അബുദാബി: ഇത്തിഹാദ് റെയിൽ വികസനത്തിൻ്റെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി അബുദാബി-ദുബായ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയുടെ സിവിൽ വർക്കുകളും സ്റ്റേഷൻ പാക്കേജുകളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ടെൻഡറുകൾ നൽകി. മേയിൽ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2030ന് ഹൈ സ്പീഡ് ട്രെയിൻ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതിവേഗ റെയില്‍വേയുടെ സിവില്‍ വര്‍ക്കുകളും സേറ്റഷന്‍ പാക്കേജുകളും രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമാണ് ഇത്തിഹാദ് റെയില്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. അതിവേഗ ട്രെയിന്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയിലായിരിക്കും സഞ്ചരിക്കുക. ആദ്യഘട്ടത്തില്‍ അബുദാബി അല്‍സാഹിയ മുതല്‍ ദുബായ് ജദ്ദാഫ് വരെ 150 കിലോമീറ്റര്‍ ട്രാക്കാണ് ഒരുക്കുന്നത്.
ദുബായ്ക്കും അബുദാബിയ്ക്കും ഇടയിലുള്ള യാത്രാ സമയം വെട്ടിക്കുറക്കുന്നതിനായാണ് ഈ റെയില്‍വേ ലിങ്ക്. നാല് ഘട്ടങ്ങളിലായി നിര്‍മ്മിക്കുന്ന ഹൈസ്പീഡ് റെയിൽ രണ്ടാം ഘട്ടത്തില്‍ അബുദാബി നഗരത്തിലുള്ള 10 സ്റ്റേഷനുകളുള്ള ഇന്‍-സിറ്റി റെയില്‍വേ ശ്യംഖല വികസിപ്പിക്കും. മൂന്നാഘട്ടത്തില്‍ അബുദാബിയേയും അല്‍ഐനിനേയനും ബന്ധിപ്പിച്ചായിരിക്കും നിര്‍മ്മാണം. നാലാം ഘട്ടത്തില്‍ ദുബായില്‍ നിന്ന് ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, എമിറേറ്റുകളെയും അതിവേഗ പാതയുമായി ബന്ധിപ്പിക്കും. ആദ്യഘട്ടം അബുദാബിയിലെ അൽ-സാഹിയ ഏരിയ മുതൽ ദുബായിലെ അൽ-ജദ്ദാഫ് വരെ 150 കിലോമീറ്റർ വരെ നീളും.
റെയിൽവേ ലൈനിൽ അഞ്ച് സ്റ്റേഷനുകളാണ് ഉണ്ടാകുക. അൽ സാഹിയ (എഡിടി), സൗദിയാത്ത് ദ്വീപ് (എഡിഎസ്), യാസ് ഐലൻഡ് (യാസ്), അബുദാബി എയർപോർട്ട് (എയുഎച്ച്), അൽ ജദ്ദാഫ് (ഡിജെഡി) എന്നീ അഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുന്നു. ഇതിൽ എഡിടി, എയുഎച്ച്. ഡിജെസി എന്നിവ ഭൂഗർഭ സ്റ്റേഷനുളായിരിക്കും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ നഗരങ്ങളും സാമ്പത്തിക കേന്ദ്രങ്ങളും തമ്മിലുള്ള യാത്രാ ദൈർഘ്യം 30 മിനിറ്റായിരിക്കും.
പദ്ധതിയുടെ പ്രാഥമിക പരിശോധനാ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള മാറ്റ്‌കോൺ ടെസ്റ്റിംഗ് ലബോറട്ടറിയും അബുദാബിയിലെ എഞ്ചിനീയറിംഗ് & റിസർച്ച് ഇൻ്റർനാഷണലും ചേർന്ന് അതിവേഗ ട്രെയിൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂഗർഭാവസ്ഥ അറിയാൻ ഡ്രില്ലിംഗ് ടെസ്റ്റുകൾ നടത്തുന്നുണ്ട്. സ്പാനിഷ് എഞ്ചിനീയറിംഗ് സ്ഥാപനങ്ങളായ സെനറും ഇനെകോയുമാണ് പദ്ധതിയുടെ എഞ്ചിനീയറിംഗ് കൺസൾട്ടൻ്റുമാർ.
Content Highlights: UAE Tender Abu Dhabi- Dubai High Speed Rail