
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിന്‍റെ ഹൃദയം കാത്തിരിക്കുന്നതിനിടെ ടൈറ്റാനിയം കൃത്രിമഹൃദയവുമായി 100 ദിവസം അതിജീവിച്ച് ചരിത്രം കുറിച്ച് ഓസ്ട്രേലിയന്‍ പൗരനായ നാല്‍പതുകാരന്‍. ന്യൂസൗത്ത് വെല്‍സില്‍ നിന്നുള്ള ഇദ്ദേഹം നൂറുദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ആരോഗ്യവാനായി ഡിസ്ചാര്‍ജ് വാങ്ങിയത്. 2024 നവംബര്‍ 22 ന് സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയില്‍ കാര്‍ഡിയോതൊറാസിക് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ പോള്‍ ജാന്‍സിന്റെ നേതൃത്വത്തില്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഓസ്ട്രേലിയന്‍ പൗരന് കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ചത്.
ആഴ്ചകളോളം ഐസിയുവിലും വാര്‍ഡിലുമായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം ഫെബ്രുവരിയിലാണ് അദ്ദേഹം ആശുപത്രി വിട്ടത്. ടൈറ്റാനിയം കൊണ്ട് നിര്‍മിച്ച ചെറുയന്ത്രം ഒരു പമ്പ് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചെയ്യുക. രോഗിക്ക് ദാതാവിന്റെ ഹൃദയം ലഭിക്കുന്നതുവരെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്രിമ ഹൃദയം നിര്‍വ്വഹിച്ചുകൊള്ളും. മാര്‍ച്ച് ആദ്യം ഈ രോഗിക്ക് ദാതാവില്‍ നിന്നും ഹൃദയം ലഭിച്ചിരുന്നു. ഓസ്ട്രേലിയന്‍ മെഡിക്കല്‍ രംഗത്തെ ചരിത്രപരമായ ഒരു നാഴികക്കല്ലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഡോ. ജാന്‍സ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളുടെ പ്രധാന കാരണം ഹൃദയ സംബന്ധമായ രോഗങ്ങളാണ്. ഓരോ വര്‍ഷവും 17.9 ദശലക്ഷം ജീവന്‍ ആണ് ഹൃദയരോഗങ്ങള്‍ മൂലം നഷ്ടപ്പെടുന്നത്. പല രോഗികള്‍ക്കും ദാതാവിന്റെ ഹൃദയത്തിനായുള്ള കാത്തിരിപ്പ് ദീര്‍ഘവും അനിശ്ചിതത്വം നിറഞ്ഞതുമായിരിക്കും. അതിനാല്‍ തന്നെ കൃത്രിമ ഹൃദയം എന്ന സാധ്യത പുതിയ പ്രതീക്ഷ നല്‍കുന്നു. ഹൃദയം മാറ്റിവയ്ക്കലിന് ഒരു ദീര്‍ഘകാല ബദല്‍ നല്‍കുകയും ഗുരുതരാവസ്ഥയിലുള്ളവരുടെ അതിജീവന സാധ്യത ഇത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കൃത്രിമ ഹൃദയം
ബിവാക്കര്‍ ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ടിന്റെ ഉപജ്ഞാതാവായ ഡോ. ഡാനിയല്‍ ടിംസ് ആണ് കൃത്രിമ ഹൃദയം കണ്ടുപിടിച്ചത്. ക്വീന്‍സ്ലാന്‍ഡില്‍ ജനിച്ച ഡോ. ഡാനിയേല്‍ ടിംസ് കണ്ടുപിടിച്ച ബിവാക്കര്‍ ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട്, യുഎസ്- ഓസ്‌ട്രേലിയന്‍ കമ്പനിയായ ബിവാക്കറാണ് വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ആദ്യത്തെ ഇംപ്ലാന്റ് ചെയ്യാവുന്ന റോട്ടറി ബ്ലഡ് പമ്പാണിത്. ഈ ഉപകരണം ആരോഗ്യകരമായ ഹൃദയത്തിന്റെ സ്വാഭാവിക രക്തപ്രവഹം നടത്താന്‍ പ്രാപ്തമാണ്. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ണമായി മനുഷ്യ ഹൃദയത്തിന് പകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ദാതാവിന്റെ ഹൃദയം ലഭ്യമാകുന്നതുവരെ രോഗികളെ ജീവനോടെ നിലനിര്‍ത്തുന്നതിനുള്ള ഒരു പാലമായിട്ടാണ് ഉപകരണം രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്വീകര്‍ത്താക്കള്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ആവശ്യമില്ലാതെ തന്നെ അവര്‍ക്ക് ഈ ഉപകരണം ഉപയോഗിച്ച് ജീവിക്കാന്‍ കഴിയുക എന്നതായിരുന്നു ഡോക്ടര്‍ ഡാനിയേല്‍ ടിംസിന്റെ ലക്ഷ്യം.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരു പുതിയ യുഗം
ഹൃദയസ്തംഭന ചികിത്സയെ പരിവര്‍ത്തനം ചെയ്യാനുള്ള ഈ പരീക്ഷണം മെഡിക്കല്‍ സമൂഹത്തില്‍ പ്രതീക്ഷയ്ക്ക് തിരികൊളുത്തി. ഹൃദ്രോഗം മൂലം പിതാവ് മരിച്ചതോടൊയാണ് ഡോ. ഡാനിയല്‍ ടിംസ് ഈ കണ്ടുപിടിത്തം നടത്തിയത്. ഈ സാങ്കേതികവിദ്യയില്‍ വിശ്വാസമര്‍പ്പിച്ചതിന് രോഗിക്കും അവരുടെ കുടുംബത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അവരുടെ ധൈര്യം ഭാവിയിലെ നിരവധി രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കുന്ന നവീകരണത്തില്‍ നിന്ന് പ്രയോജനം നേടാന്‍ വഴിയൊരുക്കുമെന്ന് ടിംസ് പറഞ്ഞു.
വിക്ടര്‍ ചാങ് കാര്‍ഡിയാക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ക്രിസ് ഹേവാര്‍ഡ് ഈ നേട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒരു 'ഗെയിം-ചേഞ്ചര്‍' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അടുത്ത ദശകത്തിനുള്ളില്‍, ദാതാവിന്റെ ഹൃദയത്തിനായി കാത്തിരിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ ദാതാവ് ലഭ്യമല്ലാത്ത രോഗികള്‍ക്ക് കൃത്രിമ ഹൃദയങ്ങള്‍ ഒരു പതിവ് ബദലായി മാറുമെന്ന് അദ്ദേഹം പ്രവചിച്ചു. ഹൃദയസ്തംഭന ചികിത്സയില്‍ ഒരു പ്രധാന ചുവടുവയ്പ്പായി ഈ വൈദ്യശാസ്ത്ര മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് ഇത്പ്രതീക്ഷ നല്‍കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ ഫലവത്താകുകയാണെങ്കില്‍ ജീവന്‍ രക്ഷിക്കുന്നതിനായി കൃത്രിമ ഹൃദയങ്ങള്‍ വൈകാതെ ഒരു സാധാരണ പരിഹാരമായി മാറിയേക്കാം.
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍
ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് , ശാരീരിക പ്രവര്‍ത്തനങ്ങള്‍ മൂലമോ കിടക്കുമ്പോഴോ ഇത് വഷളാകാം, അതുപോലെ തന്നെ നിരന്തരമായ ക്ഷീണവും ബലഹീനത തുടങ്ങിയവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
കാലുകള്‍, കണങ്കാലുകള്‍, പാദങ്ങള്‍, അടിവയര്‍ എന്നിവയില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലം വീക്കം ഉണ്ടാകുന്നതും ഒരു സാധാരണ ലക്ഷണമാണ്. വ്യക്തികള്‍ക്ക് വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ്, വ്യായാമം ചെയ്യാനുള്ള കഴിവ് കുറയല്‍, തുടര്‍ച്ചയായ ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ ചുമ എന്നിവ അനുഭവപ്പെടാം. ചിലപ്പോള്‍ രക്തത്തിന്റെ അംശങ്ങളുള്ള വെളുത്തതോ പിങ്ക് നിറത്തിലുള്ളതോ ആയ കഫം ഉത്പാദിപ്പിക്കപ്പെടുന്നു.
ദ്രാവകം അടിഞ്ഞുകൂടല്‍, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ കാരണം പെട്ടെന്ന് ശരീരഭാരം കൂടുകയും ചെയ്‌തേക്കാം. കൂടാതെ, ചില ആളുകള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം അല്ലെങ്കില്‍ മാനസിക ജാഗ്രത കുറയുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയാഘാതം മൂലം ഹൃദയസ്തംഭനം സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ നെഞ്ചുവേദന ഉണ്ടാകാം. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും വഷളാകുകയോ ഗുരുതരമാകുകയോ ചെയ്താല്‍ ഉടനടി വൈദ്യസഹായം തേടണം.
ഹൃദയസ്തംഭനം തടയല്‍
കൊറോണറി ആര്‍ട്ടറി രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങളുടെ വികാസത്തിന് കാരണമാകുന്ന അടിസ്ഥാന ആരോഗ്യസ്ഥിതികള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും ചികിത്സിക്കുന്നതിലൂടെയും ഹൃദയസ്തംഭനം പലപ്പോഴും തടയാന്‍ കഴിയും. ഹൃദയാരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നത് ഹൃദയസ്തംഭന സാധ്യത കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
Content Highlights: Australian Man Becomes First To Survive 100 Days With Artificial Heart In Groundbreaking Medical Trial