അബുദാബി: വ്യോമയാനമേഖലയിൽ റെക്കോഡ് നേട്ടം കൈവരിച്ച് യുഎഇ. കഴിഞ്ഞവർഷം 10 ലക്ഷം വിമാന സർവീസുകൾ നടത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വ്യോമഗതാഗതരംഗം 10.3 ശതമാനം വളർച്ച കൈവരിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ 22-ന് ഷാങ്ഹായിൽ നിന്ന് ദുബായിയിലേക്ക് പറന്ന എമിറേറ്റ്‌സ് എയർലൈനിന്റെ 305 വിമാനമാണ് 10 ലക്ഷം തികച്ചത്. പ്രാദേശികമായും ആഗോളതലത്തിലും വ്യോമയാന മേഖലയുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനായി യുഎഇ അതിനൂതനസംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് സാമ്പത്തികമന്ത്രിയും ജിസിഎഎ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ വ്യോമഗതാഗതത്തിൽ 20 ശതമാനത്തിലേറെ വളർച്ചയുണ്ടായി. ആഗോളതലത്തിൽത്തന്നെ ഏറ്റവുമുയർന്ന നിരക്കുകളിലൊന്നാണിത്. കൂടുതൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങളുടെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും അത്യാധുനിക സാങ്കേതിക വിദ്യകളുടെയും പിന്തുണയോടെ വരും വർഷങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ കൈകാര്യംചെയ്യാൻ യുഎഇ സജ്ജമാണെന്നും അദ്ദേഹം വിശദീകരിച്ചു. ആഗോള ഗവേഷണസ്ഥാപനമായ ഓക്‌സ്ഫഡ് ഇക്കണോമിക്സ് നടത്തിയ പഠനപ്രകാരം 2030-ഓടെ ദുബായ് വ്യോമയാനമേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Content Highlights: UAE achieves record in aviation sector