സുൽത്താൻ ഹൈതം ബിൻ താരികാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സ്ഥാനാരോഹണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം.
ഈ ദിവസം 1744 മുതൽ ഇമാം സയ്യിദ് അഹമ്മദ് ബിൻ സയ്യിദ് അൽ ബുസൈദിയുടെ കൈകളാൽ രാജ്യത്തെ സേവിക്കാൻ അൽ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണെന്ന് സുൽത്താൻ പറഞ്ഞു. നേരത്തെ ഒമാനിൽ നവംബർ 18നായിരുന്നു ഒമാനിൽ ദേശീയ ദിനം ആഘോഷിച്ചിരുന്നത്.
സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാൻ ഭരണാധികാരിയായി ചുമതലയേറ്റിട്ട് അഞ്ചാണ്ട് തികഞ്ഞു. 2024 നവംബര്‍ 18നായിരുന്നു സ്ഥാനാരോഹണ ദിനം ആഘോഷിച്ചത്. ഒരു ലക്ഷത്തിലധികം പൗന്മാർക്ക് പ്രയോജനം ലഭിക്കുന്ന 178 ദശലക്ഷം റിയാലിന്റെ ഗ്രാൻഡ് സുൽത്താൻ പ്രഖ്യാപിച്ചു. 17000ലധികം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ഭവന സഹായ പദ്ധതിയ്ക്കുള്ള സാമ്പത്തിക വിഹിതം 15 ദശലക്ഷം റിയാലായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഈ വർഷവും സാമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുന്നത് തുടരും. ഇതോടൊപ്പം 2025ൽ പൗരൻമാർക്ക് സാമൂഹിക, ഇൻഷുറൻസ് വ്യാപിപ്പിക്കും. 350 റിയാലിൽ താഴെ പെൻഷൻ ഉള്ളവർക്ക് തുക വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ബന്ധപ്പെട്ട അധികാരികൾ പ്രഖ്യാപിച്ച ചട്ടങ്ങൾ അനുസരിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് എല്ലാ ഗവർണറേറ്റുകളിലും വിവാഹ ഫണ്ടുകൾ സ്ഥാപിക്കുമെന്നും സുൽത്താൻ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: November 20 as Oman’s National Day