ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ നാലാം ടി20 യിലും തിളങ്ങാതിരുന്ന മലയാളി താരം സഞ്ജു സാംസണിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 'സഞ്ജു സാംസണിനെ എങ്ങനെ പൂട്ടാമെന്ന് ഇംഗ്ലണ്ട് കണ്ടെത്തിക്കഴിഞ്ഞുവെന്നും എന്നാൽ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പോലും സഞ്ജു മനസ്സിലാക്കുന്നില്ലെന്നും ശ്രീകാന്ത് വിമർശിച്ചു.
'വാരിയെല്ലിന് നേരെ വരുന്ന ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ സഞ്ജു ശരിക്കും പതറുകയാണ്. അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അവന് മനസ്സിലാവുന്നില്ല. മൂന്ന്- നാല് തവണ ഒരേ പോലെയാണ് സഞ്ജു പുറത്തായിരിക്കുന്നത്, അത്തരം ഷോർട്ട് ബോളുകളെ പുൾ ഷോട്ടിന് ശ്രമിക്കുന്നത് എന്നതിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല', ശ്രീകാന്ത് പറഞ്ഞു.
'ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് വരുന്ന പന്തുകളെ അനായാസം പറത്തുന്നയാളാണ് സഞ്ജു. എന്നാൽ താരത്തിന്റെ പ്രശ്നം ഇപ്പോൾ വേഗത്തിലും ഉയരത്തിലും വരുന്ന ഷോർട് ബോളാണ്, എന്നാൽ താരം ഒരേ ശൈലിയിലാണ് രണ്ട് ബോളുകളും കളിക്കുന്നതെന്നും' ശ്രീകാന്ത് പറഞ്ഞു.
പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മുട്ടുമടക്കിയാണ് സഞ്ജു പുറത്തായിരുന്നത്. ഷോര്‍ട്ട് ബോളില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് സമ്മാനിച്ചത്. നാലാം ടി20യിലും സഞ്ജു സമാനമായ രീതിയില്‍ തന്നെയാണ് പുറത്തായത്. ബോളര്‍ മാറിയെന്ന വ്യത്യാസം മാത്രമാണ് ഇത്തവണയുണ്ടായത്.
ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ പന്തിലാണെങ്കില്‍ ഇത്തവണ സാക്കിബ് മഹ്‌മൂദിന് മുന്നിലാണെന്നുമാത്രം. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത ഈ പരമ്പരയിലെ നാല് മത്സരങ്ങളിൽ നിന്ന് 37 റൺസാണ് നേടാനായിട്ടുള്ളത്. സഞ്ജുവിനെ സാക്കിബ് മഹ്‌മൂദ് ബ്രൈഡണ്‍ കാര്‍സെയുടെ കൈകളിലെത്തിക്കുകയായിരുന്നു.
അതേ സമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാം ടി20 മത്സരത്തില്‍ ത്രില്ലര്‍ വിജയം നേടിയാണ് സൂര്യകുമാര്‍ യാദവും സംഘവും പരമ്പര ഉറപ്പിച്ചത്. പൂനെയില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. 182 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലീഷ് പടയെ 19.4 ഓവറില്‍ 166 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
Content Highlights: former indian player k srikanth on sanju samson failure on india-england t20 series