
റിയാദ്: സൗദിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. പുതുക്കോട്ടൈ മുത്തുപ്പട്ടണം സ്വദേശി ഷാഹുല്‍ ഹമീദ് (40) ആണ് മരിച്ചത്.
കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ ബാത്തില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടയാത്. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഹഫര്‍ അല്‍ ബാത്തിനില്‍ നിന്നും റഫയിലേക്ക് ട്രക്കില്‍ ലോഡുമായി പോകുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ട്രക്ക് തെന്നി മാറി ഷാഹുല്‍ ഹമീദിൻ്റെ വാഹനത്തിലേക്ക് വന്ന് ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷാഹുല്‍ അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഹഫര്‍ബാത്ത് ഒഐസിസി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റെടുത്ത് ഹഫറില്‍ ഖബറടക്കി.
മുഹമ്മദ് ഇബ്രാഹിം, ബൈറോസ് ബീഗം എന്നിവരാണ് മാതാപിതാക്കള്‍, ഭാര്യ: ബിസ്മി നിഹാര, മക്കള്‍: അഫ്‌സാന, അനാബിയ, മുഹമ്മദ്.
Content Highlights: accident in Saudi Arabia Indian expatriate dies tragically