ദുബായ്: കൂറ്റന്‍ തിരമാലയില്‍പ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം. ദുബായിലാണ് സംഭവം. കാസര്‍കോട് സ്വദേശിയായ അഹ്‌മദ് അബ്ദുള്ള മഫാസാണ് മരിച്ചത്. ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരിയെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ദുബായിലെ അല്‍ മംസാര്‍ ബീച്ചില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു മഫാസും കുടുംബവും. ബീച്ചില്‍ കുളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ തിരമാലയില്‍ മഫാസും സഹോദരി ഫാത്തിമയും അകപ്പെടുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അറബ് വംശജനാണ് ഫാത്തിമയെ തിരയില്‍ നിന്ന് രക്ഷിച്ചത്. ശനിയാഴ്ച വൈകിട്ട് ദുബായ് പൊലീസ് നടത്തിയ തിരച്ചിലിലാണ് മഫാസിന്റെ മൃതദേഹം കണ്ടെത്തിയത്.
കാസര്‍കോട് ചെങ്കള സ്വദേശിയും ദുബായില്‍ വ്യാപാരിയുമായ മുഹമ്മദ് അഷ്‌റഫിന്റെയും നസീമയുടേയും മകനാണ് മഫാസ്. രക്ഷപ്പെട്ട ഫാത്തിമ എംബിഎ വിദ്യാര്‍ത്ഥിനിയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദുബായില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Content Highlights- 10th class student drowned to death in dubai