പാട്ടുംപാടി വരേണ്ട കൊതുകേ, പണിവരുന്നുണ്ട്...; സ്മാർട്ട് ട്രാപ്പുകളുമായി ദുബായ് മുനിസിപ്പാലിറ്റി

എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ കൊതുകിനേയും മറ്റ് പ്രാണികളെയും നിയന്ത്രിക്കാൻ 237 സമാർട്ട് ട്രാപ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മുനിസിപ്പാലിറ്റി അധികൃതർ

dot image

ദുബായ്: കൊതുക് ശല്യം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ കൊതുകിനേയും മറ്റ് പ്രാണികളെയും നിയന്ത്രിക്കാൻ 237 സമാർട്ട് ട്രാപ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മുനിസിപ്പാലിറ്റി അധികൃതർ. പൊതുജനാരോ​ഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻകരുതൽ പ്രതിരോധ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനും പ്രാണികൾ പരത്തുന്ന അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാ​ഗമായിട്ടാണ് സംരംഭമെന്ന് അധികൃതർ പ്രതികരിച്ചു.

ശൈത്യക്കാലത്ത് സാധാരണയായി കൊതുകുകളുടെ പുനരുൽപാദന നിരക്കിൽ വർദ്ധനവ് കാണുന്നതിനാലും അവയുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലുമാണ് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിക്കുന്നത്. റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക മേഖലകൾ, ജലാശയങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, പൊതു സൗകര്യങ്ങൾ എന്നിവയ്ക്ക് സമീപം ഉൾപ്പെടെ എമിറേറ്റിലുടനീളം തന്ത്രപരമായ കെണികൾ സ്ഥാപിച്ചിട്ടുണ്ട്.

ദുബായിലെ ഇൻ്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് പെസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റത്തിൽ ഈ നൂതന കെണികൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഹരിത കീട നിയന്ത്രണത്തെ പിന്തുണയ്ക്കുന്നു. അവ പ്രാണികളുടെ ജനസംഖ്യയുടെ പ്രവചനാത്മക നിരീക്ഷണം വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള കീട നിയന്ത്രണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മുനിസിപ്പാലിറ്റി അധികൃത‍ർ പറഞ്ഞു.

ശുദ്ധമായ സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന സ്‌മാർട്ട് ട്രാപ്പുകൾ തുടർച്ചയായി പ്രാണികളിന്മേലുള്ള നിരീക്ഷണം നടത്തുകയും ദുബായിലുടനീളമുള്ള കൊതുക് നിർമാർജ്ജന പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു‌. ഇത് പൊതുജനാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി വിശദീകരിച്ചു.

എമിറേറ്റിലുടനീളം കൊതുകുകളുടെ വന്ധ്യംകരണത്തിനും കീടനിയന്ത്രണത്തിനുമുള്ള സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുന്നത് തുടരുകയാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. വീടുകളിലും പരിസരങ്ങളിലും കൊതുകുകളുടെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ താമസക്കാരെ അധികൃതർ ഓർമ്മിപ്പിച്ചു.

സമീപപ്രദേശങ്ങളിൽ കൊതുകുകൾ പെരുകുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി നേരത്തെ ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. വീടുകളിൽ കൊതുകുകൾ പെരുകുന്നത് തടയാൻ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

  • വീടിനു ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക
  • ടാപ്പുകളിൽ നിന്ന് ചെടികൾക്ക് വെള്ളം നനയ്ക്കുന്ന സമയത്ത് വെള്ളം ചോരുന്നത് തടയുക.
  • വാട്ടർ കൂളറിൽ നിന്നുള്ള വെള്ളം കൃത്യസമയങ്ങളിൽ നീക്കം ചെയ്യുക.
  • എയർ കണ്ടീഷണറുകളിൽ നിന്ന് വരുന്ന വെള്ളം അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക
  • വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള കേടായ പാത്രങ്ങളും പഴയ ടയറുകളും നീക്കം ചെയ്യുക.
  • വളർത്തുമൃ​ഗങ്ങൾക്കോ മറ്റും നൽകുന്ന വെള്ളം ദിവസവും മാറ്റിക്കൊടുക്കുക.
  • വിൻഡോ സ്ക്രീനുകൾ സ്ഥാപിക്കുക.
  • വാട്ടർ ടാങ്കുകളും മലിനജലം ഒഴുകിപ്പോകുന്ന ഭാഗങ്ങളും നിർബന്ധമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

Content Highlights: Dubai Municipality installs smart traps to control mosquitoes, other insects

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us