റിയാദ്: സൗദിയിൽ തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ സിലിൽ ഡിഫൻസ് നിർദേശിച്ചു. മക്ക മേഖലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും ആലിപ്പഴവർഷത്തിനും പൊടികാറ്റിനും സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. റിയാദിലെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ശക്തമായ വെള്ളപ്പെക്കൊത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുൻകരുതലുകൾ എടുക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും പൊതുജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി. വാദികളും താഴ്വരകളും ഉള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാനും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ഘട്ടത്തെ നേരിടാനായി 14 ആംബുലൻസ് ടീമുകൾ, രണ്ട് കെയർ ടീമുകൾ, എയർ ആംബുലൻസ് ടീം തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. വിദൂര പ്രദേശങ്ങളിൽ റെസ്പോൺസ് ടീം കൂടാതെ അടിയന്തര സാഹചര്യത്തെ നേരിടുന്നതിനായി സപ്പോർട്ട് ടീമുകളെയും സജ്ജീകരിച്ചുവെന്നും ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. മമദൗ അൽ റുവൈലി അറിയിച്ചു.
മക്ക, ജിദ്ദ, അൽ ജുമും, അൽ കാമിൽ, അൽ ഖോർമ, തുർബ, റാനിയ, അൽ -മുവൈഹ്, കുൻഫുദ, അൽ ലൈത്ത്, തായിഫ്, മെയ്സൻ, അദം, അൽ-അർദിയാത്ത്, ബഹ്റ, ഖുലൈസ്, റാബിഗ് എന്നിവിടങ്ങളിലും മഴയക്ക് സാധ്യതയുണ്ട്. സൗദിയുടെ അൽ ജൗഫ് പ്രദേശത്ത് കഴിഞ്ഞ ബുധനാഴ്ച മുതൽ കനത്ത മഴയും ആലിപ്പഴവർഷവും ഉണ്ടായിരുന്നു. പ്രദേശമാകെ ഇന്നലെ മഞ്ഞുമൂടിയിരുന്നു. കനത്ത മഴയിൽ താഴ്വരകളിൽ വെള്ളം നിറഞ്ഞു. പ്രദേശത്ത് വരും ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: saudi rain updates