
അബുദാബി: ഈ വര്‍ഷത്തെ ആദ്യത്തെ നീണ്ട അവധിക്കാലമായിരിക്കും ചെറിയ പെരുന്നാളിന് ലഭിക്കുക. യുഎഇയിലെ നിവാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ( ഈദ് അല്‍ ഫിത്ര്‍) ആഘോഷിക്കാന്‍ അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കും. ചന്ദ്രന്‍ എപ്പോള്‍ ദൃശ്യമാകും എന്നതിനെ ആശ്രയിച്ച്, വാരാന്ത്യം ഉള്‍പ്പെടെ ഇടവേള നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കും. ഈദ് തീയതിയുടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം അഞ്ച് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.
ഇസ്ലാം കലണ്ടര്‍ മാസമായ റമദാന് ശേഷം വരുന്ന മാസമാണ് ശവ്വാല്‍. ശവ്വാല്‍ ഒന്നാം തീയതിയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന്‍ 29 അല്ലെങ്കില്‍ 30 ദിവസം വരെ നീണ്ടുനില്‍ക്കും. ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ച് ഇസ്ലാമിക ഹിജ്‌റി മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസം വരെ നീണ്ടുനില്‍ക്കുന്നു.
ചന്ദ്രക്കല ആകാശത്ത് വീക്ഷിക്കുന്നതിനായി യുഎഇ ചന്ദ്രകല സമിതി റമദാന്‍ 29ന് യോഗം ചേരും. കണ്ടെത്തിയാല്‍ റമദാന്‍ 29 ദിവസത്തില്‍ അവസാനിക്കും. യുഎഇയിലെ പെരുന്നാള്‍ അവധി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ്. അവധിയ്ക്ക് മുമ്പുള്ള വാരാന്ത്യ അവധികള്‍ കൂടിക്കൂട്ടിയാല്‍ നാല് ദിവസത്തെ അവധിയാകും.
ഇനി 29ന് ചന്ദ്രനെ കണ്ടില്ലെങ്കില്‍ റമദാന്‍ 30 ദിവസം പൂര്‍ത്തീകരിക്കും. അപ്പോള്‍ ഏപ്രില്‍ ഒന്നിനായിരിക്കും ചെറിയ പെരുന്നാള്‍. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരിക്കും അവധി ലഭിക്കുക. അവധിയ്ക്ക് മുന്‍പുള്ള വാരാന്ത്യവും കൂടിക്കൂട്ടുമ്പോള്‍ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. അതേസമയം ദുബായ് ജ്യോതിശ്‌സത്ര വിഭാഗത്തിന്റെ കണക്കുക്കൂട്ടലുകള്‍ പ്രകാരം റമദാന്‍ 30 ലഭിക്കാന്‍ സാധ്യതയുണ്ട്.
Content Highlights: Eid Al Fitr 2025 holiday in UAE: 5-day break expected as likely dates revealed