യുഎഇയിൽ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കില്ല; സംസ്കാരം ഇന്ന്

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇ അനുമതി നല്‍കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പങ്കെടുക്കാന്‍ ആകില്ലെന്ന് കുടുംബം അറിയിച്ചു

dot image

അബുദാബി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയായ യുപി സ്വദേശിനിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇതോടെയാണ് സംസ്‌കാരം യുഎഇയില്‍ വച്ച് നടത്താന്‍ തീരുമാനമായത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇ അനുമതി നല്‍കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പങ്കെടുക്കാന്‍ ആകില്ലെന്ന് കുടുംബം അറിയിച്ചു.

2021ലായിരുന്നു ഷഹ്‌സാദി അബുദാബിയില്‍ എത്തിയത്. നാട്ടിലുള്ള ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ ഷഹ്സാദിയെ അയാള്‍ ബന്ധുക്കള്‍ കൂടിയായ ആഗ്ര സ്വദേശികളായ ഫൈസ്-നസിയ ദമ്പതികള്‍ക്ക് വിറ്റു. അബുദാബിയിലായിരുന്ന ഇവര്‍ ഷഹ്സാദിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തങ്ങളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനായിരുന്നു ഷഹ്സാദിയെ അവര്‍ അബുദാബിയില്‍ എത്തിച്ചത്. എന്നാല്‍ ഒരു ദിവസം കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടു. കുട്ടി മരിക്കാന്‍ കാരണക്കാരി ഷഹ്സാദിയാണെന്ന് ചൂണ്ടിക്കാട്ടി ഫൈസും നസിയയും പരാതി നല്‍കുകയും തുടര്‍ന്ന് ഷഹ്സാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കൃത്യമായ ചികിത്സ ലഭിക്കാതെയായിരുന്നു കുട്ടി മരിച്ചതെന്നായിരുന്നു ഷഹ്സാദിയുടെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കേസില്‍ ഷഹ്ദാസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അബുദാബി കോടതി അവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.ഫെബ്രുവരി 15നാണ് ഷഹ്‌സാദിയെ തൂക്കിലേറ്റുന്നത്. എന്നാല്‍ ഫെബ്രുവരി 28നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്നത്.

Content Highlights: Mortal Remains of indian woman shahzadi khan who sentenced to death in uae will cremate today

dot image
To advertise here,contact us
dot image