
അൽഹസ: സൗദി-ഒമാന്‍ അതിർത്തിയില്‍ പെരുന്നാൾ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ മൃതദേഹം ഖബറടക്കി. മൃതദേഹം അൽ ഹസ്സ സ്വാലിഹിയ ഖബർസ്ഥാനിൽ ളുഹർ നിസ്കാര ശേഷമാണ് ഖബറടക്കിയത്. സൗദി ഒമാൻ അതിർത്തിയായ ബത്ഹയിൽ വെച്ചുണ്ടായ അപകടത്തിൽ കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. സഹല മുസ്ല്യാരകത്ത് (30), മകൾ ആലിയ, ദഖ്വാൻ (6) എന്നിവരാണ് മരിച്ചത്.
ഒമാന്‍-സൗദി അതിര്‍ത്തി പ്രദേശമായ ബത്ഹയില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷണല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ്, കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഷിഹാബിൻ്റെ ഭാര്യയാണ് മരിച്ച സഹല മുസ്ല്യാരകത്ത്, മകൾ ആലിയ, മിസ്അബിൻ്റെ മകനാണ് ദഖ് വാൻ. ആലിയ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ദഖ് വാൻ ബത്ഹ ആശുപത്രിയിലും സഹല കിങ് ഫഹദ് ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും പരിക്കുകളോടെ സൗദിയിലെ ഹുഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. പിൻസീറ്റിലുണ്ടായിരുന്ന ഷിഹാബും മിസ്അബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അപകടത്തിന്റെ ആഘാതത്തിലാണ്.
ഒമാനിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. സൗദി അതിർത്തി കടന്നതോടെ ഡ്രൈവർ ഉറങ്ങിപ്പോയതോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. റോഡ് ഡിവൈഡറിൽ ഇടിച്ചുമറിച്ചാണ് അപകടമുണ്ടായത്.
Content Highlights: Bodies of 3 malayalees killed in car crash to be cremated tomorrow oman