'രാഷ്ട്രത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ കുട്ടികൾ കേന്ദ്ര ബിന്ദുവായി തുടരും'; യുഎഇ പ്രസിഡൻ്റ്

എല്ലാ വര്‍ഷവും മാര്‍ച്ച് 15നാണ് യുഎഇയില്‍ ശിശുദിനം ആചരിക്കുന്നത്.

dot image

അബുദാബി: യുഎഇയുടെ ഭാവിയുടെ കേന്ദ്രബിന്ദു കുട്ടികളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അവരുടെ കഴിവുകൾ പൂർണ്ണമായും ഉപയോ​ഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എമിറാത്തി ശിശുദിനത്തിൽ എക്സിലൂടെയായിരുന്നു ഷെയ്ഖ് മുഹമ്മദിൻ്റെ പ്രതികരണം.

'യുവജനതയെ ഭാവികാലത്തെ നേരിടാന്‍ പാകപ്പെടുത്തുക എന്ന നമ്മുടെ പ്രധാന ലക്ഷ്യത്തില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഈ ശിശുദിനം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ഒരു സമൂഹമെന്ന നിലയിലും രാജ്യമെന്ന നിലയിലുമുള്ള ഉത്തരവാദിത്തത്തെ ഊന്നിപ്പറയുകയാണ്. നമ്മള്‍ വിഭാവനം ചെയ്യുന്ന വികസനത്തിന്റെയും പുരോഗതിയുടെയും കേന്ദ്രബിന്ദുക്കള്‍ എന്നെന്നും കുട്ടികളായിരിക്കും,' ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ പറഞ്ഞു.

എല്ലാ വര്‍ഷവും മാര്‍ച്ച് 15നാണ് യുഎഇയില്‍ ശിശുദിനം ആചരിക്കുന്നത്. 2018ല്‍ രാഷ്ട്രമാതാവായ ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്കാണ് മാര്‍ച്ച് 15 ശിശുദിനമായി പ്രഖ്യാപിച്ചത്. വദീമ നിയമം എന്നറിയപ്പെടുന്ന ഫെഡറല്‍ നിയമം നമ്പര്‍ 3, എമിറേറ്റ്‌സ് അംഗീകരിച്ചത് 2016ല്‍ ഇതേ ദിവസമായതിനാലാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 15ന് എമിറാത്തി ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും എല്ലാത്തരം ദുരുപയോഗങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനുമാണ് ഈ നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നത്. 2012ല്‍ നടന്ന വദീമ എന്ന എട്ടു വയസുകാരിയുടെ കൊലപാതകമാണ് ഈ നിയമനിര്‍മാണത്തിലേക്ക് നയിച്ചത്.

പിതാവും പങ്കാളിയും പീഡിപ്പിച്ച് കൊലപ്പെടുത്തിയ വദീമയുടെ മൃതദേഹം ഷാര്‍ജയിലെ മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു.

Content Highlights: UAE President reaffirms commitment to protecting rights of children

dot image
To advertise here,contact us
dot image